14 ലക്ഷത്തിന്റെ ഹോം തിയേറ്ററുമായി സോണി

Posted on: 09 Apr 2012


-പി.എസ്.രാകേഷ്‌




പെട്ടിനിറച്ച് പൂത്ത കാശും കൊട്ടാരം പോലത്തെ വീടും സ്വന്തമായുള്ളവര്‍ നിര്‍ബന്ധമായും വാങ്ങുന്ന ഇലക്‌ട്രോണിക് ഉപകരണമാണ് ഹോം തിയേറ്റര്‍ പ്രൊജക്ടര്‍. വീട്ടിലെ മുറിയില്‍ ഈ പ്രൊജക്ടര്‍ സ്ഥാപിച്ച് അതൊരു കൊച്ചു സിനിമാ തിയേറ്ററാക്കി മാറ്റും. അമിതാഭ് ബച്ചന്റെയും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജയറാമിന്റെയും മറ്റുനിരവധി താരങ്ങളുടെയും വീടുകളില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹോംതിയേറ്ററുണ്ട്. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കുവേണ്ടി സ്വന്തം സിനിമകളുടെ പ്രിവ്യൂ സംഘടിപ്പിക്കാനും റീമേക്ക് താത്പര്യങ്ങളോടെ അന്യഭാഷാചിത്രങ്ങള്‍ കാണാനുമെല്ലാം നടന്‍മാര്‍ക്ക് ഹോം തിയേറ്റര്‍ പ്രയോജനപ്പെടുന്നു. നല്ലൊരു ഹോംതിയേറ്ററിന് വേണ്ടി കാശുമുടക്കാന്‍ തയ്യാറുള്ളവര്‍ സിനിമാക്കാര്‍ മാത്രമല്ല. ബിസിനസുകാരും പ്രൊഫഷനല്‍സുമെല്ലാം ഈ ഹൈടെക് സംവിധാനം ഇഷ്ടപ്പെടുന്നവരാണ്.

ഹോംതിയേറ്റര്‍ സൗണ്ട് സിസ്റ്റം എല്ലാ ഇലക്‌ട്രോണിക് കടകളിലും കിട്ടുമെങ്കിലും പ്രൊജക്ടറുകളോടു കൂടിയ ഹോം തിയേറ്ററുകള്‍ ഓര്‍ഡര്‍ ചെയ്തുവരുത്തേണ്ടവയാണ്. എപ്‌സണ്‍, പാനസോണിക്, ഡെല്‍, ജെ.വി.സി. എന്നീ കമ്പനികളാണ് ഹോംതിയേറ്റര്‍ പ്രൊജക്ടര്‍ രംഗത്തെ മുന്‍നിരക്കാര്‍. അവിടെയൊന്നും സോണി എന്ന ജപ്പാന്‍ കമ്പനിയുടെ പേരുകേള്‍ക്കാനേ ഉണ്ടായിരുന്നില്ല.

ഇപ്പോഴിതാ ലോകോത്തരമായ ഹോംതിയേറ്റര്‍ പ്രൊജക്ടര്‍ അവതരിപ്പിച്ചുകൊണ്ട് ഗാഡ്ജറ്റ് വിപണിയെ ഞെട്ടിച്ചിരിക്കുകയാണ് സോണി. വിപിഎല്‍-വി.ഡബ്ല്യു.1000 ഇ.എസ് (VPL-VW1000ES 4K) എന്ന ഈ പ്രൊജക്ടറിന്റെ വില കേട്ടാലാണ് ശരിക്കും ഞെട്ടുക - 14 ലക്ഷം രൂപ. നാട്ടിന്‍പുറത്ത് നല്ലൊരു വീടും പറമ്പും വാങ്ങാന്‍ മതിയാകുന്ന ഈ തുക ചെലവാക്കി ആരെങ്കിലും ഹോംതിയേറ്റര്‍ വാങ്ങുമോ എന്നു പുച്ഛിക്കാന്‍ വരട്ടെ. 14 ലക്ഷം എന്ന തൊട്ടാല്‍ പൊള്ളുന്ന വിലതന്നെയാകും ഈ ഉപകരണം വാങ്ങാന്‍ പണക്കാരെ പ്രേരിപ്പിക്കുകയെന്നുറപ്പ്. ഒന്നരക്കോടിയുടെ ബെന്‍സ് കാര്‍ വാങ്ങി പൊങ്ങച്ചം കാട്ടുന്ന എത്രയോ പുതുമടിശ്ശീലക്കാരുള്ള ഈ രാജ്യത്ത് സോണിയുടെ പുതിയ ഹോംതിയേറ്റര്‍ ഒരു കലക്കു കലക്കുമെന്നതില്‍ സംശയം വേണ്ട.


