എക്‌സ്പീരിയ ആര്‍ക്കും പ്ലേയും ഇന്ത്യയില്‍

Posted on: 07 Apr 2011


-പി.എസ്.രാകേഷ്‌




അനുദിനം വളര്‍ച്ച നേടുന്ന ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക് രണ്ട് നവാതിഥികള്‍ കൂടി. സോണി എറിക്‌സണിന്റെ എക്‌സ്പീരിയ സീരീസില്‍ പെട്ട ആര്‍ക്, പ്ലേ എന്നീ മോഡലുകളാണ് ഇന്ത്യയില്‍ വ്യാഴാഴ്ച്ച ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടത്. ഔദ്യോഗികമായി ഇപ്പോഴാണ് അവതരിപ്പിക്കപ്പെട്ടതെങ്കിലും രണ്ടാഴ്ച മുമ്പേ ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ ഈ ഫോണുകള്‍ ലഭ്യമായിരുന്നു. ഓണ്‍ലൈന്‍ സ്റ്റോറായ ഫ്ലാപ്പ്കാര്‍ട്ടിലൂടെയും ഇവ ലഭിച്ചുതുടങ്ങിയിരുന്നു.

വെറും സ്മാര്‍ട്‌ഫോണുകളല്ല ആര്‍ക്കും പ്ലേയും. ഒട്ടേറെ സവിശേഷതകളും ഏറ്റവും പുതിയ സാങ്കേതികതയും ഒന്നുചേരുന്ന വിസ്മയങ്ങളാണിവ. സോണി സ്വന്തമായി വികസിപ്പിച്ചെടുത്ത ഗെയിമിങ് കണ്‍സോളായ പ്ലേസ്‌റ്റേഷന്റെ പിന്തുണയോടെയെത്തുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണാണ് എക്‌സ്പീരിയ പ്ലേ. ലോകമെങ്ങും സൂപ്പര്‍ഹിറ്റായ പ്ലേസ്‌റ്റേഷന്‍ ഗെയിം കണ്‍സോളോടു കൂടിയ മൊബൈല്‍ ഫോണാണിത്.

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് 2.3 (ജിഞ്ചര്‍ബ്രെഡ്) പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയ പ്ലേയില്‍ നാല് ഇഞ്ച് മള്‍ട്ടിടച്ച് സ്‌ക്രീന്‍, സ്‌ക്രാച്ച് റെസിസ്റ്റന്റ് ഡിസ്‌പ്ലേ, അഞ്ച് മെഗാപിക്ല്ല്‍ ക്യാമറ, 400 എം.ബി. ഇന്റേണല്‍ മെമ്മറി, ഒരു ജി.ബി. റോം എന്നിവയുണ്ട്. ഹാര്‍ഡ്‌വേറിന് കരുത്തുപകരുന്നത് ഒരു ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, തുടര്‍ച്ചയായി ഏഴു മണിക്കൂര്‍ സംസാരസമയമാണ് ഈ ഫോണിന് കമ്പനി അവകാശപ്പെടുന്ന ബാക്കപ്പ്.

ഫോണ്‍ സ്‌ലൈഡ് ചെയ്തുതുറന്നാല്‍ ഉള്ളില്‍ ഗെയിമുകള്‍ക്കായുള്ള കണ്‍ട്രോളിങ് കണ്‍സോള്‍ കാണാം. പ്ലേ സ്‌റ്റേഷനിലേതിന് സമാനമായ കണ്‍ട്രോള്‍ കീയും ടച്ച്പാഡുമാണ് ഇതിലുമുള്ളത്. നിലവില്‍ അറുപതോളം ജനപ്രിയ ഗെയിമുകള്‍ ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലൂടെ നൂറിലേറെ ഗെയിമുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. മൊബൈല്‍ഫോണുകള്‍ക്കായി പ്രത്യേകം നിര്‍മിക്കപ്പെട്ട 'പ്ലേസ്‌റ്റേഷന്‍ സൂട്ട്' എന്ന പ്ലാറ്റ്‌ഫോമം ഉപയോഗിക്കുന്ന ആദ്യ മൊബൈല്‍ഫോണ്‍ എന്ന ബഹുമതിയും എക്‌സ്പീരിയ പ്ലേ സ്വന്തമാക്കിക്കഴിഞ്ഞു.

ഫിബ്രവരിയില്‍ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് േസാണിഎറിക്‌സണ്‍ എക്‌സ്പീരിയ പ്ലേ ആദ്യമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. രണ്ടുമാസത്തിനുള്ളില്‍ ഈ മോഡലിന്റെ കൊമേഴ്‌സ്യല്‍ ലോഞ്ച് നടത്തിക്കൊണ്ട് സോണി എറിക്‌സണ്‍ എതിരാളികളെ ഞെട്ടിച്ചിരിക്കുകയാണ്. കാര്യങ്ങളിങ്ങനെയാണെങ്കിലും വിലയുടെ കാര്യത്തില്‍ പ്ലേ അത്ര സന്തോഷകരമായ അനുഭവമല്ല സമ്മാനിക്കുന്നത്. 35,000 രൂപയാണ് ഈ മോഡലിന് ഇന്ത്യയില്‍ വില. വെള്ളയും കറുപ്പും നിറങ്ങളിലാണ് എക്‌സ്പീരിയ പ്ലേ വരുന്നത്.


8.77 മില്ലിമീറ്റര്‍ മാത്രം കനമുള്ള സൂപ്പര്‍ സ്ലിം ഫോണാണ് എക്‌സ്പീരിയ ആര്‍ക്്. വിലയുടെ കാര്യത്തില്‍ ഈ മോഡലും പുറകിലല്ല- ഇന്ത്യയില്‍ 32,000 രൂപ. സാങ്കേതികകരുത്തിന്റെ കാര്യത്തില്‍ പ്ലേയോട് കിടപിടിക്കും ആര്‍ക്ക്. ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് പതിപ്പ് തന്നെയാണ് ഈ ഫോണിലുമുള്ളത്. ഡിസ്‌പ്ലേസ്‌ക്രീന്‍ പ്ലേയിനേക്കാള്‍ അല്പം വലുതാണ്. 4.2 ഇഞ്ച് റിയാലിറ്റി ഡിസ്‌പ്ലേയാണ് ആര്‍ക്കിലുള്ളത്. അസിസ്റ്റഡ് ജി.പി.എസ്., എച്ച്.ഡി.എം.ഐ. പോര്‍ട്ട്, 8.1 മെഗാപിക്‌സല്‍ ക്യാമറ, സ്റ്റീരിയോ എഫ്.എം. എന്നിവയും ഈ ഫോണിലുണ്ട്. കമ്പനി അവകാശപ്പെടുന്ന ബാറ്ററിആയുസ്സ് തുടര്‍ച്ചയായ ഏഴു മണിക്കൂര്‍.

സ്മാര്‍ട്‌ഫോണുകളില്‍ തന്നെയുള്ള പ്രീമിയം സെഗ്‌മെന്റില്‍ കണ്ണുവെച്ചാണ് സോണി എറിക്‌സണ്‍ ഈ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതെന്ന് വ്യക്തം. നോക്കിയ ഇ-7, എച്ച്.ടി.സി. ഡിസൈര്‍, എല്‍.ജി. ഒപ്ടിമസ് 2എക്‌സ്, എല്‍.ജി. ഒപ്ടിമസ് ബഌക്ക് എന്നീ മോഡലുകളോടാവും ഇവയ്ക്ക് മത്സരിേക്കണ്ടിവരുക.
TAGS:


Stories in this Section