വര്‍ധിച്ച കരുത്തുമായി വയോ എസ്-സീരീസ്‌

Posted on: 25 Feb 2011


-പി.എസ്.രാകേഷ്‌




'വിഷ്വല്‍ ഓഡിയോ ഇന്റലിജന്‍സ് ഓര്‍ഗനൈറര്‍' എന്നു കേട്ടാല്‍ ആര്‍ക്കുമൊന്നും തിരിയില്ലെന്നുറപ്പ്. എന്നാല്‍ ആ വാക്കുകളുടെ ചുരുക്കപ്പേരായ 'വയോ' (VAIO) എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഒരു ലാപ്‌ടോപ്പിന്റെ ചിത്രം മനസില്‍ തെളിയും. ജപ്പാനിലെ സോണി കോര്‍പ്പറേഷന്‍ പുറത്തിറക്കിയ 'വയോ' ലാപ്‌ടോപ്പുകളും നോട്ട്ബുക്കുകളും ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന ബ്രാന്‍ഡുകളിലൊന്നാണ്.

ഇപ്പോഴിതാ ഏറ്റവും പുതിയ സ്‌പെസിഫിക്കേഷനുകളുമായി വയോയുടെ പരിഷ്‌കരിച്ച എസ് സീരീസ് (Sony VAIO S Series) മോഡല്‍ അവതരിപ്പിക്കുകയാണ് സോണി. വിവിധ കമ്പനികളുടെ പുതിയതായിറങ്ങിയ ഏത് ലാപ്‌ടോപ്പിനെക്കാളും കരുത്തേറിയതാണ് പുതിയ വയോ എസ്-സീരീസ് മോഡലെന്ന് നിസ്സംശയം പറയാം. സാന്‍ഡിബ്രിഡ്ജ് എന്ന ഓമനപ്പേരുള്ള ഇന്റല്‍ ഐ-കോര്‍ 5-2410 എം പ്രൊസസറാണ് എസ്-സീരീസിലുള്ളത്.


കഴിഞ്ഞമാസം ലാസ് വെഗാസില്‍ സമാപിച്ച കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോ (CES 2011) യിലാണ് സാന്‍ഡിബ്രിഡ്ജ് പ്രൊസസറുകള്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഒപ്പം 512എംബി അല്ലെങ്കില്‍ 1 ജിബി വീഡിയോ റാമോടുകൂടിയ എഎംഡി റാഡിയോണ്‍ എച്ച്ഡി 6470എം (AMD Radeon HD 6470M) ഗ്രാഫിക്‌സ് കാര്‍ഡു കൂടിയാകുമ്പോള്‍ പ്രകടനം മികച്ചതാകുമെന്നതില്‍ തര്‍ക്കമില്ല.

മാത്രമല്ല, 4 ജിബി റാം, 500 ജിബി ഹാര്‍ഡ് ഡ്രൈവ്, ഡിവിഡി റൈറ്റര്‍, 1366 ഗുണം 768 റിസല്യൂഷനോടുകൂടിയ 13.3 ഇഞ്ച് സ്‌ക്രീന്‍ ഒക്കെ വയോ എസ് ലാപ്‌ടോപ്പുകളിലുണ്ടാകും. സ്റ്റാന്‍ഡേഡ് ഫീച്ചറുകളായ വൈഫൈ, ബ്ലൂടൂത്ത്, ബാക്ക്‌ലിറ്റ് കീബോര്‍ഡ്, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, യു.എസ്.ബി. പോര്‍ട്ട് എന്നിവയും ഈ മോഡലിലുണ്ട്. വിന്‍ഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുക.


സോണിയുടെ സ്വന്തം സാങ്കേതികവിദ്യയായ ഫാസ്റ്റ് ബൂട്ട് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന വയോ-എസിന് 1.75 കിലോഗ്രാമാണ് ഭാരം. മറ്റു ലാപ്‌ടോപ്പുകളേക്കാള്‍ 50 ശതമാനം കൂടുതല്‍ വേഗത്തില്‍ ബൂട്ടാകും എന്നതാണ് ഫാസ്റ്റ് ബൂട്ട് സിസ്റ്റത്തിന്റെ പ്രത്യേകതയെന്ന് സോണി അവകാശപ്പെടുന്നു. ബൂട്ട് ചെയ്തുകഴിഞ്ഞ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാനായി പ്രത്യേക ബട്ടനും ലാപ്‌ടോപ്പിലുണ്ട്.

സോണി സ്വന്തമായി വികസിപ്പിച്ചെടുത്ത ബാറ്ററിയാണ് വയോ എസിലുപയോഗിക്കുകയെന്ന് സൂചനയുണ്ട്. ഏഴ് മണിക്കൂര്‍ വരെ അതിന് ബാക്കപ്പ് ലഭിക്കുമെന്നും പറയുന്നു. അങ്ങനെയെങ്കില്‍, ആപ്പിളിന്റെ മാക്ബുക്ക് പ്രോ മാത്രമാകും ബാറ്ററി ലൈഫിന്റെ കാര്യത്തില്‍ വയോ എസിന് മുന്നിലുള്ള ലാപ്‌ടോപ്പ്.


കറുപ്പ്, വെളുപ്പ്, നീല, സില്‍വര്‍, പിങ്ക് നിറങ്ങളില്‍ ലഭിക്കുന്ന വയോ-എസ് മോഡല്‍ അടുത്തമാസം ആദ്യവാരത്തോടെ വിപണിയിലെത്തുമെന്നാണ് അറിയുന്നത്. അപ്പോള്‍ മാത്രമേ ഇതിന്റെ വിലയെത്രയാണെന്ന് വ്യക്തമാകൂ. ഫുള്‍ ഫ്ലറ്റ് മഗ്നീഷ്യം ബോഡിയും അലൂമിനിയം പാം റെസ്റ്റുമൊക്കെയായി കാഴ്ചയിലും സുന്ദരനാണ് പുതിയ വയോ-എസ്.


Stories in this Section