സോണിയുടെ ആന്‍ഡ്രോയിഡ് വാക്ക്മാന്‍

Posted on: 03 May 2011


-പി.എസ്.രാകേഷ്‌




ജപ്പാന്‍ കമ്പനിയായ സോണിയുടെ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നങ്ങളിലൊന്നായിരുന്നു വാക്ക്മാന്‍ എന്ന കൈയില്‍ കൊണ്ടുനടക്കാവുന്ന മ്യൂസിക് പ്ലെയര്‍. 1979 ലാണ് ആദ്യ വാക്ക്മാന്‍ വിപണിയിലെത്തിയത്. എന്നാല്‍, ആപ്പിളിന്റെ ഐപോഡ് (iPod) എന്ന ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ 2001 ല്‍ രംഗത്തെത്തിയതോടെ വിപണിയില്‍ സോണി വാക്മാന്റെ പ്രതാപം കുറയാന്‍ തുടങ്ങി. എന്നാല്‍, സോണിക്ക് വാക്ക്മാനെ അങ്ങനെ വിട്ടുകളയാന്‍ പറ്റില്ല. വാക്ക്മാനെ സ്മാര്‍ട്ട്‌ഫോണുമായി സമ്മേളിപ്പിക്കാന്‍ സോണി ശ്രമിച്ചു.

വാക്ക്മാനെയും മൊബൈല്‍ഫോണിനെയും ഒത്തൊരുമിപ്പിച്ച് 'ഡബ്ല്യു 800 ഐ' എന്ന മോഡല്‍ 2005 ല്‍ തന്നെ സോണി-എറിക്‌സണ്‍ പുറത്തിറക്കിയിരുന്നു. മുപ്പത് മണിക്കൂര്‍ തുടര്‍ച്ചയായി പാട്ടുകേള്‍ക്കാനുള്ള സൗകര്യമായിരുന്നു ആ മോഡലിന്റെ പ്രത്യേകത. ഇപ്പോഴിതാ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ വാക്ക്മാന്‍ ഫോണിറക്കി വീണ്ടും ലോകശ്രദ്ധ േനടുകയാണ് സോണി എറിക്‌സണ്‍. ഡബ്ല്യൂ 8 എന്നു പേരിട്ടിരിക്കുന്ന ഈ പുതുമോഡല്‍ ഈ മാസം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വില്‍പനയ്‌ക്കെത്തും.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലേക്ക് മാറിയതോടെ സോണി എറിക്‌സണ്‍ വാക്ക്മാന്‍ മോഡലുകള്‍ ഇനിയിറക്കില്ലെന്ന പ്രചാരണം ശക്തമായ സമയത്താണ് കമ്പനി പുതിയ മോഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാഴ്ചയില്‍ സോണി എറിക്‌സണിന്റെ തന്നെ എക്‌സ്പീരിയ ഫോണുകളോടു രുപസാദൃശ്യമുള്ള ഡബ്ല്യു 8 ലെ ടൈംസ്‌കേപ്പ് യൂസര്‍ ഇന്റര്‍ഫേസും എക്‌സ്പീരിയ ഫോണുകളുടേത് തന്നെയാണ്. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് ഇന്റഗ്രേഷന്‍ സൗകര്യമാണ് ടൈംസ്‌കേപ്പ് യുഐയുടെ പ്രധാന ആകര്‍ഷണം. ആന്‍ഡ്രോയിഡ് 2.1 പതിപ്പിലാകും ഡബ്ല്യു 8 പ്രവര്‍ത്തിക്കുക. 320 ഗുണം 380 പിക്‌സല്‍ റിസൊല്യൂഷനുളള മൂന്ന് ഇഞ്ച് എല്‍സിഡി സ്‌ക്രീനാണ് ഫോണിലുള്ളത്. പോറല്‍ വീഴാത്ത തരത്തിലുള്ള കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനും ഡബ്ല്യൂ 8 ന്റെ സവിശേഷതയാകും.


ക്വാല്‍കോം എം.എസ്.എം. 2772 ചിപ്‌സെറ്റ്, 600 മെഗാഹെര്‍ട്‌സ് പ്രൊസസര്‍, അഡ്രിനോ 200 ഗ്രാഫിക്‌സ് എഞ്ചിന്‍ എന്നിവയാണ് ഡബ്ല്യു 8 ന് ഹാര്‍ഡ്‌വേര്‍ കരുത്തു പകരുന്നത്. 128 എംബിയാണ് ഇന്റേണല്‍ മെമ്മറി. എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ 16 ജിബി വരെ സ്‌റ്റോറേജ് സാധ്യമാകും. ത്രിജി കണക്ടിവിറ്റിയുണ്ടെങ്കിലും ഫ്രണ്ട് ക്യാമറ ഇല്ലാത്തത് പോരായ്മ സൃഷ്ടിക്കും. ഫോട്ടോഗ്രാഫി ആരാധകര്‍ ഫോണിന്‍െ പുറകുവശത്തുള്ള 3.2 മെഗാപിക്‌സല്‍ ക്യാമറ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നര്‍ഥം. വൈഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങളും ഫോണില്‍ ലഭ്യമാണ്. 108 ഗ്രാമാണ് ഫോണിന്റെ ഭാരം.

23 മണിക്കൂര്‍ തുടര്‍ച്ചയായി പാട്ടുകേള്‍ക്കാവുന്ന സൗകര്യമാണ് ഡബ്ല്യു 8 ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അത്രയും മണിക്കൂര്‍ സംസാരിക്കാനാകുമെന്ന് പ്രതീക്ഷിച്ചാല്‍ നടപ്പില്ല. നാലരം മണിക്കൂര്‍ തുടര്‍ച്ചയായ സംസാര സമയമേ കമ്പനി ഉറപ്പുതരുന്നുള്ളൂ. അതുകഴിഞ്ഞാല്‍ ഫോണ്‍ ചാര്‍ജ് ചെയ്യേണ്ടിവരും.

ഇന്‍ഡൊനീഷ്യയിലാണ് സോണി എറിക്‌സണ്‍ ഈ ഫോണ്‍ ആദ്യം അവതരിപ്പിച്ചത്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഈ മാസം തന്നെ ഡബ്ല്യു 8 ലഭിച്ചുതുടങ്ങുമെന്ന് കമ്പനിയുടെ ഇന്ത്യാ കണ്‍ട്രി ഹെഡ് പവന്‍ ചദ്ദ അറിയിച്ചിട്ടുണ്ട്. ഓറഞ്ച്, നീല, ചുവപ്പു നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. ഇതിന്റെ വിലയെത്രയാകുമെന്ന കാര്യവും കമ്പനി വ്യക്തമാക്കിയിട്ടില്ല. 12,000 രുപയ്ക്കടുത്താകും വിലയെന്ന് സൂചനകളുണ്ട്.
TAGS:


Stories in this Section