അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിനെ ആഷ്റ്റണ്‍ കുച്ചെര്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സ്റ്റീവിന്റെ ജീവിതം ആധാരമാക്കി ജോഷ്വാ മൈക്കല്‍ സ്‌റ്റേണ്‍ സംവിധാനം ചെയ്യുന്ന 'ജോബ്‌സ്' എന്ന ചിത്രത്തിലാണ് കുച്ചെര്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുക.
1960 കളില്‍ ഹിപ്പി പ്രസ്ഥാനത്തിന്റെ ഭാഗമാകുകയും, പിന്നീട് ആപ്പിളിന്റെ സഹസ്ഥാപകനാവുകയും, ആപ്പിളില്‍നിന്ന് പുറത്തായ ശേഷം വീണ്ടും അവിടെയെത്തുകയും, ലോകംകണ്ട ഏറ്റവും മികച്ച സി.ഇ.ഒ.മാരിലൊരാളാവുകയും ചെയ്ത
സ്റ്റീവിന്റെ ജീവിതമാണ് 'ജോബ്‌സി'ന്റെ പ്രമേയമെന്ന്
'വെറൈറ്റി' റിപ്പോര്‍ട്ട് ചെയ്തു. മാറ്റ് വൈറ്റ്‌ലിയുടേതാണ് തിരക്കഥ.
ഫൈവ് സ്റ്റാര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ മാര്‍ക്ക് ഹ്യുല്‍മിയാകും നിര്‍മാതാവ്. ചിത്രത്തിന്റെ നിര്‍മാണം മെയ് മാസത്തില്‍ തുടങ്ങുമെന്നും, അതിനായി താന്‍ അഭിനയിക്കുന്ന 'ടു ആന്‍ഡ് എ ഹാഫ് മാന്‍' എന്ന ഹിറ്റ് ടിവി സീരിയലില്‍നിന്ന് കുച്ചെര്‍ അവധിയെടുത്തതായും റിപ്പോര്‍ട്ട് പറയുന്നു.
ഏപ്രില്‍ ഒന്നിനാണ് ജെഫ് സ്‌നീഡര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് 'വെറൈറ്റി'യില്‍ പ്രസിദ്ധീകരിച്ചത്. അതൊരു വിഡ്ഢിദിന തമാശയല്ലെന്ന്
തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ സ്‌നീഡര്‍ ആണയിട്ടു പറയുന്നു.
സ്റ്റീവ് ജോബ്‌സിന്റെ ജീവിതം പ്രമേയമാക്കി മറ്റൊരു സിനിമയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്ന സമയത്താണ്, പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത എത്തിയിരിക്കുന്നത്. വാള്‍ട്ടര്‍ ഇസാക്‌സണ്‍ രചിച്ച സ്റ്റീവിന്റെ ജീവചരിത്രം ആധാരമാക്കി സോണി പിക്‌ച്ചേഴ്‌സ് സിനിമ നിര്‍മിക്കുന്ന കാര്യം
'ഡെഡ്‌ലൈന്‍.കോം' ആണ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തത്. (
ചിത്രം കടപ്പാട് : റോബര്‍ട്ട് സ്‌കോബിള്‍)