ആഗോളതലത്തില്‍ മൊബൈല്‍ ഫോണ്‍ രംഗത്ത് സാംസങും ആപ്പിളുമൊക്കെയാകും രാജാക്കന്മാര്. ഇന്ത്യയില്‍ പക്ഷേ, കഥ വേറെയാണ്. ഇവിടെ ഇപ്പോഴും ഫിന്നിഷ് കമ്പനിയായ നോക്കിയ തന്നെ മുന്നില്‍.
2012 ല്‍ ഇന്ത്യന്‍ മൊബൈല്‍ വിപണിയുടെ 21.8 ശതമാനം പങ്ക് നോക്കിയയുടെ കൈയിലാണെന്ന്, 'സൈബര്‍മീഡിയ റിസര്‍ച്ച്' (CMR) നടത്തിയ പഠനം വ്യക്തമാക്കുന്നു. തൊട്ടുപിന്നിലുള്ള സാംസങിന്റെ വിപണി വിഹിതം 13.7 ശതമാനം മാത്രം. 6.6 ശതമാനവുമായി, ഇന്ത്യന്‍ ഹാന്‍സെറ്റ് നിര്‍മാതാവ് മൈക്രോമാക്സാണ് മൂന്നാംസ്ഥാനത്ത്.
എന്നാല്‍, വരും വര്‍ഷങ്ങളില്‍ കാര്യങ്ങള്‍ ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല എന്ന് പുതിയ പഠനം സൂചന നല്കുന്നു. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വിറ്റഴിയുന്നത് ഫീച്ചര്‍ ഫോണുകളാണെങ്കിലും, സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയുടെ തോതില്‍ പോയ വര്‍ഷത്തെക്കാള്‍ വലിയ വര്‍ധനയുണ്ടായി എന്നാണ് പഠനം വ്യക്തമാക്കുന്നത്.
2012 ല്‍ ഇന്ത്യന്‍ വിപണിയില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന 20.8 ശതമാനം വര്‍ധിച്ചു. 2012 ല്‍ രാജ്യത്ത് മൊത്തം വിറ്റഴിഞ്ഞ മൊബൈല്‍ യൂണിറ്റുകളുടെ എണ്ണം 22.16 കോടിയാണ്. 2011 ല്‍ ഇത് 18.34 കോടി ആയിരുന്നു. സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന കുതിച്ചു കയറിയതാണ് 2012 ലെ വര്‍ധനയ്ക്ക് മുഖ്യകാരണം.
ഇന്ത്യയില്‍ പോയ വര്‍ഷം വിറ്റഴിഞ്ഞ മൊബൈലുകളില്‍ ഏഴ് ശതമാനം മാത്രമേ സ്മാര്ട്ട്ഫോണുകളുള്ളൂ എങ്കിലും, ആ സെഗ്മെന്റ് 35.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2011 ല്‍ 112 ലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ വിറ്റിടത്ത് കഴിഞ്ഞ വര്‍ഷം അത് 152 ലക്ഷമായി.
ഫീച്ചര്‍ഫോണുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് 19.9 ശതമാനം വര്‍ധനയാണ്. 2011 ല്‍ 17.22 കോടി ഫീച്ചര്‍ ഫോണുകള്‍ വിറ്റിടത്ത്, കഴിഞ്ഞ വര്‍ഷം 20.64 കോടി വിറ്റുപോയി.
സ്മാര്‍ട്ട്ഫോണുകള്‍ വലിയ ആവേശമുണര്‍ത്തുന്നു എങ്കിലും, ഇന്ത്യന്‍ മൊബൈല്‍ വിപണി ഇപ്പോഴും ഫീച്ചര്‍ ഫോണുകളുടെ മേധാവിത്വത്തിന് കീഴിലാണ് - സി.എം.ആറിലെ വിദഗ്ധന്‍ ഫൈസല്‍ കവൂസ നിരീക്ഷിച്ചു. ഇതിനര്‍ഥം, സ്മാര്‍ട്ട്ഫോണുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ വിപണി ഇപ്പോഴും കന്നിമണ്ണ് തന്നെയെന്നാണ്.
ഫീച്ചര്‍ ഫോണുകളുടെ മേധാവിത്വമാണ് നോക്കിയുടെ ഒന്നാംസ്ഥാനം ഇപ്പോഴും ഇവിടെ ഉറപ്പിച്ച് നിര്‍ത്തുന്നത്. മൊത്തം മൊബൈലുകളുടെ കാര്യത്തില്‍ നോക്കിയയുടെ വിപണി വിഹിതം 21.8 ശതമാനമാണെങ്കില്‍, ഫീച്ചര്‍ ഫോണുകളുടെ കാര്യത്തില്‍ അത് 22.5 ശതമാനമാണ്. സാംസങിന് അക്കാര്യത്തിലുള്ള വിഹിതം 11.5 ശതമാനം മാത്രം.
അതേസമയം, 2012 ല്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 43.1 ശതമാനവുമായി സാംസങ് തന്നെയാണ് രാജാവ്. അടുത്ത സ്ഥാനങ്ങള്‍ യഥാക്രമം നോക്കിയയ്ക്കും (13.3 ശതമാനം), സോണിക്കും (8.2 ശതമാനം) ആണ്.