ഇന്‍റര്‍നെറ്റില്‍ രതിസൈറ്റുകള്‍ക്ക് പ്രത്യേക ഡൊമെയിന്‍

Posted on: 19 Mar 2011



കാലിഫോര്‍ണിയ: ഇന്‍റര്‍നെറ്റില്‍ രതിയുടെ ലോകം തുറക്കുന്ന വെബ്‌സൈറ്റുകള്‍ക്കായി പ്രത്യേക ഡൊമെയിന്‍ അനുവദിക്കാന്‍ ഇന്‍റര്‍നെറ്റ് നിരീക്ഷണസ്ഥാപനമായ ഐകാന്‍ തീരുമാനിച്ചു. ഇതോടെ.com, .org എന്നിവപോലെ ഇത്തരം വെബ്‌സൈറ്റുകള്‍ക്കുമാത്രമായി .xxx എന്ന ഡൊമെയിന്‍ ലഭിക്കും. രതി വെബ്‌സൈറ്റുകള്‍ക്കായി പ്രത്യേക ഡൊമെയിന്‍ നല്‍കുന്ന ഐ.സി.എം. രജിസ്ട്രി എന്ന സ്ഥാപനവും 'ഐകാനു'മായി അന്തിമകരാറില്‍ ഒപ്പുവെച്ചതോടെയാണ് ഇന്‍റര്‍നെറ്റില്‍ സാങ്കല്പികമായി 'ചുവന്ന തെരുവ്' സൃഷ്ടിക്കാനുള്ള ശ്രമം വിജയിച്ചത്.
ആവശ്യമില്ലാത്തവര്‍ക്ക് ഇത്തരം സൈറ്റുകള്‍ ഒഴിവാക്കാന്‍ പ്രത്യേക ഡൊമെയിന്‍ നല്കുന്നതിലൂടെ കഴിയുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് നിയമാനുമതി നല്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് എതിരാളികള്‍ ആരോപിക്കുന്നു.
2005-ല്‍ത്തന്നെ ഇത്തരം വെബ്‌സൈറ്റുകള്‍ക്ക് പ്രത്യേക ഡൊമെയിന്‍ നല്കാന്‍ അനുമതി നല്കിയെങ്കിലും കടുത്ത വിമര്‍ശനങ്ങളെത്തുടര്‍ന്ന് നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞവര്‍ഷം അവസാനമാണ് വീണ്ടും അനുമതി നല്കാനുള്ള തീരുമാനമെടുത്തത്. എന്തൊക്കെയായാലും കഴിഞ്ഞവര്‍ഷംതന്നെ ഇത്തരം ഡൊമെയിനുകള്‍ക്കായി 1,10,000 അപേക്ഷകള്‍ ലഭിച്ചെന്നാണ് ഐ.സി.എം. രജ്‌സ്ട്രി അവകാശപ്പെടുന്നത്.

TAGS:
sex domain  |  .xxx  |  icann  |  web 


Stories in this Section