അന്ധര്‍ക്ക് പുസ്തകം വായിച്ചുകൊടുക്കും; നൈനയുടെ കണ്ണട

Posted on: 19 Jun 2013



ഇന്ന് വായന ദിനം
തോപ്പുംപടി: കാഴ്ചയില്ലാത്തവര്‍ക്കും ഇനി പുസ്തകം വായിച്ച് കൊടുക്കുന്ന ഒരു കണ്ണട. 'നൈന ഗ്ലാസ്' എന്ന പേരില്‍ മട്ടാഞ്ചേരി സ്വദേശി റിസ്വന്‍ അസീസ് നൈന രൂപം കൊടുത്ത കണ്ണട കാഴ്ചയില്ലാത്തവര്‍ക്ക് അനുഗ്രഹമാകും. അന്ധര്‍ക്ക് വായന ഒരു അനുഭവമായി മാറ്റുന്ന വിധത്തിലാണ് ഈ കണ്ണട രൂപപ്പെടുത്തിയിട്ടുള്ളത്.

ക്യാമറ ഘടിപ്പിച്ച ഒരു കണ്ണടയും ഒരു മൊബൈല്‍ഫോണും കോര്‍ത്തിണക്കി, കാഴ്ചയില്ലാത്തവരെ വായനയുടെ ലോകത്തേക്ക് നയിക്കാനാണ് റിസ്വന്റെ ശ്രമം. കറുത്ത കണ്ണടയുടെ ഒരുവശത്ത് മുകളിലായി ഒന്നര സെന്റിമീറ്റര്‍ വലിപ്പമുള്ള ഒരു ഐപി ക്യാമറയും സെന്‍സറും ഘടിപ്പിക്കും. ഈ കണ്ണടയില്‍ നിന്നുള്ള സന്ദേശങ്ങള്‍, മൊബൈല്‍ ഫോണിലേക്ക് പ്രവഹിക്കും. കണ്ണട വെച്ചുനോക്കുന്ന പുസ്തകത്താളിലെ വിവരങ്ങള്‍ അപ്പോള്‍ തന്നെ മൊബൈല്‍ ഫോണിലെത്തും. കണ്ണട വെച്ചയാള്‍ ഫോണ്‍ ഓണ്‍ ചെയ്താല്‍ ഫോണിലെ സ്പീക്കറിലൂടെ പുസ്തകത്താളിലെ വിവരങ്ങള്‍ കേള്‍ക്കാം.

ഇത്തരത്തില്‍ കണ്ണടയ്ക്ക് മുന്നിലുള്ള കമ്പ്യൂട്ടറിലെ വിവരങ്ങളും ഫോണിലൂടെ കേള്‍ക്കാനാകും. വിരലുകള്‍ കൊണ്ട് സ്പര്‍ശിച്ച് അക്ഷരങ്ങളെ തിരിച്ചറിയുന്ന പഠനസമ്പ്രദായം വശമില്ലാത്തവര്‍ക്കും നിരക്ഷരര്‍ക്കും പുതിയ സംവിധാനം പ്രയോജനപ്പെടുത്താം.

കാഴ്ചയില്ലാത്തവര്‍ക്ക് പഠനവും ജോലിയും ഈ വിദ്യ എളുപ്പമാക്കും. നാലുമാസം കൊണ്ടാണ് റിസ്വന്‍ ഇത് വികസിപ്പിച്ചെടുത്തത്. പുതിയ സംവിധാനത്തിന്റെ സാങ്കേതിക രഹസ്യങ്ങള്‍, സര്‍ക്കാരിന് കൈമാറാനാണ് റിസ്വന്റെ ശ്രമം.

''പാവപ്പെട്ട അന്ധര്‍ക്ക് പ്രയോജനപ്പെടുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കുറഞ്ഞ ചെലവില്‍ അവര്‍ക്ക് ലഭ്യമാക്കണമെന്നാണ് റിസ്വന്റെ ആഗ്രഹം. സ്വകാര്യ കമ്പനികള്‍ക്ക് ഈ സാങ്കേതിക രഹസ്യം കൈമാറാന്‍ താത്പര്യമില്ല''-റിസ്വന്‍ പറയുന്നു.

ഐടി എന്‍ജിനീയറായ റിസ്വന്‍ ഒരു വര്‍ഷം മുമ്പ് 'ഹലോ കേരള'എന്ന ഐടി സംവിധാനം പുറത്തിറക്കിയിരുന്നു. വഴിയില്‍ വെച്ച് ആക്രമിക്കപ്പെട്ടാല്‍ മൊബൈല്‍ ഫോണ്‍ വഴി വിവരം തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് എത്തുന്ന സംവിധാനമാണിത്. കൊച്ചിയില്‍ സ്വന്തമായി ഐടി കമ്പനി നടത്തുകയാണ് ഈ 25-കാരന്‍. മട്ടാഞ്ചേരി ചുള്ളിക്കലില്‍ അബ്ദുള്‍ അസീസ് നൈനയുടെ മകനാണ്.


Stories in this Section