ഒരു പുതിയ മൊബൈല്‍ ഫോണ്‍ പുറത്തിറക്കുമ്പോള്‍ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന ചിന്തയിലായിരുന്നു ജപ്പാനിലെ ഷാര്‍പ്പ് കോര്‍പ്പറേഷന്‍. കാല്‍ക്കുലേറ്റര്‍ മുതല്‍ എല്‍.സി.ഡി. ടെലിവിഷന്‍ വരെ നിര്‍മിക്കുന്ന കമ്പനി ഏറെക്കാലമായിട്ടില്ല മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാണരംഗത്തേക്ക് കടന്നിട്ട്. ചില മോഡലുകളിറക്കിയെങ്കിലും മാര്‍ക്കറ്റിങിലെ പാളിച്ചകള്‍ കാരണം അതൊന്നും ക്ലച്ച് പിടിച്ചില്ല. ഇപ്പോഴിതാ 'അക്വോസ്്' എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകളിറക്കി വന്‍തിരിച്ചുവരവിന് ശ്രമിക്കുകയാണ് കമ്പനി. ജപ്പാനില്‍ കഴിഞ്ഞയാഴ്ച അക്വോസ്' ഫോണുകളുടെ ആഗോള ലോഞ്ചിങ് നടന്നു.
നിലവില്‍ ഒരു ഫോണുകള്‍ക്കുമില്ലാത്ത ചില പ്രത്യേകതകളുമായാണ് അക്വോസിന്റെ വരവ്. വ്യത്യസ്തത ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്തും ഈ ഫോണ്‍. അക്വോസ് ഹൈബ്രിഡ് 007എസ്.എച്ച് ആണ് പുതുതായി പുറത്തിറങ്ങിയ അക്വോസ് നിരയിലെ കേമന്‍. ക്ലാംെഷല്‍ മോഡലിലുള്ള ലോകത്തെ ആദ്യസ്മാര്‍ട്ട്‌ഫോണ്‍ ആണിതെന്ന് ഷാര്‍പ്പ് കോര്‍പ്പറേഷന്‍ അവകാശപ്പെടുന്നു. എന്താണ് ക്ലാംഷെല്‍ എന്നല്ലേ, മടക്കുന്ന രീതിയിലുള്ള ഫോണുകളുടെ ഓമനപ്പേരാണിത്്. ഫ്ലാപ്പ്‌ടൈപ്പ് എന്നും ഇത്തരം ഫോണുകളെ വിശേഷിപ്പിക്കാറുണ്ട്.
ക്ലാംഷെല്‍ ഫോണുകള്‍ക്ക് ആരാധകര്‍ ഒട്ടേറെയുണ്ട്. കാഴ്ചയിലെ സൗന്ദര്യം തന്നെയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. മൊബൈല്‍ഫോണുകളൂടെ തുടക്കകാലം തൊട്ട് ക്ലാംഷെല്‍ മോഡലുകളും ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ക്ലാംഷെല്‍ രീതിയിലുള്ള സ്മാര്‍ട്‌ഫോണുകള്‍ ഇതുവരെ ഒരു കമ്പനിയും പുറത്തിറക്കിയിട്ടില്ല.
ക്യൂവെര്‍ട്ടി കീപാഡ് സജ്ജമാക്കുന്നതിനുള്ള അസൗകര്യവും സ്‌ക്രീനിന്റെ വലിപ്പക്കുറവുമാകാം ക്ലാംഷെല്‍ രപത്തിലുളള സ്മാര്‍ട്‌ഫോണുകള്‍ പിറവിയെടുക്കാതിരുന്നതിന് കാരണം. ആ പരിമിതികളെല്ലാം മറികടന്നുകൊണ്ടാണ് ഷാര്‍പ്പ് ഇപ്പോള്‍ അക്വോസ് പുറത്തിറക്കിയിരിക്കുന്നത്. രണ്ടുവശത്തേക്കും മടക്കാവുന്നതാണ് ഷാര്‍പ്പിന്റെ ഈ മോഡലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ സ്‌ക്രീന്‍ പുറത്തേക്കാക്കിയും ഫോണ്‍ അടയ്ക്കാനാകുമെന്നര്‍ഥം.
ക്ലാംഷെല്‍ രുപത്തില്‍ മാത്രമൊതുങ്ങുന്നതല്ല അക്വോസ് ഹൈബ്രിഡിന്റെ പ്രത്യേകത. 16 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിലുള്ളത്. 16 മെഗാപിക്‌സല്‍ ക്യാമറയുള്ള ആദ്യ സ്മാര്‍ട്‌ഫോണും ഇവന്‍ തന്നെ. 3.4 ഇഞ്ച് നേക്കഡ്-ഐ എല്‍.സി.ഡി. ടച്ച്‌സ്‌ക്രീനും ഇതിലുണ്ട്. കണ്ണട ഉപയോഗിക്കാതെ തന്നെ ത്രിഡി ദൃശ്യങ്ങള്‍ മിഴിവോടെ കാണാനാകുമെന്നതാണ് ഇതുകൊണ്ടുള്ള ഗുണം. മൊബൈല്‍ ഡിജിറ്റല്‍ ടി.വി. ട്യൂണര്‍, ഹൈഡെഫനിഷന്‍ ടെലിവിഷനിലേക്ക് കണക്ട് ചെയ്യാവുന്ന എച്ച്.ഡി.എം.ഐ. കണക്ടര്‍ എന്നിവയും ഫോണിലുണ്ട്.
ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനിലാണ് അക്വോസ് ഹൈബ്രിഡ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. വൈഫൈ, ജി.പി.എസ്., ബ്ലൂറേ റെക്കോഡര്‍ കണക്ടിവിറ്റി, ഡിജിറ്റല്‍ വാലറ്റ് ഫങ്ഷന്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങളെല്ലാം അക്വോസ് ഹൈബ്രിഡിലുണ്ട്. നൂറുശതമാനം വാട്ടര്‍പ്രൂഫായ ഈ ഫോണിന്റെ ഭാരം 140 ഗ്രാം. ഈ പുതുമോഡലിന്റെ വിലയെത്രയാകുമെന്ന കാര്യം ഷാര്‍പ്പ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഏതാനും മാസങ്ങള്‍ക്കകം അക്വോസ് ഹൈബ്രിഡ് 007എസ്.എച്ച്. ലഭിച്ചുതുടങ്ങുമെന്നാണ് അറിയുന്നത്.