സ്റ്റോണ്‍ഹെന്‍ജ് ശ്മശാനഭൂമി ആയിരുന്നെന്ന് പുതിയ പഠനം

Posted on: 10 Mar 2013




ഇംഗ്ലണ്ടിലെ പ്രസിദ്ധ ശിലായുഗ സ്മാരകമായ സ്റ്റോണ്‍ഹെന്‍ജിന്റെ ഉത്ഭവചരിത്രത്തെക്കുറിച്ച് നിലവിലുള്ള ധാരണകള്‍ തിരുത്താന്‍ സമയമായെന്ന് പുതിയൊരു ഗവേഷണം പറയുന്നു. കരുതപ്പെടുംപോലെ സ്‌റ്റോണ്‍ഹെന്‍ജ് ഒരു പ്രാചീന ജ്യോതിശാസ്ത്ര ഘടികാരമോ നിരീക്ഷണാലയമോ അല്ല. അതൊരു പ്രാചീന ശ്മശാനമായി തുടങ്ങുകയും പിന്നീട് വലിയൊരു ഉത്സവമേളയുടെ വേദിയാവുകയും ചെയ്തുവെന്ന് പുതിയ പഠനം പറയുന്നു.

യുണെസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിലൊന്നായ സ്റ്റോണ്‍ഹെന്‍ജ്, തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ സാലിസ്ബറി താഴ്‌വരയിലാണ് സ്ഥിതിചെയ്യുന്നത്. വര്‍ഷംതോറും ലക്ഷക്കണക്കിന് പേര്‍ സന്ദര്‍ശിക്കുന്ന ഈ പ്രാചീന സ്മാരകത്തെക്കുറിച്ച് പത്തുവര്‍ഷത്തോളം നടത്തിയ ഗവേഷണത്തിനൊടുവിലാണ്, പുതിയ നിഗമനത്തില്‍ ഗവേഷകരെത്തിയത്.

ലണ്ടന്‍ യുണിവേഴ്‌സിറ്റി കോളേജിലെ പുരാവസ്തു വിദഗ്ധന്‍ പ്രൊഫ.മൈക്ക് പാര്‍ക്കര്‍ പിയേഴ്‌സന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഉത്ഖനനങ്ങള്‍ വഴി ലഭിച്ച 63 സെറ്റ് മനുഷ്യാവശിഷ്ടങ്ങള്‍ ലാബ് പരിശോധനകള്‍ക്കും വിശകലനത്തിനുമൊക്കെ വിധേയമാക്കി. അപ്പോഴാണ്, സ്‌റ്റോണ്‍ഹെന്‍ജിനെക്കുറിച്ച് നിലവിലുള്ള ധാരണകള്‍ ശരിയല്ലെന്ന് വ്യക്തമായത്.

'സ്‌റ്റോണ്‍ഹെന്‍ജിനെക്കുറിച്ചുള്ള അംഗീകൃത കഥകള്‍ മാറ്റിയെഴുതാന്‍ പ്രേരിപ്പിക്കുന്നതാണ് ഞങ്ങളുടെ കണ്ടെത്തലുകള്‍'' - പാര്‍ക്കര്‍ പിയേഴ്‌സണ്‍ പറഞ്ഞു.

3000 ബിസിയില്‍ ഒരു ശ്മശാനമായിരുന്നു സ്‌റ്റോണ്‍ഹെന്‍ജ് പ്രദേശം എന്നാണ് ഗവേഷകര്‍ കണ്ടത്. പ്രധാനപ്പെട്ട കുടുംബങ്ങളില്‍ പെട്ടവരെയാണ് അവിടെ അടക്കം ചെയ്തിരുന്നതെന്നും ഗവേഷകര്‍ കരുതുന്നു.

മാത്രമല്ല, മൃഗങ്ങളുടെ 80,000 അസ്ഥികളും അവിടുത്തെ ഉത്ഖനനത്തില്‍ ലഭിച്ചു. ഏതാണ്ട് 2500 ബി.സിയോടെ സ്‌റ്റോണ്‍ഹെന്‍ജ് മേഖല വലിയൊരു ഉത്സവമേളയ്ക്ക് വേദിയായെന്നതിന് അത് തെളിവായി. അന്നത്തെ ബ്രിട്ടീഷ് ജനസംഖ്യയില്‍ പത്തിലൊന്ന് എങ്കിലും ആ മേളകളില്‍ പങ്കെടുത്തിരുന്നതായും ഗവേഷകര്‍ പറയുന്നു.

'ബ്രിട്ടന്റെ എല്ലാ കോണുകളില്‍നിന്നും, എന്തിന് അങ്ങകലെ സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുപോലും, വളര്‍ത്തുമൃഗങ്ങളുമായി ആളുകള്‍ ഇവിടെ വന്നിരുന്നു'-പാര്‍ക്കര്‍ പിയേഴ്‌സണ്‍ പറഞ്ഞു. പ്രാക്ചരിത്ര കാലത്ത് ബ്രിട്ടനിലെ ജനത ഐക്യത്തോടെ കഴിഞ്ഞിരുന്നു എന്നാണ് ഇതില്‍ നിന്നെത്താവുന്ന നിഗമനം-അദ്ദേഹം ചൂണ്ടിക്കാട്ടി.
TAGS:
stonehenge  |  archaeology  |  science  |  ancient stone circle  |  graveyard 


Stories in this Section