വെറുതെ വില കൂട്ടുകയല്ല അതിനുള്ള മൂല്യം തരുന്നുണ്ട് ഈ പ്രൊജക്ടറെന്ന കാര്യം പറയാതെ വയ്യ. ലോകത്തെ ആദ്യ 4കെ (4K) ഹോം തിയേറ്റര്‍ പ്രൊജക്ടറാണിത്. ഡിജിറ്റല്‍ സിനിമാട്ടോഗ്രഫിയിലെ ഏറ്റവും പുതിയ അളവുകോലാണ് 4കെ. സ്‌ക്രീനിന്റെ മുകളില്‍ നിന്ന് താഴേക്കുള്ള പിക്‌സലുകളുടെ എണ്ണത്തിന്റെ മികവിലാണ് ഡിജിറ്റല്‍ ടെലിവിഷന്‍ വ്യവസായത്തില്‍ ഇതുവരെ കാര്യങ്ങള്‍ നിശ്ചയിച്ചിരുന്നത്. 480പി, 576പി, 720പി, 1080പി എന്നൊക്കെ ഹൈഡെഫനിഷന്‍ ദൃശ്യങ്ങളുടെ ഗുണമേന്‍മ അളന്നിരുന്നത് ഈയൊരു പിക്‌സല്‍ എണ്ണത്തിലാണ്. എന്നാല്‍ 4കെയുടെ അളവുകോല്‍ സ്‌ക്രീനിനു കുറുകെയുളള പിക്‌സലുകളുടെ എണ്ണമാണ്. 4കെ വീഡിയോ എന്നത് പൂര്‍ണതോതിലുള്ള ഹൈഡെഫനിഷന്‍ വീഡിയോയുടെ നാലിരട്ടി റിസൊല്യൂഷന്‍ വരും. എച്ച്.ഡി. ടി.വിേെയക്കാള്‍ നാലിരട്ടി ചിത്രമിഴിവ് 4കെ വീഡിയോകള്‍ക്കുണ്ടാകും എന്നര്‍ഥം. 4096 ഃ 2160 റിസൊല്യൂഷനാണ് 4കെ നല്‍കുക.

4കെ വീഡിയോ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൊജക്ടറുകള്‍ മുമ്പ് ഇറങ്ങിയിട്ടുണ്ട്. 25 ലക്ഷത്തിന് മുകളിലേക്കാണ് അതിനൊക്കെ വില. എന്നാല്‍, ഈ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഹോംതിയേറ്റര്‍ പ്രൊജക്ടര്‍ എന്നതാണ് സോണിയുടെ മോഡലിനെ വ്യത്യസ്തമാക്കുന്നത്. എസ്.ഡി., എച്ച്.ഡി., ത്രിഡി ഫോര്‍മാറ്റിലുള്ള വീഡിയോകളെ 4കെ ഫോര്‍മാറ്റിലേക്ക് മാറ്റാനുള്ള സൗകര്യവും ഈ പ്രൊജക്ടറിലുണ്ട്. കടകളില്‍ കിട്ടുന്ന ഹൈഡെഫനിഷന്‍ വീഡിയോ സി.ഡി. വാങ്ങി ഈ പ്രൊജക്ടറിലിട്ടു കണ്ടാല്‍ 4കെ ദൃശ്യാനുഭവം അനുഭവിക്കാനാകും. 200 ഇഞ്ച് വരെ വിസ്താരമേറിയ സ്‌ക്രീന്‍ പ്രൊജക്ഷനാണ് ഈ പ്രൊജക്ടര്‍ വാഗ്ദാനം ചെയ്യുന്നത്.


''ഹൈ റിസൊല്യൂഷന്‍ എന്റര്‍ടെയ്ന്‍മെന്റ് നിങ്ങളുടെ വീട്ടിലെത്തിക്കുക എന്നതാണ് സോണിയുടെ ലക്ഷ്യം. ഇതുവരെയിറങ്ങിയ ഒരു ഹോംതിയേറ്റര്‍ പ്രൊജക്ടറിനും എത്തിപ്പിടിക്കാനാവാത്ത ദൃശ്യമികവാണ് ഞങ്ങളുടെ പ്രൊഡക്ടര്‍ സമ്മാനിക്കുക' - സോണി ഇന്ത്യയുടെ പ്രൊഫഷണല്‍ സൊല്യൂഷന്‍ ഡിവിഷന്‍ ഡി.ജി.എം. മുനേതാക്ക സത്തോരു ഉറപ്പുതരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ പ്രൊജക്ടര്‍ ഇന്ത്യന്‍വിപണിയില്‍ ലഭിച്ചുതുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

14 ലക്ഷം രൂപ ചെലവിട്ടു പ്രൊജക്ടര്‍ വാങ്ങിയാല്‍ അതിലിട്ടു കാണാന്‍ ആവശ്യമായ 4കെ വീഡിയോകള്‍ എവിടെ നിന്നു കിട്ടും എന്ന് ആശങ്കപ്പെടുന്നവരുണ്ടാകും. സാദാ എച്ച്.ഡി. വീഡിയോകള്‍ 4കെയിലേക്ക് മാറ്റുമ്പോള്‍ ഉദ്ദേശിച്ച മികവു കിട്ടുമോയെന്ന സംശയം ഉയരുന്നതും സ്വാഭാവികം. ഇതുവരെ എഴുപതു ഹോളിവുഡ് സിനിമകള്‍ മാത്രമേ 4കെ വീഡിയോ വെര്‍ഷനില്‍ ഇറങ്ങിയിട്ടുള്ളു എന്ന കാര്യവും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ സോണി ഒരു ഇലക്‌ട്രോണിക് ഉല്‍പന്ന നിര്‍മാണക്കമ്പനി മാത്രമല്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. ലോകത്തെ പ്രധാനപ്പെട്ട ചലചിത്രനിര്‍മാണ സ്റ്റുഡിയോ ആയ സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് എന്ന സ്ഥാപനത്തിന്റെ കൂടി ഉടമകളാണവര്‍. തങ്ങളുടെ കൈവശമുള്ള പുതിയതും പഴയതുമായ സിനിമകള്‍ മുഴുവന്‍ 4കെയില്‍ ആക്കാന്‍ സോണി തീരുമാനമെടുത്താല്‍ ഈ രംഗത്ത് വലിയ മാറ്റമായിരിക്കും ഉണ്ടാവുക.
TAGS:
sony  |  4k  |  vpl-vw1000es projector 


Stories in this Section