'വാട്ടര്‍പ്രൂഫ്' സ്മാര്‍ട്ട്‌ഫോണുമായി സോണി

Posted on: 08 Jan 2013


-സ്വന്തം ലേഖകന്‍




കുളിക്കുമ്പോള്‍ ഷവറിനടിയില്‍നിന്ന് പോലും സംസാരിക്കാന്‍ അവസരമൊരുക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ സോണി അവതരിപ്പിച്ചു - എക്‌സ്പീരിയ ഇസഡ് (Xperia Z). അമേരിക്കയില്‍ ലാസ് വേഗാസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് പ്രദര്‍ശന (CES 2013) ത്തിലാണ് പുതിയ ഫോണ്‍ അവതരിപ്പിക്കപ്പെട്ടത്.

അരമണിക്കൂര്‍ വെള്ളത്തിലിട്ടാലും എക്‌സ്പീരിയ ഇസഡിന് പ്രശ്‌നമൊന്നുമുണ്ടാകില്ലെന്ന് സോണി പറയുന്നു. ഒരു കുപ്പി വെള്ളം മുഴുവന്‍ ഫോണിലൊഴിച്ചാലും കുഴപ്പമില്ല.

വെള്ളം നനഞ്ഞാലും കുഴപ്പമില്ലാത്ത ഫോണുകള്‍ ജപ്പാനില്‍ അത്ര പുതുമയല്ല. എന്നാല്‍, മികച്ച ഫീച്ചറോടുകൂടിയ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഈ സവിശേഷതയോടെ മറ്റു രാജ്യങ്ങളിലേക്കും എത്തിയതിന് അധികം ഉദാഹരണങ്ങളില്ല.

സോണിയുടേത് ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ആണ്. ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ എസ്4 പ്രൊ പ്രൊസസര്‍ അതിന് കരുത്തു പകരുന്നു. ആന്‍ഡ്രോയിഡ് 4.2 ജല്ലിബീന്‍ പതിപ്പാണ് ഫോണിലുള്ളത്. 13 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. എന്നുവെച്ചാല്‍, വെറും വാട്ടര്‍പ്രൂഫ് മാത്രമല്ല എക്‌സ്പീരിയ ഇസഡ് എന്ന് സാരം, കരുത്തേറിയതുമാണ്.


അഞ്ചിഞ്ച് 1080 പി X 1920 പി ഉന്നത റിസല്യൂഷന്‍ ഡിസ്‌പ്ലേയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 7.9 മില്ലീമീറ്റര്‍ കനമേയുള്ളു. 4ജി എല്‍ടിഇ കണക്ടിവിറ്റി ഫോണിന് മിന്നല്‍വേഗം നല്‍കും. എന്‍.എഫ്.സി.ചിപ്പും ഉണ്ട്. മൈക്രോ എസ്.ഡി.സ്ലോട്ടുമുണ്ട്.

വെള്ളം നനഞ്ഞാലും കുഴപ്പമില്ല എന്നതു മാത്രമല്ല, പൊടി ചെറുക്കാനും ഫോണിന് ശേഷിയുണ്ട്. 'ബാക്ക് ടബ്ബിലിരുന്ന് ഹൈഡെഫിനിഷന്‍ സിനിമ കാണാന്‍ ആഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍, അതിനുള്ള ഉപകരണം ഇതാണ്' -സോണി മൊബൈലിന്റെ എക്‌സിക്യുട്ടീവ് സ്റ്റീവ് വാക്കര്‍ പറഞ്ഞു.

TAGS:
sony  |  xperia z  |  water resistant phone  |  smartphone 


Stories in this Section