കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ ക്യാമറകള്‍ നിര്‍മിച്ചത് കൊഡാക്കും നിക്കോണുമൊന്നുമല്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ക്യാമറ വിപണിയിലെ ഈ തലതൊട്ടപ്പന്‍മാരെ കടത്തിവെട്ടിയ പുതിയ കമ്പനിയേതെന്ന് അന്വേഷിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. 'നോക്കിയ' ആണത്രേ ഇന്ത്യന്‍ ക്യാമറ വിപണിയിലെ താരം. നോക്കിയ എപ്പോഴാണ് ക്യാമറകള്‍ ഇറക്കിയതെന്ന് അത്ഭുതം കൂറാന്‍ വരട്ടെ. ക്യാമറ വാങ്ങണമെന്ന് ആലോചിച്ച ഭൂരിഭാഗം പേരും നോക്കിയയുടെ മികച്ച മോഡല്‍ ഫോണ്‍ സ്വന്തമാക്കുകയാണ് ചെയ്തത്. അപ്പോള്‍ ക്യാമറയുമായി, മൊബൈലുമായി. ഒരു വെടിക്ക് രണ്ടു പക്ഷി. ഒരു സാങ്കേതികവിദ്യ മറ്റൊന്നിനെ വിഴുങ്ങുന്നതിന്റെ മികച്ച ഉദാഹരണമായി ഇതിനെ കാണാം.

മൊബൈല്‍ വില്‍പനയില്‍ ക്യാമറയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ് സ്‌പൈസ് ടെലികോം (Spice Telecom) പുതിയ മോഡല്‍ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. എസ്-1200 (S-1200) എന്നുപേരിട്ടിരിക്കുന്ന ഈ മൊബൈല്‍ഫോണിന്റെ പ്രത്യേകത അതിലെ ക്യാമറ തന്നെ. ഒന്നും രണ്ടുമല്ല 12.2 മെഗാപിക്‌സല്‍ ക്യാമറയാണ് എസ്-1200 ല്‍ വിളക്കിച്ചേര്‍ത്തിരിക്കുന്നത്. പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഉപയോഗിക്കുന്ന ക്യാമറകളൂടെ അതേ മികവില്‍ നിങ്ങള്‍ക്കീ ഫോണുപയോഗിച്ച് ചിത്രമെടുക്കാമെന്നര്‍ഥം. നോക്കിയ പോലും ഇതുവരെ 12.2 മെഗാപിക്‌സല്‍ ഫോണ്‍ ഇറക്കിയിട്ടില്ല എന്നറിയുമ്പോഴാണ് സ്‌പൈസ് ടെലികോമിന്റെ നീക്കത്തിന്റെ പ്രസക്തി മനസിലാകുക. 2009 ല്‍ സാംസങാണ് ലോകത്തെ ആദ്യ 12.2 മെഗാപിക്‌സല്‍ ക്യാമറഫോണ്‍ അവതരിപ്പിച്ചത്.
പ്രകാശത്തിന്റെ തീവ്രത അളന്ന് ഫോട്ടോയുടെ വര്‍ണാനുപാതം മാറുന്ന സി.സി.ഡി. സെന്‍സര്‍, ത്രി-എക്‌സ് ഒപ്ടിക്കല്‍ സൂം, നയണ്‍-എക്‌സ് ഡിജിറ്റല്‍ സും, ഫ്ലഷ്, ആന്റി ഷേക്ക് മോഡ്, 24 പ്രിസെറ്റ് കാപ്ച്ചര്‍ മോഡ് തുടങ്ങി ആധുനിക ക്യാമറകളിലെ എല്ലാവിധ സംവിധാനങ്ങളും എസ്-1200 ലുണ്ട്. ''സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാനുള്ള മികച്ച മാധ്യമമായി ഫോട്ടോഗ്രാഫി വളര്‍ന്നുകഴിഞ്ഞു. ഫോണില്‍ തന്നെ മികച്ച ക്യാമറയും ഉണ്ടായാല്‍ രണ്ട് ഉപകരണങ്ങള്‍ കൊണ്ടുനടക്കുന്ന അസൗകര്യം ഒഴിവാക്കാനാകും. ആ ചിന്തയില്‍ നിന്നാണ് എസ്-1200 എന്ന മോഡലിന്റെ പിറവി.''- പുതിയ ഫോണിന്റെ പ്രകാശനച്ചടങ്ങില്‍ സ്‌പൈസ് ടെലികോം സി.ഇ.ഒ. കുനാല്‍ അഹൂജ പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ ഈ മോഡല്‍ ഹരമാക്കാന്‍ സോനം കപൂര്‍ എന്ന യുവനടിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ക്യാമറ മാത്രമല്ല ബഌടൂത്ത് കണക്ടിവിറ്റി, ജാവ ഗെയിംസ്, എഫ്.എം.റേഡിയോ, എഫ്.എം. റെക്കോഡിങ് തുടങ്ങിയ സൗകര്യങ്ങളും ഫോണിലുണ്ട്. എം.പി-ത്രീ പ്ലെയറുകളിലേതുപോെലയുള്ള
ഓഡിയോവീഡിയോ ഔട്ട്പുട്ട് സംവിധാനം ഈ ഫോണിന്റെ മാത്രം പ്രത്യേകതയാണ്. എ.വി. േകാഡുപയോഗിച്ച് ടി.വി.യിലേക്ക് കണക്ട് ചെയ്ത് ചിത്രങ്ങളും വീഡിയോകളും കാണാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 70 എം.ബി. ഇന്റേണല്‍ മെമ്മറിയും 32 ജി.ബി. എക്‌സ്‌റ്റേണല്‍ മെമ്മറിയുമാണ് ഈ എസ്-1200 നുള്ളത്. 14,500 രൂപയാണ് വില.
ഇന്ത്യയില്‍ പ്രതിവര്‍ഷം അമ്പതുലക്ഷം മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റഴിക്കുന്ന സ്‌പൈസ് ടെലികോം ബിസിനസ് മെച്ചപ്പെടുത്താന്‍ ഈ ഫോണ്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്.