
ലണ്ടന്‍: ഇന്ത്യന്‍ ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജന്‍ മരണക്കിടക്കയില്‍ രൂപംകൊടുത്ത നിഗൂഢ സിദ്ധാന്തങ്ങള്‍ ശരിയെന്നു തൊണ്ണൂറിലേറെ വര്‍ഷങ്ങള്‍ക്കുശേഷം തെളിഞ്ഞു. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഈ സിദ്ധാന്തങ്ങള്‍ വളരെയധികം പ്രയോജനപ്പെടുമെന്നും അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയതായി ബ്രിട്ടീഷ് പത്രം 'ഡെയ്‌ലി മെയില്‍' റിപ്പോര്‍ട്ട് ചെയ്തു.
1920-ല്‍ മരണക്കിടക്കയില്‍നിന്ന് തന്റെ ഗുരുവും ബ്രിട്ടീഷ് ഗണിതജ്ഞനുമായ ജി.എച്ച്. ഹാര്‍ഡിക്ക് അയച്ച കത്തില്‍ രാമാനുജന്‍ ചില പുതിയ സമവാക്യങ്ങള്‍ അവതരിപ്പിച്ചിരുന്നു. അന്നേവരെ കേട്ടുകേള്‍വിയില്ലാത്ത ഈ ഗണിത സമവാക്യങ്ങള്‍ തനിക്ക് സ്വപ്നദര്‍ശനമായി ലഭിച്ചതാണെന്നും രാമാനുജന്‍ കത്തില്‍ പറഞ്ഞു.
ഇക്കാലമത്രയും നിഗൂഢമായിത്തുടര്‍ന്ന സമവാക്യങ്ങളുടെ താക്കോല്‍പ്പൂട്ട് തുറന്നതായി യു.എസ്സിലെ എമറി സര്‍വകലാശാലയിലെ ഗവേഷകന്‍ കെന്‍ ഓനോയെ ഉദ്ധരിച്ച് 'ഡെയ്‌ലി മെയില്‍' റിപ്പോര്‍ട്ട് ചെയ്തു. രാമാനുജന്റെ കാലത്ത് ഇല്ലായിരുന്ന, ആധുനിക ഗണിതസങ്കേതങ്ങളുപയോഗിച്ചാണ് ഓനോയും സഹപ്രവര്‍ത്തകരും ഇതുസാധിച്ചെടുത്തത്.
''രാമാനുജന്‍ മുന്നോട്ടുവെച്ച സിദ്ധാന്തങ്ങള്‍ അങ്ങേയറ്റം ശരിയായിരുന്നെന്നാണു ഞങ്ങള്‍ തെളിയിച്ചത്. അവ ഇക്കാലത്തും അതീവപ്രസക്തവും ഉപയോഗപ്രദവുമാണെന്ന കണ്ടെത്തല്‍ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു''- ഓനോ പറഞ്ഞു.
തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകളിലേക്ക് ശാസ്ത്രലോകത്തെ നയിക്കാന്‍ ഈ സിദ്ധാന്തങ്ങള്‍ക്കു കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമാനുജന്‍ ഈ സമവാക്യങ്ങള്‍ രൂപപ്പെടുത്തിയ കാലത്ത് തമോഗര്‍ത്തങ്ങളെപ്പറ്റി ആര്‍ക്കും കേട്ടുകേള്‍വി പോലുമുണ്ടായിരുന്നില്ലെന്നും ഓനോ ചൂണ്ടിക്കാട്ടി.
ഔപചാരിക വിദ്യാഭ്യാസത്തിന്റെ പിന്‍ബലമില്ലാതെ വിശ്വപ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായിത്തീര്‍ന്ന ശ്രീനിവാസ രാമാനുജന്‍ തമിഴ്‌നാട്ടിലെ കുംഭകോണം സ്വദേശിയായിരുന്നു. 1920 ഏപ്രില്‍ 26നു 32-ാമത്തെ വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു.