കലാപഭൂമികളിലെ രക്ഷാപ്രവര്‍ത്തകര്‍ക്കും, അപകട മേലകളില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംരക്ഷകര്‍ക്കും തുണയാകാന്‍ സ്മാര്‍ട്ട് ബ്രേസ്‌ലറ്റ് എത്തുന്നു. രക്ഷാപ്രവര്‍ത്തകര്‍ ബന്ദികളാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അക്കാര്യം പുറംലോകത്തെ അറിയിക്കാനാണ് ബ്രേസ്‌ലറ്റ് സഹായിക്കുക.
സിവില്‍ റൈറ്റ്‌സ് ഡിഫന്‍ഡേഴ്‌സ് (സി.ആര്‍.ഡി) വികസിപ്പിച്ച ജി.പി.എസ് ബ്രേസ്‌ലറ്റ് ധരിച്ചിരിക്കുന്നയാള്‍ക്ക് സ്വന്തമായി അത് പ്രവര്‍ത്തിപ്പിക്കാം, ബന്ദിയാക്കുന്നവര്‍ ബലമായി ഊരിമാറ്റിയാലും അത് പ്രവര്‍ത്തനക്ഷമമാകും. അപ്പോള്‍ ബ്രേസ്‌ലറ്റില്‍ നിന്നൊരു പേഴ്‌സണല്‍ അലാറാം പുറപ്പെടും.
ബ്രേസ്‌ലറ്റ് ധരിച്ചയാളുടെ ജി.പി.എസ്.ലൊക്കേഷന്‍ അടക്കമുള്ള സിഗ്നല്‍ സ്റ്റോക്ക്‌ഹോമിലെ സി.ആര്‍.ഡി.ലാണ് ലഭിക്കുക. മാത്രമല്ല, ബ്രേസ്‌ലറ്റ് രൂപപ്പെടുത്താന്‍ പ്രയത്‌നിച്ച 'നതാലിയ പ്രോജക്ടി'ന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലും ഓട്ടോമാറ്റിക് അറിയിപ്പുകള്‍ പോസ്റ്റ് ചെയ്യപ്പെടും.
ആപത്തില്‍ പെടുന്നയാളെ പിന്തുടരാന്‍ കഴിയാത്ത അവസ്ഥ, ജി.പി.എസ്., സോഷ്യല്‍ മീഡിയ തുടങ്ങിയവയുടെ സഹായത്തോടെ ഈ ബ്രേസ്‌ലറ്റ് ഇല്ലാതാക്കുന്നു. കാഴ്ചയില്‍ ബ്രേസ്‌ലറ്റാണെങ്കിലും, അതിന്റെ പിന്നിലുള്ളത് മൊബൈല്‍ ഫോണ്‍ ടെക്‌നോളജിയാണ്.
ഇത്തരം ആദ്യ ബ്രേസ്‌ലറ്റുകള്‍ സി.ആര്‍.ഡി. കഴിഞ്ഞയാഴ്ച വിതരണം ചെയ്തു. താമസിയാതെ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇത് ലഭിക്കും.
'ഒരു അവസരം കിട്ടിയാല്‍, നമ്മളില്‍ മിക്കവരും അപകടത്തില്‍ പെട്ട മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കുന്നവരാണ്' - സി.ആര്‍.ഡി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോബര്‍ട്ട് ഹാര്‍ഥ് പറഞ്ഞു.
ബ്രേസ്‌ലറ്റില്‍ നിന്നുള്ള സിഗ്നല്‍ ലഭിച്ചാല്‍, ബന്ദിയാക്കപ്പെട്ട അല്ലെങ്കില്‍ ജയിലിലടയ്ക്കപ്പെട്ട രക്ഷാപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ സര്‍ക്കാരുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്താനാകും. 2014 അവസാനത്തോടെ മൊത്തം 55 ബ്രേസ്‌ലറ്റുകള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കാനാണ് പദ്ധതിയിടുന്നത്.
2009 ല്‍ ചെചനിയയില്‍ വെച്ച് മനുഷ്യാവകാശ പ്രവര്‍ത്തക നതാലിയ എസ്റ്റിമിറോവയെ അക്രമികള്‍ ബന്ദിയാക്കി 24 മണിക്കൂറിനകം വധിച്ച സംഭവമാണ്, ഇത്തരം സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതിന് സി.ആര്‍.ഡിക്ക് പ്രേരണയായത്. അതിനായി തുടങ്ങിയ 'നതാലിയ പദ്ധതി'യുടെ ആദ്യ പ്രോഡക്ടാണ് സ്മാര്‍ട്ട് ടാബ്‌ലറ്റ്.
സര്‍ക്കാര്‍ പിന്തുണയുള്ള തീവ്രവാദികള്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ രേഖപ്പെടുന്ന പ്രവര്‍ത്തനത്തിനിടെ ആയിരുന്നു നതാലിയ കൊല്ലപ്പെട്ടത്.