ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെ തകര്‍ക്കുമെന്ന്, അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ശപഥമെടുത്തിരുന്നതായി വെളിപ്പെടുത്തല്‍. സ്റ്റീവിന്റെ പുതിയ ജീവചരിത്രത്തിലാണ് ഈ വിവരമുള്ളതെന്ന് അസോസിയേറ്റ് പ്രസ്സ് (എ.പി) റിപ്പോര്‍ട്ട് ചെയ്യുന്നു.
ജീവചരിത്ര രചയിതാവായ വാള്‍ട്ടര്‍ ഐസക്‌സണോട് ആണ് സ്റ്റീവ് ഇക്കാര്യം പറഞ്ഞത്. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവുമായുള്ള ആന്‍ഡ്രോയിഡിന്റെ സാമ്യം 'വന്‍ കവര്‍ച്ച' എന്നാണത്രേ സ്റ്റീവ് വിശേഷിപ്പിച്ചത്. ആപ്പിളിന്റെ മുഴുവന്‍ പണവും ഉപയോഗിച്ചാണെങ്കിലും ആന്‍ഡ്രോയിഡിനെ തകര്‍ക്കാന്‍ താനാഗ്രഹിക്കുന്നതായി സ്റ്റീവ് പറഞ്ഞു.
ആന്‍ഡ്രോയിഡ് ഒഎസ് രംഗത്തെത്തുന്നതുവരെ ഗൂഗിളും ആപ്പിളും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് നിലനിന്നത്. അന്നത്തെ ഗൂഗിള്‍ മേധാവി എറിക് ഷിമിഡ്ത് 2006 മുതല്‍ 2009 വരെ ആപ്പിളിന്റെ ബോര്‍ഡില്‍ അംഗമായിരുന്നു. ആന്‍ഡ്രോയിഡ് രംഗത്തെത്തിയതിന് ശേഷം സ്റ്റീവും എറികും തമ്മില്‍ അകന്നു.
'ആന്‍ഡ്രോയിഡിനെ തകര്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു. കാരണം അത് മോഷ്ടിച്ചുണ്ടാക്കിയ ഉത്പന്നമാണ്. അതിനെതിരെ ഞാനൊരു തെര്‍മോന്യൂക്ലിയര്‍ യുദ്ധത്തിന് പോലും ഒരുക്കമാണ്'-ഐസക്‌സണോട് സ്റ്റീവ് പറഞ്ഞു. ആവശ്യമെങ്കില്‍ തന്റെ അവസാനശ്വാസം വരെയും അതിനായി ചെലവിടുമെന്ന് സ്റ്റീവ് പറഞ്ഞു. 'ആപ്പിളിന് ബാങ്കിലുള്ള 40 ബില്യണ്‍ ഡോളറിലെ അവസാന ചില്ലിയും ഞാന്‍ ചെലവിടും'-സ്റ്റീവ് പറഞ്ഞു.
ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിച്ച് പത്തുമാസം കഴിഞ്ഞ് 2007 നവംബറിലാണ് ഗൂഗിള്‍ അതിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് പുറത്തിറക്കുന്നത്. അതെ തുടര്‍ന്ന് ഗൂഗിളും ആപ്പിളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. ഗൂഗിളിന്റെ ചില പ്രോഗ്രാമുകളെ ആപ്പിള്‍ അതിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് തിരസ്‌ക്കരിച്ചു.
പക്ഷേ, ആപ്പിളിന്റെ എതിര്‍പ്പിനിടയിലും ആന്‍ഡ്രോയിഡ് വളര്‍ന്നു. സാംസങും മോട്ടറോളയും സോണിയും ഉള്‍പ്പടെ ഒട്ടേറെ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഫോണുകളിറക്കാന്‍ തുടങ്ങി. നിലവില്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് 48 ശതമാനമാണ് ആന്‍ഡ്രോയിഡിന്റെ വിഹിതം. ഐഫോണിന്റേത് 19 ശതമാനവും.
ഈ വളര്‍ച്ചയ്ക്കിടയിലും ആന്‍ഡ്രോയിഡിനെതിരെയുള്ള ആപ്പിളിന്റെ പരോക്ഷയുദ്ധം തുടര്‍ന്നു. ആന്‍ഡ്രോയിഡിനെ നേരിട്ട് ആക്രമിക്കാതെ, ആ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഹാര്‍ഡ്‌വേര്‍ നിര്‍മാതാക്കളെയാണ് സ്റ്റീവ് ഉന്നംവെച്ചത്. മോട്ടറോളയായിരുന്നു ആദ്യ ലക്ഷ്യം. പിന്നീട് സാംസങായി സ്റ്റീവിന്റെ രോഷത്തിന്റെ ഇര. ഒട്ടേറെ രാജ്യങ്ങളില്‍ സാംസങിന്റെ ഗാലക്‌സി ടാബ് 10.1 ന്റെ വില്‍പ്പന തടയാന്‍ ആപ്പിളിനായി.