വേനലില്‍ കുളിരേകാന്‍ 'സൗരോര്‍ജ ഷര്‍ട്ട്'

Posted on: 16 Apr 2013




കൊല്‍ക്കത്ത: വെയില്‍ച്ചൂടില്‍ അല്പം ആശ്വാസം കിട്ടണമെങ്കില്‍ ഷര്‍ട്ടിട്ടാല്‍ മതി! വെറും ഷര്‍ട്ടല്ല, 'സൗരോര്‍ജ വേനല്‍ ഷര്‍ട്ട്' ( Solar Shirt ) സോളാര്‍ സെല്ലുകളും ഫാനുകളും പിടിപ്പിച്ച ഈ ഷര്‍ട്ടിട്ടാല്‍, വേനലിലും വാടാതിരിക്കാം.

പക്ഷേ, ഷര്‍ട്ടിതുവരെ യാഥാര്‍ഥ്യമായിട്ടില്ല. അതിനുള്ള ശ്രമത്തിലാണ് ബംഗാള്‍ എന്‍ജിനീയറിങ് ആന്‍ഡ് സയന്‍സ് സര്‍വകലാശാലയിലെ അധ്യാപകനായ ശാന്തിപദ ഗോന്‍ ചൗധരിയും സംഘവും. സുസ്ഥിര ഊര്‍ജ വികസനത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരമായ ആഷ്ഡന്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളയാളാണ് ഗോന്‍ ചൗധരി.

ഷര്‍ട്ടില്‍ ചെറിയ സൗരോര്‍ജ സെല്ലുകള്‍ പിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗോന്‍ചൗധരി പറഞ്ഞു. രണ്ടര-മൂന്നിഞ്ച് വലിപ്പമുള്ള സെല്ലുകള്‍ വഴി 400 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം. ഈ വൈദ്യുതി കൊണ്ട്, ഷര്‍ട്ടില്‍ പിടിപ്പിക്കുന്ന ഫാന്‍ പ്രവര്‍ത്തിപ്പിക്കാം.

ഷര്‍ട്ടിന് രണ്ട് പാളികള്‍ ഉണ്ടാകും. ഒന്നില്‍, രണ്ടുമുതല്‍ നാലുവരെ ചെറുഫാനുകള്‍ പിടിപ്പിക്കും. കമ്പ്യൂട്ടറിനുള്ളില്‍ കാണുന്ന ഫാനുകളേക്കാള്‍ ചെറുതായിരിക്കും ഇവ. സൗരോര്‍ജം വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതികൊണ്ട് ഈ ഫാനുകള്‍ പ്രവര്‍ത്തിക്കും. അങ്ങനെ സദാ തണുത്തിരിക്കാം എന്നാണ് ഗോന്‍ ചൗധരി പറയുന്നത്. സൗരോര്‍ജ ഷര്‍ട്ടിന് 1600 രൂപയേ വിലവരൂ. ഷര്‍ട്ട് ശരീരത്തിന് ദോഷം ചെയ്യില്ലെന്നും ഇദ്ദേഹം പറയുന്നു.

ഈ ഷര്‍ട്ടില്‍ നിന്ന് മൊബൈല്‍ ഫോണും ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളും ചാര്‍ജ് ചെയ്യാം. ഷര്‍ട്ട് എല്ലാ സമയവും ധരിക്കേണ്ടതില്ല. കുറച്ചുനേരം വെയിലുകൊള്ളിച്ചാല്‍ തന്നെ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനാവശ്യമായ ഊര്‍ജം ലഭിക്കും. ഈ വിഷയത്തില്‍ ഗവേഷണം നടത്താന്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനെ ഗോന്‍ ചൗധരി സമീപിച്ചിട്ടുണ്ട്.



Stories in this Section