വാച്ചിനെ സ്മാര്‍ട്ടാക്കി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

Posted on: 05 Jul 2013


-സ്വന്തം ലേഖകന്‍




ഫോണ്‍ വിളിക്കാം, ഫോട്ടോയെടുക്കാം, ആപ്‌സുകള്‍ ഡൗണ്‍ലോഡ് ചെയ്യാം, യു.എസ്.ബി. പോര്‍ട്ടുപയോഗിച്ച് സ്‌റ്റോറേജിനുപയോഗിക്കാം. പറഞ്ഞുവരുന്നത് ഏതെങ്കിലും സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ചാണെന്ന് കരുതിയെങ്കില്‍ തെറ്റി. ബില്‍ട്ടിന്‍ ക്യാമറയുള്ള, ഫോണ്‍ വിളിക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യ സ്മാര്‍ട്ട്‌വാച്ചിനെക്കുറിച്ചുള്ളതാണ് ഈ വിവരണം.

ഇന്ത്യക്കാരായ നാല് വിദ്യാര്‍ഥികളാണ് 'ആന്‍ഡ്രോയ്ഡ്‌ലി' ( Androidly ) എന്ന സ്മാര്‍ട്ട്‌വാച്ചിന് പിന്നില്‍. പാട്‌ന കേന്ദ്രമായുള്ള ആന്‍ഡ്രോയ്ഡ്‌ലി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ വാച്ചിന് രൂപംനല്‍കിയത്. 'പൂര്‍ണ്ണ ഫീച്ചറുകളുള്ള ലോകത്തെ ആദ്യ ആന്‍ഡ്രോയ്ഡ് വാച്ച്' - എന്നാണ് ഈ ഉപകരണത്തെ കമ്പനിയുടെ സി.ഇ.ഒ. അപൂര്‍വ സുകാന്ത് വിശേഷിപ്പിക്കുന്നത്.

യഥാര്‍ഥത്തില്‍ ലോകത്തെ ആദ്യ സ്മാര്‍ട്ട് വാച്ചല്ല ആന്‍ഡ്രോയ്ഡ്‌ലി. 'പെബിള്‍' ( Pebble ), സോണിയുടെ 'ലൈവ് വാച്ച്' ( Live Watch ) മുതലായ സ്മാര്‍ട്ട്‌വാച്ചുകള്‍ ഇതിനകം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അവയൊക്കെ കീശയിലെ സ്മാര്‍ട്ട്‌ഫോണുമായി വയര്‍ലെസ്സായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ്. പൂര്‍ണതോതില്‍ ഒരു ഓപ്പറ്റേറ്റിങ് സിസ്റ്റം ആദ്യമായി ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്ഡ്‌ലിയിലാണ്.


ആപ്പിളിനെപ്പോലുള്ള വമ്പന്‍മാര്‍ സ്മാര്‍ട്ട്‌വാച്ച് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ്, ഒരുസംഘം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഈ മുന്നേറ്റം നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

രണ്ടിഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനും 2 എംപി ക്യാമറയുമുള്ള ആന്‍ഡ്രോയ്ഡ്‌ലിക്ക് കരുത്ത് പകരുന്നത് 416 MhZ പ്രൊസസറാണ്. 256 എംബി റാമുള്ള ഈ സ്മാര്‍ട്ട്‌വാച്ചില്‍ 16 ജിബി വരെയുള്ള എസ്.ഡി.കാര്‍ഡ് ഉപയോഗിക്കാം. 160 ഗ്രാമാണ് ഭാരം.

ആന്‍ഡ്രോയ്ഡ് 2.2 ഫ്രോയോ വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ വാച്ചില്‍ ബ്ലൂടൂത്ത്, ജി.പി.എസ്, ആക്‌സലറോമീറ്റര്‍ ഒക്കെയുണ്ട്. സ്പീക്കറും ക്യാമറയും മൈക്രോഫോണും വാച്ചില്‍ ഇന്‍ബില്‍റ്റായി ചേര്‍ത്തിരിക്കുന്നു. മാത്രമല്ല, ഫോണ്‍ ചാര്‍ജുചെയ്യാനുള്ള ഉപകരണമായും ആന്‍ഡ്രോയ്ഡ്‌ലി ഉപയോഗിക്കാനാകും.

അഭിഭാഷകനും സംരംഭകനുമായ സുകാന്തിനെ കൂടാതെ, സോഫ്റ്റ്‌വേര്‍ ഡെവലപ്പര്‍ അങ്കിത് പ്രധാന്‍, കമ്മ്യൂണിക്കേഷന്‍സ് രംഗത്തുള്ള പവനീത് സിങ് പുരി, ഡിസൈനര്‍ സിദ്ധാന്ത് വാറ്റ്‌സ് എന്നീ നാല്‍വര്‍സംഘമാണ് ആന്‍ഡ്രോയ്ഡ്‌ലിക്ക് പിന്നില്‍. ഇതില്‍ ആദ്യ മൂന്നുപേരും 24 വയസ്സുകാരാണ്, ഡിസൈനറായ സിദ്ധാന്ത് വാറ്റ്‌സ് പതിനേഴുകാരനും.


'ഞങ്ങള്‍ നാലാളും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. ഞാന്‍ കോളേജ് സ്റ്റുഡന്റ് കൗണ്‍സിലില്‍ അംഗമായിരുന്നു. കോളേജ് ഫെസ്റ്റിവെലുമായി ബന്ധപ്പെട്ട് ധാരാളം ഫോണ്‍കോളുകളെത്തിയിരുന്നു. ഒരു ദിവസം ഭക്ഷണം കഴിക്കുകയായിരുന്നു. കൈയില്‍ ചിക്കന്‍കറി പുരണ്ടിരിക്കുമ്പോള്‍ ഫോണ്‍കോള്‍ വന്നു. എനിക്ക് ഫോണ്‍ പോക്കറ്റില്‍ നിന്നെടുക്കാന്‍ കഴിഞ്ഞില്ല' -സ്മാര്‍ട്ട്‌വാച്ചെന്ന ആശയത്തിലേക്കെത്തിയത് എങ്ങനെയെന്ന് സുകാന്ത് വിവരിക്കുന്നു.

'പിന്നീട്, മറ്റൊരിക്കല്‍ ഭക്ഷണവേളയില്‍ ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ചചെയ്തു. കുറച്ചുകൂടി അനായാസം ഉപയോഗിക്കാവുന്ന ഒരുപകരണം വികസിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചു' - സുകാന്ത് ഓര്‍ക്കുന്നു. ഒരു റിസ്റ്റ്‌വാച്ച് അത്തരത്തില്‍ രൂപപ്പെടുത്തുക എന്നതായിരുന്നു ഏറ്റവും പ്രായോഗികമായ സംഗതി.

അങ്ങനെയാണ് ആന്‍ഡ്രോയ്ഡ്‌ലി എന്ന ആശയത്തിന്റെ ബീജാവാപം നടന്നത്. ഇപ്പോള്‍ കമ്പനിയുടെ സൈറ്റില്‍നിന്ന് ഈ സ്മാര്‍ട്ട്‌വാച്ച് ഓര്‍ഡര്‍ ചെയ്യാം. വില 225 ഡോളര്‍ (ഏതാണ്ട് 13,500 രൂപ).

ചിത്രങ്ങള്‍ കടപ്പാട് : Androidly
TAGS:


Stories in this Section