പേറ്റന്റ് പ്രശ്‌നം: സാംസങിന് ബ്രിട്ടനില്‍ തിരിച്ചടി

Posted on: 08 Mar 2013




ബ്രിട്ടനില്‍ ആപ്പിളുമായുള്ള പേറ്റന്റ് തര്‍ക്കത്തില്‍ സാംസങിന് തിരിച്ചടി. ത്രീജി ഡേറ്റ സ്വീകരിക്കുകയും അയയ്ക്കുകയും ചെയ്യാന്‍ ഐഫോണ്‍ ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉപകരണങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള സങ്കേതം, തങ്ങളുടെ മൂന്നു പേറ്റന്റുകള്‍ ലംഘിക്കുന്നു എന്നായിരുന്നു സാംസങിന്റെ വാദം.

ബ്രിട്ടീഷ് ഹൈക്കോടി ഈ വാദം തള്ളിക്കളഞ്ഞു. ജപ്പാനില്‍ ആപ്പിളിന്റെ ഐഫോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ്, സാംസങിന് ഈ തിരിച്ചടി.

ആപ്പിളും സാംസങും തമ്മില്‍ ഒട്ടേറെ രാജ്യങ്ങളില്‍ പേറ്റന്റ് തര്‍ക്കം നടക്കുന്നുണ്ട്. ഇരു കമ്പനികളും പരസ്പരം പേറ്റന്റ് ലംഘനം ആരോപിക്കുന്നുവെങ്കിലും, സാംസങിന്റെ വാദം അപൂര്‍വം ഇടങ്ങളിലേ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ.

ബ്രിട്ടീഷ് ഹൈക്കോടതിയുടെ തീരുമാനം നിരാശാജനകമാണെന്ന് സാംസങ് പ്രസ്താവനയില്‍ പറയുന്നു. വിധിക്കെതിരെ അപ്പീല്‍ പോകണോ എന്നകാര്യം പരിഗണിക്കുമെന്നും പ്രസ്താവന പറഞ്ഞു. എന്നാല്‍, ആപ്പിള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

തങ്ങളുടെ ബൗദ്ധികസ്വത്തില്‍ കടന്നുകയറ്റം നടത്തിയെന്നാരോപിച്ച് 2011 ല്‍ സാംസങിനെതിരെ യു.എസില്‍ ആപ്പിള്‍ ആരംഭിച്ച നിയമയുദ്ധത്തോടെയാണ്, ഇരുകമ്പനികളും തമ്മിലുള്ള പേറ്റന്റ് പോര് തുടങ്ങിയത്. പിന്നീടത് ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി, ദക്ഷിണകൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.
TAGS:
samsung  |  patent issue  |  apple 


Stories in this Section