സോണിയുടെ എക്‌സ്പീരിയ എസ്.പി; വില 27,490 രൂപ

Posted on: 12 Apr 2013


-പി.എസ്.രാകേഷ്




2008 മുതല്‍ക്കാണ് ജപ്പാനിലെ സോണി കമ്പനി എക്‌സ്പീരിയ എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകളിറക്കിത്തുടങ്ങിയത്. ആദ്യമോഡലുകള്‍ വിന്‍ഡോസ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്നവയായിരുന്നു. 2010 മുതല്‍ മുതല്‍ ആന്‍ഡ്രോയ്ഡിലേക്ക് ചുവടുമാറി. അതോടെ ഈ സീരീസില്‍ ഇറങ്ങുന്ന സ്മാര്‍ട്‌ഫോണുകള്‍ ശ്രദ്ധനേടാനും തുടങ്ങി. ഇന്നിപ്പോള്‍ ആപ്പിള്‍ ഐഫോണിനും സാംസങ് ഗാലക്‌സി സീരീസിനും തൊട്ടുപിന്നില്‍ വിപണിയില്‍ മൂന്നാം സ്ഥാനം നേടി കുതിക്കുകയാണ് സോണി. സോണി കമ്പനിയിറക്കുന്ന മൊബൈല്‍ഫോണുകളില്‍ അമ്പതുശതമാനവും എക്‌സ്പീരിയ സീരീസില്‍ പെട്ടവയാണ്.

ഈ വര്‍ഷം സോണി വിപണിയിലെത്തിച്ച എക്‌സ്പീരിയ സെഡ്, എക്‌സ്പീരിയ സെഡ് എല്‍, എക്‌സ്പീരിയ ഇ എന്നീ മോഡലുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. മൂന്നു ഫോണുകളും ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്നവ ആയിരുന്നു. മണ്ണും ചെളിയും പറ്റിയ എക്‌സ്പീരിയ സെഡ് നനച്ചുകഴുകുന്ന കത്രീന കൈഫിന്റെ പരസ്യവും ഹിറ്റായിക്കഴിഞ്ഞു. ഈ വിജയങ്ങള്‍ സമ്മാനിച്ച ആത്മവിശ്വാസവുമായി പുതിയൊരു സ്മാര്‍ട്‌ഫോണ്‍ മോഡല്‍ കൂടി അവതരിപ്പിക്കുകയാണ് സോണി. എക്‌സ്പീരിയ എസ്.പി. എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്‍ മാര്‍ച്ച് 18 ന് റഷ്യയിലായിരുന്നു ആദ്യമായി ലോഞ്ച് ചെയ്യപ്പെട്ടത്. ഒരുമാസം തികയും മുമ്പേ കക്ഷി ഇന്ത്യയിലുമെത്തി.


4.6 ഇഞ്ച് 720 പി ഹൈഡെഫനിഷന്‍ ഡിസ്‌പ്ലേയോടുകൂടിയ സോണി എക്‌സ്പീരിയ എസ്.പി.യില്‍ 1.7 ഗിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ് 4 പ്ലസ് ഡ്യുവല്‍ കോര്‍ പ്രൊസസറും, അഡ്രിനോ 320 ജി.പി.യുവുമാണുളളത്. ഒരു ജി.ബി. റാമും എട്ട് ജി.ബി. ഇന്റേണല്‍ മെമ്മറിയുമുണ്ട് ഫോണിന്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 32 ജിബി സ്‌റ്റോറേജ് കൂടുതല്‍ സാധ്യമാക്കാം.

ക്യാമറയുടെ കാര്യത്തിലും കിടിലനാണ് എസ്.പി. എല്‍.ഇ.ഡി.ഫ് ളാഷോടു കൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറയും വീഡിയോകോളിങിനായി വി.ജി.എ.സെക്കന്‍ഡറി ക്യാമറയും ഇതിലുണ്ട്. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ 4.2 വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി ഉറപ്പുതരുന്നു. മലയാളം കമ്പോസിങ് സാധ്യമാകുമെന്നതാണ് ജെല്ലിബീന്‍ വെര്‍ഷന്‍ കൊണ്ടുളള ഏറ്റവും നല്ല കാര്യം. കണക്ടിവിറ്റിക്കായി 4 ജി, വൈഫൈ, ബ്ലൂടൂത്ത് 4.0, ജി.പി.എസ്., എന്‍.എഫ്.സി. തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്.


എക്‌സ്പീരിയ എസ്.പി.യുടെ ഏറ്റവും വലിയ ആകര്‍ഷണമായി കമ്പനി ഉയര്‍ത്തിക്കാട്ടുന്നത് 'കസ്റ്റമൈസ്ഡ് ഇല്യുമിനേഷന്‍ എന്ന സംവിധാനമാണ്. ഡിസ്‌പ്ലേ സ്‌ക്രീനിന് താഴേഭാഗത്തെ പാനലില്‍ തെളിയുന്ന വര്‍ണവിസ്മയത്തെയാണ് 'കസ്റ്റമൈസ്ഡ് ഇല്യൂമിനേഷന്‍' എന്നു സോണി പേരിട്ടുവിളിക്കുന്നത്. ഇന്‍കമിങ് കോളുകള്‍ക്കും ടെക്‌സ്റ്റ് മെസേജുകള്‍ക്കുമെല്ലാം വ്യത്യസ്ത രീതിയിലുളള ഇല്യൂമിനേഷന്‍ നമുക്ക് സെറ്റ് ചെയ്തുവെക്കാം കാഴ്ചയിലൊരു സുഖം എന്നല്ലാതെ മറ്റെന്തെങ്കിലും പ്രയോജനം ഇതുകൊണ്ടുണ്ടാകുമെന്ന് കരുതാന്‍ വയ്യ.


155 ഗ്രാം ഭാരമുളള എക്‌സ്പീരിയ എസ്.പി.യില്‍ 2,370 എം.എ.എച്ച്. ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 10 മണിക്കൂര്‍ 25 മിനിറ്റ് ടോക്ക്‌ടൈമും, ടുജി മോഡില്‍ 635 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. കറുപ്പ്, വെളുപ്പ്, ചുവപ്പ് നിറങ്ങളില്‍ എസ്.പി. എത്തുന്നു.

27,490 രൂപയാകും സോണി എക്‌സ്പീരിയ എസ്.പി.ക്ക് ഇന്ത്യയില്‍ കൊടുക്കേണ്ടിവരുന്ന വില. ഇതിനൊപ്പം 2000 രൂപ വിലയുളള ഫോണ്‍കേസ് കമ്പനി സൗജന്യമായി നല്‍കുന്നുണ്ട്. ഇതേ വിലനിലവാരത്തില്‍ ലഭിക്കുന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുകളായ സാംസങ് ഗാലക്‌സി എസ് 3, എച്ച്.ടി.സി. വണ്‍എക്‌സ്, നോക്കിയ ലൂമിയ 820 എന്നിവയോടാകും സോണി എക്‌സ്പീരിയ എസ്.പി.ക്ക്് മത്സരിക്കേണ്ടിവരിക.
TAGS:


Stories in this Section