ഗൂഗിള്‍ മാപ്‌സില്‍ 'ഇല്ലാത്ത ദ്വീപ്'

Posted on: 23 Nov 2012



ഗൂഗിള്‍ എര്‍ത്തില്‍ സാന്‍ഡി ദ്വീപ്‌


ഗൂഗിള്‍ മാപ്‌സിലുണ്ട്, ഗൂഗിള്‍ എര്‍ത്തിലുണ്ട്, പല പ്രമുഖ ലോകഭൂപടങ്ങളിലുമുണ്ട്. ശാന്തസമുദ്രത്തിന്റെ തെക്കുഭാഗത്തുള്ളതായി നാവികരേഖകളില്‍ പോലും രേഖപ്പെടുത്തിയിരിക്കുന്ന സാന്‍ഡി ദ്വീപ് തേടിപ്പോയ ഗവേഷകര്‍ കണ്ടത് കടലിന്റെ വിശാല നീലിമ മാത്രം!

ഇതുവരെ എല്ലാവരും അങ്ങനെയൊരു ദ്വീപുണ്ടെന്നാണ് കരുതിയിരുന്നത്. സാന്‍ഡി ഐലന്‍ഡ് എന്ന പേരില്‍ രേഖപ്പെടുത്തിയിട്ടുള്ള ആ മനോഹരതീരം ഓസ്ട്രലിയയ്ക്കും ഫ്രഞ്ചുഭരണപ്രദേശമായ ന്യൂ കാലിഡോണിയയ്ക്കും ഇടയ്ക്കാണെന്നായിരുന്നു വെപ്പ്.

എന്നാല്‍, ദ്വീപന്വേഷിച്ച് സിഡ്‌നി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ എത്തിയപ്പോള്‍ സംഭവം ഇല്ല! ഈ മായദ്വീപ് കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തോളമായി ലോകത്തെ വിവിധപ്രസിദ്ധീകരണങ്ങളില്‍ എങ്ങനെ പ്രത്യക്ഷമായി എന്ന അമ്പരപ്പിലാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍.

''ഇത് വളരെ വിചിത്രമായിരിക്കുന്നു!'', ദ്വീപിലിറങ്ങാന്‍ പോയ സംഘത്തിലുണ്ടായിരുന്ന മരിയ സേറ്റണ്‍ എന്ന ശാസ്ത്രജ്ഞ ആശ്ചര്യത്തോടെ പറയുന്നു: ''ഞങ്ങളുടെ കപ്പലിലുണ്ടായിരുന്ന നാവിഗേഷന്‍ ചാര്‍ട്ടില്‍ ആയിരത്തിനാനൂറുമീറ്ററാണ് അവിടെ കടലിന്റെ ആഴം കാണിച്ചിരുന്നത്. തീര്‍ച്ചയായും വളരെ ആഴമുള്ള ഒരിടം. അങ്ങനെയൊരിടത്ത് ഒരു ദ്വീപുണ്ടെന്ന തെറ്റായ വിവരം എങ്ങനെയാണ് ഗൂഗിള്‍എര്‍ത്തിലും മറ്റും കടന്നുകൂടിയത് എന്നാണ് മനസ്സിലാകാത്തത്. ഏതായാലും ഞങ്ങള്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല'.

ഇരുപത്തഞ്ചുദിവസം നീണ്ടുനിന്ന ദ്വീപന്വേഷണയാത്രയ്ക്കുശേഷം സംഘം നിരാശയോടെയാണ് മടങ്ങിയെത്തിയത്. ശാന്തസമുദ്രത്തില്‍ ഫ്രഞ്ച് അധീനതയിലുള്ള പ്രദേശങ്ങളിലാണ് സാന്‍ഡി ദ്വീപ് ഉണ്ടായിരിക്കാന്‍ സാധ്യതയെന്ന് ഓസ്‌ട്രേലിയന്‍ പത്രങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, ഫ്രഞ്ച് ഗവണ്‍മെന്‍റിന്റെ ഔദ്യോഗിക സൈറ്റുകളിലൊന്നും അങ്ങനെയൊരു ദ്വീപ് രേഖപ്പെടുത്തിയിട്ടുമില്ല.

