സോണി എക്‌സ്പീരിയ എസ്.ആര്‍. എന്ന വെള്ളത്തിലാശാന്‍
വാക്ക്മാന്‍ മുതല്‍ എല്‍.ഇ.ഡി. ടി.വി. വരെ നിര്‍മിക്കുന്ന കമ്പനിയാണ് ജപ്പാനിലെ സോണി കോര്‍പ്പറേഷന്‍. കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്, സിനിമ വ്യവസായം, വീഡിയോ ഗെയിംസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍, സെമി കണ്ടക്‌ടേഴ്‌സ്, ടെലികോം എക്വിപ്‌മെന്റ്‌സ് എന്നിങ്ങനെയായി പരന്നുകിടക്കുകയാണ് സോണിയുടെ സാമ്രാജ്യം.
ഇലക്‌ട്രോണിക്‌സ് രംഗത്ത് വിശ്വാസ്യതയുടെയും ഗുണമേന്മയുടെയും മറുപേരായി സോണി മാറിക്കഴിഞ്ഞിട്ടുണ്ട്. പറഞ്ഞിട്ടെന്താ കാര്യം, അഞ്ചുവര്‍ഷത്തിലായി നഷ്ടത്തിലാണ് കമ്പനിയുടെ പോക്ക്. ആഗോളസാമ്പത്തിക മാന്ദ്യവും ജപ്പാനിലുണ്ടായ ഭൂമികുലുക്കവുമാണ് കമ്പനിയുടെ വളര്‍ച്ചയുടെ വേഗം കുറച്ചത്. തങ്ങളുടെ കുത്തകയായിരുന്ന ടി.വി., പ്ലേസ്‌റ്റേഷന്‍ മേഖലകളില്‍ മറ്റു കമ്പനികള്‍ സ്വാധീനം വര്‍ധിപ്പിച്ചതും കമ്പനിക്ക് തിരിച്ചടിയായി.
മറ്റെല്ലാ വിഭാഗങ്ങളും ഈ വര്‍ഷവും നഷ്ടക്കണക്കുകള്‍ നിരത്തുമ്പോള്‍ ലാഭത്തിന്റെ കഥ പറയാനുളളത് സോണിയുടെ ടെലികോം എക്വിപ്‌മെന്റ്‌സ് വിഭാഗത്തിനുമാത്രമാണ്. അതിനു കാരണമായതോ ഒരൊറ്റ സ്മാര്‍ട്‌ഫോണ്‍ മോഡലും. ഈ വര്‍ഷം ആദ്യം അവതരിപ്പിക്കപ്പെട്ട
സോണി എക്‌സ്പീരിയ സെഡ് എന്ന സ്മാര്‍ട്‌ഫോണ്‍ ലോകമെങ്ങുമുള്ള വിപണികളില്‍ നന്നായി സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. നാല്‍പ്പതുദിവസത്തിനുള്ളില്‍ അമ്പതുലക്ഷം എക്‌സ്പീരിയ സെഡ് ഫോണുകളാണ് വിറ്റുപോയത്.
കത്രീന കൈഫിന്റെ പരസ്യവുമായെത്തിയ എക്‌സ്പീരിയ സെഡ് ഇന്ത്യയിലും സ്വീകാര്യത നേടിക്കഴിഞ്ഞു. 37,990 രുപ മുടക്കി നിരവധി പേര്‍ എക്‌സ്പീരിയ സെഡ് വാങ്ങാന്‍ തയ്യാറായി. എക്‌സ്പീരിയ സെഡിന്റെ വിജയത്തിന് പിന്നാലെ എക്‌സ്പീരിയ സെഡ്ആര്‍ എന്നൊരു പുത്തന്‍ ഫോണ്‍ സോണി കഴിഞ്ഞയാഴ്ച അവതരിപ്പിച്ചു.
എക്‌സ്പീരിയ സെഡിനേക്കാള്‍ സ്‌പെസിഫിക്കേഷനിലൂം സ്‌ക്രീന്‍വലിപ്പത്തിലും അല്പം കുറഞ്ഞ മോഡല്‍, അതാണ് എക്‌സ്പീരിയ സെഡആര്‍. എക്‌സ്പീരിയ സെഡിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ വാട്ടര്‍പ്രുഫ്് മികവ് തന്നെയാണ് സെഡ്ആറിന്റെയും തുറുപ്പ് ചീട്ട്. വെള്ളമുപയോഗിച്ച് കഴുകിയാല്‍ സെഡിന് ഒന്നും സംഭവിക്കില്ലെങ്കില്‍ ഒന്നരമീറ്റര്‍ ആഴത്തിലുള്ള വെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിയിട്ടാല്‍ പോലും സെഡ്ആറിന് ഒരു കുഴപ്പവും സംഭവിക്കില്ലെന്ന് സോണി അവകാശപ്പെടുന്നു. വെള്ളത്തിനടിയില്‍ വച്ച് വീഡിയോകളും ചിത്രങ്ങളുമെടുക്കാനും സെഡ്ആറിനു സാധിക്കും.
സോണി എക്‌സ്പീരിയ സെഡിനേക്കാള്‍ കാഴ്ചയില്‍ അല്പം ചെറുതാണ് സെഡ്ആര്‍. പിക്‌സല്‍സ് റിസൊല്യുഷനിലും അല്പം പിന്നില്‍ തന്നെ. 1920 ത 1080 പിക്‌സല്‍സ് റിസൊല്യൂഷനോടു കൂടിയ സ്‌ക്രീനാണ് സെഡിലേതേതെങ്കില്‍ 1280 ത 720 പിക്‌സല്‍സ് റിസൊല്യൂഷനോടു കൂടിയ 4.55 ഇഞ്ച് ഡിസ്‌പ്ലേയാണ് എക്‌സ്പീരിയ സെഡ്ആറിലുള്ളത്.
1.5 ഗിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ക്വാഡ്‌കോര്‍ പ്രൊസസര്‍, രണ്ട് ജി.ബി. റാം, എട്ട് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഈ ഫോണിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍. എല്‍.ഇ.ഡി. ഫ്ഌഷോടുകൂടിയ 13 മെഗാപിക്‌സല്‍ ക്യാമറ, വി.ജി.എ. ഫ്രണ്ട് ക്യാമറ എന്നിവയും കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, ബ്ലൂടൂത്ത് 4.0 സംവിധാനങ്ങളും ഈ ഫോണിലുണ്ട്.
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയ സെഡ് ആര്‍ ഈ വര്‍ഷം ജൂലായ് ആകുന്നതോടെ ഇന്ത്യന്‍ വിപണികളില്‍ ലഭ്യമാകും. നെതര്‍ലന്‍ഡ്‌സില്‍ ഈ ഫോണിന് 479 യൂറോ (ഏതാണ്ട് 34,000 രൂപ) ആണ് വിലയെന്ന് 'എക്‌സ്പീരിയ ബ്ലോഗ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.