|
|
സ്ട്രാന്‍ഡ് -1 ഭ്രമണപഥത്തില്‍ - ചിത്രകാരന്റെ ഭാവന |
ആദ്യമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. തിങ്കളാഴ്ച ഇന്ത്യ വിക്ഷേപിച്ച പി.എസ്.എല്‍.വി.സി 20 റോക്കറ്റാണ്, ആദ്യ 'സ്മാര്‍ട്ട്‌ഫോണ്‍ സാറ്റ്' ആയ സ്ട്രാന്‍ഡ് -1 ബഹിരാകാശത്തെത്തിച്ചത്.
പി.എസ്.എല്‍.വി.സി 20 ല്‍ വിക്ഷേപിച്ച ഏഴ് കൃത്രിമോപഗ്രഹങ്ങളില്‍ ഒന്നാണ് ബ്രിട്ടന്റെ സ്ട്രാന്‍ഡ് -1 (STRaND-1). സറേ സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച സ്ട്രാന്‍ഡ് -1 ആദ്യ ബ്രിട്ടീഷ്
ക്യൂബ്സാറ്റാണ്.
ഒരു ഗൂഗിള്‍ നെക്‌സസ് വണ്‍ (Google Nexus One) ആന്‍ഡ്രോയ്ഡ് ഫോണാണ് സ്ട്രാന്‍ഡ് -1 ന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. ലിനക്‌സ് അധിഷ്ഠിത അതിവേഗ പ്രൊസസര്‍ കരുത്തു പകരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണത്.
|
|
പി.എസ്.എല്‍.വി.സി 20 വിക്ഷേപിച്ചപ്പോള്‍ |
ഭ്രമണപഥത്തില്‍ ആറുമാസം സഞ്ചരിച്ച് വിവിധ പരീക്ഷണങ്ങള്‍ നടത്താന്‍ സ്ട്രാന്‍ഡ് - 1 നാകും. അതിനുവേണ്ട ആപ്ലിക്കേഷനുകളും ഫോണിലുണ്ട്. ഫോണിലുള്ള
'ഐടെസ' (iTesa) എന്ന ആപ്ലിക്കേഷന്, ഭ്രമണപഥത്തില്‍ സഞ്ചരിക്കുമ്പോള്‍ ഫോണിന് ചുറ്റുമുണ്ടാകുന്ന കാന്തികമണ്ഡലത്തിന്റെ ശക്തി രേഖപ്പെടുത്താനാകും.
'360 ആപ്' (360 app) എന്ന ആപ്ലിക്കേഷനുപയോഗിച്ച്, ഫോണിലെ അഞ്ച് മെഗാപിക്‌സല്‍ ക്യാമറ വഴി ചിത്രങ്ങളെടുക്കാം. ഉപഗ്രഹത്തിന്റെ സ്ഥാനം നിലനിര്‍ത്താനുള്ള മാര്‍ഗമായി ഇത് ഉപയോഗിക്കപ്പെടുന്നു. ഈ ആപ് ഉപയോഗിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെടും.
ബഹിരാകാശത്ത് രണ്ടുഘട്ടങ്ങളായാണ് സ്ട്രാന്‍ഡ് -1 പ്രവര്‍ത്തിക്കുക. അതിലെ ലിനക്‌സ് അധിഷ്ഠിത ക്യൂബ്‌സാറ്റ് കമ്പ്യൂട്ടറാകും ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. രണ്ടാംഘട്ടത്തില്‍ സാറ്റ്‌ലൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഏറ്റെടുക്കും. ബഹിരാകാശ പരിസ്ഥിതിയില്‍ ഒരു സ്മാര്‍ട്ട്‌ഫോണിന്റെ ഭാഗങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ ഇത് സഹായകമാകും.
രണ്ട് പുതിയ പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍ സ്ട്രാന്‍ഡ് -1 പരീക്ഷണ വിധേയമാക്കും. ജലവും ആല്‍ക്കഹോളും ചേര്‍ന്ന മിശ്രിതം പിന്നിലേക്ക് ശക്തമായി ചീറ്റിത്തെറിപ്പിച്ച് ഉപഗ്രഹത്തിന് മുന്നോട്ട് നീങ്ങാന്‍ കഴിയുമോ എന്നറിയാനുള്ള 'വ്രാപ്പ് ഡ്രൈവ്' (Warp Driveþ Water Alcohol Resisto-jet Propulsion De-orbit Re-entry Velocity Experiment) ആണ് ഒരെണ്ണം.
|
|
സ്ട്രാന്‍ഡ് -1 തയ്യാറാക്കുന്ന ഘട്ടത്തില്‍ |
ഇലക്ട്രിക് പ്രവാഹം ഉപയോഗിച്ച് ഒരു വസ്തുവിനെ ചൂടാക്കി ബാഷ്പീകരിക്കുമ്പോള്‍ ചാര്‍ജുള്ള വാതകമുണ്ടാവുകയും, ആ വാതകം ഒരു കാന്തികമണ്ഡലത്തിലൂടെ കടത്തിവിട്ട് ഉപഗ്രഹത്തെ മറുവശത്തേക്ക് നീക്കാന്‍ കഴിയുമോ എന്നറിയാനുള്ള 'പള്‍സ്ഡ് പ്ലാസ്മ ട്രസ്റ്റേഴ്‌സ്' (pulsed plasma thrusters) പരീക്ഷണമാണ് രണ്ടാമത്തേത്.
ഏല്ലാറ്റിനുമുപരി ഒരു 'സ്മാര്‍ട്ട്‌ഫോണ്‍ സാറ്റി'ന് ആറുമാസം ഭൂമിയുടെ ഭ്രമണപഥത്തില്‍ നില്‍ക്കാനാകുമോ എന്നറിയുകയും പ്രധാനമാണ്.
സറേ സര്‍വകലാശാലയിലെ സ്‌പേസ് സെന്റര്‍, സറേ സാറ്റ്‌ലൈറ്റ് ടെക്‌നോളജി എന്നിവ ചേര്‍ന്നാണ് സ്ട്രാന്‍ഡ്-1 വികസിപ്പിച്ചത്. 4.3 കിലോഗ്രാം ഭാരമുള്ള അതിന് 10 സെന്റീമീറ്റര്‍ വിതിയും 30 സെന്റീമീറ്റര്‍ നീളവുമുണ്ട്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് തിങ്കളാഴ്ച വൈകിട്ട് 6.01 നാണ് സ്ട്രാന്‍ഡ്-1 ഉള്‍പ്പടെയുള്ള ഉപഗ്രഹങ്ങളും കൊണ്ട്
പി.എസ്.എല്‍.വി.സി 20 വിക്ഷേപിച്ചത്.