സമുദ്രതാരകളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഓസ്‌ട്രേലിയയിലെ ഹൈഡ്രോഗ്രാഫിക് സര്‍വീസിലെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്, ആര്‍ക്കെങ്കിലും മുമ്പെപ്പോഴോ പറ്റിയ കൈപ്പിഴയാകാം വര്‍ഷങ്ങളായി 'നിലനില്‍ക്കുന്ന'ഈ മായദ്വീപിന്റെ സൃഷ്ടിക്കുപിന്നിലെന്നാണ്.

ഗൂഗില്‍ മാപ്‌സില്‍ സാന്‍ഡി ദ്വീപ് അടയാളപ്പെടുത്തിയിരിക്കുന്നത്‌


കോപ്പിയടി പിടികൂടാനായി ചില ഭൂപടനിര്‍മാതാക്കള്‍ സാങ്കല്പിക തെരുവുകളും മറ്റും മനഃപൂര്‍വം ഭൂപടങ്ങളില്‍ തിരുകിക്കയറ്റാറുണ്ട്. പക്ഷേ കടലുകളുടെ ഭൂപടത്തില്‍ സാധാരണ ആരും ഇത്തരമൊരു സൂത്രം ചെയ്യാറില്ല. അവയുടെ വിശ്വാസ്യത ഇല്ലാതാകും എന്നതുതന്നെ കാരണം.

നിരവധി വിദഗ്ധരുമായി ചര്‍ച്ചചെയ്തിട്ടാണ് തങ്ങള്‍ ഭുപടങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് ഗൂഗിള്‍ പറയുന്നത്. ''കാരണം ലോകം എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണല്ലോ''. അടുത്തയിടെ ആപ്പിള്‍ അവരുടെ സ്വന്തം മാപ്‌സ് സര്‍വീസ് അവതരിപ്പിച്ചപ്പോള്‍, ഒട്ടേറെ അബദ്ധങ്ങള്‍ അതില്‍ കടന്നു കൂടിയതായി കണ്ടെത്തിയിരുന്നു. അതിന്റെ പേരില്‍ ആപ്പിള്‍ മേധാവിക്ക് ഖേദപ്രകടനം പോലും നടത്തേണ്ടി വന്നു. എന്നാല്‍, ഗൂഗിള്‍ മാപ്‌സിനെക്കുറിച്ച് ആരും ഇതുവരെ ആക്ഷേപം ഉന്നയിച്ചിരുന്നില്ല. ഗൂഗിള്‍ മാപ്‌സും അത്ര കുറ്റമറ്റതല്ല എന്നാണ് സാന്‍ഡി ദ്വീപിന്റെ കഥ സൂചിപ്പിക്കുന്നത്.

ബി.ബി.സി.യിലെ ഉദ്യോഗസ്ഥനായ ഡങ്കന്‍ കെന്നഡി പറഞ്ഞതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും രസകരമായ കമന്‍റ്. ''അജ്ഞാതമായ തീരങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുകയാണ് എക്കാലത്തും സമുദ്ര പര്യവേക്ഷകര്‍ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ സാന്‍ഡി ദ്വീപിന്റെ കാര്യത്തില്‍ ഇത് മറിച്ചായിപ്പോയി. അങ്ങനെയൊരു ദ്വീപ് ഉണ്ടെന്ന ഉറച്ച വിശ്വാസത്തില്‍ അങ്ങോട്ടു പുറപ്പെട്ട സംഘത്തിന് ഇളിഭ്യരായി മടങ്ങേണ്ടിവന്നു!''

അതെ, ലോകത്തെങ്ങുമുള്ള ഭൂപടനിര്‍മാതാക്കളും ഇനി തിരക്കിലാകും- സാന്‍ഡിദ്വീപിനെ ഇനിയാരും ഭൂപടങ്ങളില്‍പ്പോലും കണ്ടുപിടിക്കാതിരിക്കാന്‍!
TAGS:


Stories in this Section