പഴമയ്‌ക്കെന്നും പുതുമയുണ്ട്, എന്നും ആരാധകരുമുണ്ട്. ഏത് രംഗത്തും സ്ഥിതി വ്യത്യമല്ല. പഴയ ശൈലികള്‍ എല്ലായിടത്തും പുനര്‍ജനിച്ചുകൊണ്ടിരിക്കുമ്പോള്‍, കമ്പ്യൂട്ടറുകള്‍ മാത്രം അതില്‍ നിന്ന് വിട്ടു നിന്നിട്ട് കാര്യമില്ലല്ലോ. പഴമയുടെ ആരാധകരെ തൃപ്തിപ്പെടുത്താനായി വിക്ടോറിയന്‍ ഭരണകാലഘട്ടത്തെ നിര്‍മ്മാണരീതിയില്‍ രൂപംനല്‍കിയ പ്രൗഢിയാര്‍ന്ന ഒരു ലാപ്‌ടോപ്പ് വില്‍പ്പനക്ക് ഒരുങ്ങുകയാണ്.
റിച്ചാര്‍ഡ് നാഗിയെന്ന ഡിസൈനര്‍ വിക്ടോറിയന്‍ ശൈലി അനുകരിച്ച് ഒരു ലാപ്‌ടോപ്പ് രൂപകല്‍പ്പന ചെയ്യുന്നത് 1997 ലാണ്. ആവി എന്‍ജിന്‍ കാലഘട്ടത്തെ സൂചിപ്പിക്കാന്‍ അതിന് 'സ്റ്റീംപങ്ക് ലാപ്‌ടോപ്പ്' എന്ന് പേരും നല്‍കി. 1899 ല്‍ കമ്പ്യൂട്ടിങ് നടത്തുന്നത് പോലൊരു പ്രതീതിയാണ് ഈ ലാപ്‌ടോപ്പ് സൃഷ്ടിക്കുന്നത്.
സ്റ്റീംപങ്ക് ലാപ്‌ടോപ്പിന് ആവശ്യക്കാര്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ അത് വിപണനം ചെയ്യാനുള്ള തയ്യാറെടുപ്പ് നാഗി കൈക്കൊണ്ടിരുന്നില്ല. ആരാധകരുടെ തുടര്‍ച്ചയായി ആവശ്യം മുന്‍നിര്‍ത്തി ഇപ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഈ ലാപ്‌ടോപ്പ് നിര്‍മിക്കാന്‍ നാഗി തയ്യാറായിക്കഴിഞ്ഞു. മുന്‍കൂട്ടിയുള്ള
ബുക്കിങ് അദ്ദേഹം തന്റെ വെബ്‌സൈറ്റിലൂടെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വിന്‍ഡോസ് എക്‌സ്പിയില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പാണ് ആദ്യം നിര്‍മിച്ചതെങ്കിലും, ഇപ്പോള്‍ അത് തികച്ചും ആധുനിക സജ്ജീകരണമുള്ളതായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് നാഗി വിശദീകരിക്കുന്നു.
യുഎസ്ബി ഡ്രൈവ്, ഏറ്റവും പുതിയ സോഫ്ട്‌വേറുകള്‍, പുത്തന്‍ ഗെയിമുകള്‍ എന്നിവക്ക് അനുയോജ്യമായ പുതിയ മോഡലിന്റെ ഭാരവും മുമ്പത്തേതിനെക്കാള്‍ കുറവായിരിക്കുമെന്ന് നാഗി വെബ്‌സൈറ്റിലൂടെ ഉറപ്പ ്‌നല്‍കുന്നു. എങ്കിലും ലാപ്‌ടോപ്പിന്റെ പ്രൊസസ്സര്‍, മെമ്മറി തുടങ്ങിയ സംഗതികളെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടില്ല.
രൂപഭംഗിയില്‍ മാത്രമല്ല വിലയുടെ കാര്യത്തിലും ഇവന്‍ കേമന്‍ തന്നെയാണ്. ആദ്യബാച്ചില്‍പെട്ട ലാപ്പ്‌ടോപ്പ് ഒന്നിന് ഇപ്പോള്‍ ബുക്ക് ചെയ്താല്‍ 5500 ഡോളര്‍ (ഏകദേശം രണ്ടര ലക്ഷം രൂപ) ആണ് വില. അടുത്ത ബാച്ചിന്റെ വില 7500 ഡോളറാവുമെന്നും നാഗി മുന്‍കൂട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു.
ലാപ്‌ടോപ്പ് മാത്രമല്ല വിക്ടോറിയന്‍ ശൈലിയില്‍ പിച്ചളയിലും തടിയിലും തീര്‍ത്ത മനോഹരവും ആധുനികവുമായ കീബോര്‍ഡ്.
ഗോതിക് പിസി ('The Archbishop' Gothic PC) എന്നപേരിലുള്ള മനോഹര കമ്പ്യൂട്ടര്‍ തുടങ്ങിയവയെല്ലാം റിച്ചാര്‍ഡിന്റെ നിര്‍മ്മാണശേഖരത്തിലുണ്ട്. ഇവയെല്ലാം നേരത്തേതന്നെ വില്‍പ്പനക്കായി ലഭ്യമായിട്ടുള്ളവയാണ്.