ഐഫോണിന്റെ ഉടല്‍, ആന്‍ഡ്രോയിഡിന്റെ ബുദ്ധി... സാംസങ് പുതുതായി അവതരിപ്പിച്ച വൈബ്രന്റ് എന്ന ഫോണിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ആപ്പിളിന്റെ ഐഫോണുമായി അമ്പരപ്പിക്കുന്ന രൂപസാദൃശ്യമാണ് വൈബ്രന്റിനുള്ളത്.
കാന്‍ഡിബാര്‍ ആകൃതി, വശങ്ങളിലെ ചതുരവടിവുകള്‍, മിനുസമേറിയ കറുത്ത ഫ്രെയിം, ഡിസ്‌പ്ലേസ്‌ക്രീനിനു ചുറ്റുമുള്ള മെറ്റാലിക് ബോര്‍ഡര്‍... എല്ലാം ഐഫോണിലേതുതന്നെ. വോള്യം, റിങര്‍ ബട്ടനുകള്‍ സ്ഥാപിച്ചിരിക്കുന്നതുപോലും ഐഫോണ്‍ ത്രിജി മോഡലിലേതു പോെലയാണെന്നറിയുമ്പോളേ സമാനത പൂര്‍ണമാകൂ.
ഈ ചേര്‍ച്ചകളെല്ലാം ഫോണിന്റെ പുറംമോഡിയില്‍ മാത്രമേയുള്ളൂ. ഉള്ളില്‍ ഐഫോണിനെ കടത്തിവെട്ടുന്ന സാങ്കേതികത്തികവോടെയാണ് വൈബ്രന്റിന്റെ വരവ്. 'ഗാലക്‌സി എസ്' എന്ന പേരില്‍ സാംസങ് പുറത്തിറക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ അവതാരമാണ് വൈബ്രന്റ്.
നാല് ഇഞ്ച് വിസ്താരമുളള അമലഡ് ഡിസ്‌പ്ലെ, ഒരു ജിഗാഹെര്‍ട്‌സ് ശേഷിയുള്ള ഹമ്മിങ്‌ബേര്‍ഡ് പ്രൊസസറുമാണ് ഫോണിലുള്ളത്. ഒപ്പം ത്രിജി, ജി.പി.എസ്., വൈഫൈ, അഞ്ച് മെഗാപിക്‌സല്‍ ക്യാമറ എന്നിവയും.
512 എം.ബി.റാം, 16 ജി.ബി.റോം എന്നിങ്ങനെയാണ് ഇന്റേണല്‍ മെമ്മറി. 32 ജി.ബി.വരെയുള്ള കാര്‍ഡിനെ ഫോണ്‍ പിന്തുണയ്ക്കും.
വീഡിയോ ഗുണമേന്‍മ വ്യക്തമാക്കാനായി അവതാര്‍ സിനിമയുടെ മുഴുനീള വീഡിയോ ഫയലുമായാണ് വൈബ്രന്റ് അമേരിക്കന്‍ വിപണിയിലെത്തിയിരിക്കുന്നത്. ത്രിഡി സിനിമയായ അവതാര്‍ തിയേറ്ററില്‍ കാണുന്ന അതേ വ്യക്തതയോടെ വൈബ്രന്റിലൂടെ കാണാനാകുമെന്നാണ് സാംസങ് അവകാശപ്പെടുന്നത്.
ആന്‍ഡ്രോയിഡിന്റെ 2.1 വെര്‍ഷന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് വൈബ്രന്റ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം ആയതിനാല്‍ മാപ്‌സ്, യുട്യൂബ്, ജിമെയില്‍ തുടങ്ങിയ ഗൂഗിള്‍ ആപ്ലിക്കേഷനുകളിലേക്ക് പ്രവേശനം എളുപ്പത്തില്‍ സാധിക്കും. സൗഹൃദക്കൂട്ടായ്മ സൈറ്റുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, മൈസ്‌പേസ് എന്നിവയിലേക്കെല്ലാം എളുപ്പത്തില്‍ പ്രവേശനം സാധ്യമാകുന്ന സോഷ്യല്‍ ഹബ് വൈബ്രന്റിന്റെ പ്രത്യേകതയാണ്.
ലോകം മുഴുവന്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള പ്രധാനവാര്‍ത്തകള്‍, അതതു ദിവസത്തെ അപ്പോയിന്‍മെന്റുകള്‍, കാലാവസ്ഥ സൂചനകള്‍ എന്നിവ ഹോംസ്‌ക്രീനില്‍ തന്നെ പ്രദര്‍ശി്പ്പിക്കുന്ന 'ഡെയിലി ബ്രീഫിങ്' എന്ന അപ്ലിക്കേഷനും വൈബ്രന്റിലുണ്ട്. അതിനൊപ്പം മൊബി ടി.വി., ഗോഗോ ഇന്‍ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ് എന്നീ അപ്ലിക്കേഷനുകളും ഉണ്ട്.
117 ഗ്രാമാണ് വൈബ്രന്റിന്റെ ഭാരം. ഐഫോണ്‍ ത്രിജിയെക്കാള്‍ 16 ഗ്രാം കുറവ്. രണ്ടു വര്‍ഷത്തെ കണക്ടിവിറ്റിയടക്കം ഏതാണ്ട് 9000 രൂപയ്ക്കാണ് വൈബ്രന്റ് അമേരിക്കന്‍ വിപണിയില്‍ ലഭ്യമായിരിക്കുന്നത്. ഇന്ത്യയിലെത്തുമ്പോള്‍ വിലയില്‍ ചില ഏറ്റക്കുറച്ചിലുകളുണ്ടാകാം. എങ്കിലും ഏതാണ്ട് 15000 രൂപ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.