വലിച്ചു നീട്ടാവുന്ന ബാറ്ററിയുമായി ഗവേഷകര്‍

Posted on: 27 Feb 2013


-സ്വന്തം ലേഖകന്‍




കൈയില്‍ ചുറ്റുകയും റബ്ബര്‍ പോലെ വലിച്ചു നീട്ടുകയും ചെയ്യാവുന്ന സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ച് സങ്കല്‍പ്പിച്ചു നോക്കൂ, അല്ലെങ്കില്‍ ഹൃദയപേശിയില്‍ പതിച്ചുവെയ്ക്കാവുന്ന കാര്‍ഡിയാക് മോണിറ്റര്‍. ഇതൊക്കെ യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുന്ന തരത്തില്‍, വലിച്ചുനീട്ടാവുന്ന വഴക്കമുള്ള ബാറ്ററി രൂപപ്പെടുത്തുന്നതില്‍ വിജയിച്ചിരിക്കുകയാണ് ഒരു അമേരിക്കന്‍ ഗവേഷകസംഘം.

പ്രവര്‍ത്തനത്തില്‍ അല്‍പ്പവും കോട്ടംതട്ടാതെ മൂന്ന് മടങ്ങ് വലിപ്പത്തില്‍ വരെ വലിച്ചു നീട്ടാന്‍ കഴിയുന്ന ബാറ്ററിയാണ്, നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ യോങ്ഗാങ് ഹുവാങും ഇല്ലിനോയ്‌സ് സര്‍വകലാശാലയിലെ ജോണ്‍ റേജേഴ്‌സും ചേര്‍ന്ന് രൂപപ്പെടുത്തിയിരിക്കുന്നത്. വയര്‍ലെസ് ആയി ഈ ബാറ്ററി റീച്ചാര്‍ജ് ചെയ്യുകയുമാകാം.

പേഴ്‌സണല്‍ ഇലക്ട്രോണിക്‌സിന്റെ മുഖച്ഛായ മാറ്റാന്‍ പോന്ന മുന്നേറ്റമാണിതെന്ന് വിലയിരുത്തപ്പെടുന്നു. റബ്ബര്‍ പോലെ വലിച്ചു നീട്ടാന്‍ സാധിക്കുന്ന ബാറ്ററി രൂപപ്പെടുത്തിയ കാര്യം പുതിയ ലക്കം 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സി'ലാണ് പ്രസിദ്ധീകരിച്ചത്.

'പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ ബാറ്ററിയെ വലിയൊരു അളവോളം -ഏതാണ്ട് 300 ശതമാനം വരെ വലിച്ചു നീട്ടാന്‍ ഞങ്ങള്‍ക്കായി' - ഹുവാങ് പറഞ്ഞു.

ബാറ്ററി സ്റ്റോറേജ് ഘടകങ്ങള്‍ വളച്ചുകൂട്ടിയ വയറുകള്‍കൊണ്ട് ബന്ധിപ്പിച്ച് വലിച്ചുനീട്ടാവുന്ന പോളിമറില്‍ സന്നിവേശിപ്പിച്ച രൂപത്തിലാണ് ബാറ്ററി.

പോളിമര്‍ വലിച്ചു നീട്ടുമ്പോള്‍, ബാറ്ററി ഘടകങ്ങളെ ബന്ധിപ്പിച്ചിട്ടുള്ള വയറുകള്‍ നിവരും. അതിനാല്‍ ബാറ്ററി ഘടകങ്ങള്‍ തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയോ, ബാറ്ററിയുടെ പ്രവര്‍ത്തനം നിലയ്ക്കുകയോ ചെയ്യുന്നില്ല.
ബാറ്ററിയുടെ ആന്തരഘടന


ഇക്കാര്യം വ്യക്തമാക്കാനായി ബാറ്ററി ഉപയോഗിച്ച് ഒരു ലൈറ്റ് എമിറ്റിങ് ഡയോഡ് കത്തിക്കുന്ന വേളയില്‍ തന്നെ, ഗവേഷകര്‍ ബാറ്ററി വലിച്ചുനീട്ടി. ലൈറ്റിന്റെ പ്രവര്‍ത്തനത്തെ അത് ബാധിച്ചില്ല.

മെഡിക്കല്‍ ഉപകരണങ്ങളുടെ കാര്യത്തിലാകും ഇത്തരം ബാറ്ററികള്‍ക്ക് വേഗം ഉപയോഗം കണ്ടെത്താന്‍ കഴിയുകയെന്ന് ഗവേഷകര്‍ പറയുന്നു. ശരീരത്തില്‍ ധരിക്കാവുന്ന സോളാര്‍ പാനലുകള്‍, ഇലക്ട്രിക് -നേത്ര ക്യാമറകള്‍, ചുരുട്ടിവെയ്ക്കാവുന്ന ഡിസ്‌പ്ലെകള്‍ എന്നിങ്ങനെ ഒട്ടേറെ സാധ്യതകള്‍ ഇത്തരം ബാറ്ററികള്‍ക്കുണ്ട്.

TAGS:


Stories in this Section