-അമേയ എസ്. രാജ്
ലോകത്തെ നമ്പര്‍വണ്‍ ടെലിവിഷന്‍ നിര്‍മാതാക്കളാണ് സാംസങ്. എങ്കിലും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യത്തില്‍ പലപ്പോഴും അവര്‍ രണ്ടാംസ്ഥാനക്കാരായ എല്‍.ജി.യുടെ പിന്നിലാകുന്നു. ഒ.എല്‍.ഇ.ഡി ( Organic Light Emiting Diode ) ഡിസ്‌പ്ലേയുള്ള ടി.വി.യുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.
വളഞ്ഞ ആകൃതിയിലുള്ള ഒ.എല്‍.ഇ.ഡി. ടി.വി. എല്‍.ജി.പുറത്തിറക്കിയിട്ട് നാളേറെ ആയെങ്കിലും തങ്ങളുടെ ആദ്യമോഡല്‍ സാംസങ് പുറത്തിറക്കിയത് ഏതാനം ദിവസംമുമ്പാണ്.
എല്‍.സി.ഡി., എല്‍.ഇ.ഡി. ടി.വി.കളേക്കാള്‍ മിഴിവേറിയ ദൃശ്യങ്ങളും കനംകുറഞ്ഞ സ്‌ക്രീനുമാണ് ഒ.എല്‍.ഇ.ഡി.യുടെ സവിശേഷത. ഇരുവശങ്ങളും അല്പം അകത്തോട്ട് വളഞ്ഞിരിക്കുന്നതിനാല്‍ ഏത് കോണില്‍ നിന്ന് നോക്കിയാലും ദൃശ്യങ്ങളുടെ വ്യക്തത കുറയില്ല.
എല്‍.ജി.യെപ്പോലെ 55 ഇഞ്ച് വലിപ്പമുള്ള ടി.വി.യാണ് സാംസങ്ങും അവതരിപ്പിച്ചിരിക്കുന്നത്. വിലയും തുല്യം. 13,000 ഡോളര്‍. ഇപ്പോഴത്തെ നിരക്കനുസരിച്ച് ഏകദേശം 7,73,799 രൂപ! ഇതേ വലിപ്പമുള്ള എല്‍.ഇ.ഡി. ടി.വി.യേക്കാള്‍ അഞ്ചിരട്ടി വില വരുമിത്.
കൊറിയയില്‍ മാത്രമാണ് എല്‍.ജി.യുടെ ഒ.എല്‍.ഇ.ഡി. ടി.വി. ലഭ്യമായിരുന്നത്. വില കൂടുതലായതിനാല്‍ വന്‍തോതില്‍ ഇവ വിറ്റുപോയതുമില്ല. ജൂലായ് അവസാനത്തോടെ ലോകവിപണിയിലും ഈ ടി.വി.എത്തിക്കാനാണ് സാംസങ് ശ്രമിക്കുന്നത്. ഏതൊക്കെ രാജ്യങ്ങളില്‍ ലഭ്യമാകും എന്ന് വ്യക്തമാക്കിയില്ലെങ്കിലും എല്‍.ജി.ക്ക് മുന്നേ ലോകവിപണിയില്‍ നേട്ടമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം.
ഈ വര്‍ഷം അമ്പതിനായിരവും, അടുത്ത വര്‍ഷം ആറ് ലക്ഷവും ടെലിവിഷനുകള്‍ വിപണിയിലെത്തിക്കാനാണ് നീക്കം. 2016 ആകുമ്പോഴേക്കും ഇത് എഴുപത് ലക്ഷമാക്കാനും സാംസങ് ലക്ഷ്യമിടുന്നു. സാംസങ് ഗാലക്‌സി എസ്-4 മൊബൈല്‍ ഫോണില്‍ ഉള്ള അമോലെഡ് സാങ്കേതിക വിദ്യതന്നെയാണ് ഒ.എല്‍.ഇ.ഡി.യിലും.
2007-ല്‍ ജപ്പാന്‍ കമ്പനിയായ സോണിയാണ് ആദ്യ ഒ.എല്‍.ഇ.ഡി. ടെലിവിഷന്‍ അവതരിപ്പിച്ചത്. 11 ഇഞ്ച് മാത്രമായിരുന്നു അതിന്റെ വലിപ്പം. സ്‌ക്രീനിന്റെ വലിപ്പം വര്‍ധിപ്പിക്കുന്നതിലുള്ള സാങ്കേതിക പ്രശ്‌നങ്ങളും വന്‍ ചെലവും അവരെ ഇതില്‍ നിന്ന് പിന്നോട്ടടിപ്പിച്ചു. പിന്നീട് എല്‍.സി.ഡി., എല്‍.ഇ.ഡി. ടെലിവിഷന്‍ വിപണിയിലായി അവരുടെ ശ്രദ്ധ. എല്‍.ജി.യും സാംസങ്ങും ഒ.എല്‍.ഇ.ഡി. മേഖലയില്‍ സജീവമായതോടെ പാനാസോണിക്കുമായി ചേര്‍ന്ന് ചെലവുകുറഞ്ഞ സാങ്കേതിക വിദ്യയ്ക്കായി സോണി ശ്രമം നടത്തുന്നുണ്ട്.
വൈദ്യുതി പ്രവഹിക്കുമ്പോള്‍ വെളിച്ചം പുറന്തള്ളുന്ന കാര്‍ബണ്‍ അടിസ്ഥാനമാക്കിയ വസ്തുക്കളാണ് ഒ.എല്‍.ഇ.ഡി.യുടെ അടിസ്ഥാന ഘടകം. അതുകൊണ്ടുതന്നെ എല്‍.സി.ഡി.യിലേതുപോലെ ബാക്ക് ലൈറ്റോ, ഫില്‍റ്ററുകളോ ഇവയ്ക്ക് ആവശ്യമില്ല. സ്‌ക്രീനിന്റെ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതും ഇതുതന്നെ. ത്രിഡി സൗകര്യവും ഒ.എല്‍.ഇ.ഡി.യില്‍ ലഭ്യമാണ്.
'Big Money Waste' എന്ന് BMW കാറുകളെപ്പറ്റി തമാശയായി പറയാറുണ്ട്. ആവശ്യമില്ലെങ്കിലും പൊങ്ങച്ചം കാണിക്കാന്‍ കോടികള്‍ ചെലവഴിച്ച് ബി.എം.ഡബ്ല്യു. കാറുകള്‍ വാങ്ങുന്നവരെക്കുറിച്ചാണിത്. ഇത്തരക്കാര്‍ ഇന്ത്യയില്‍ ധാരാളം ഉള്ളതിനാല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പുതിയ മോഡല്‍ ഒ.എല്‍.ഇ.ഡി. ടി.വി. വാങ്ങാനും ആളെക്കിട്ടും. സാംസങ്ങിന്റെ ഏറ്റവും പ്രധാന വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഔദ്യോഗിക പ്രഖ്യാപനം ഇല്ലെങ്കിലും വൈകാതെ തന്നെ ഒ.എല്‍.ഇ.ഡി. ടി.വി.കള്‍ ഇന്ത്യയിലും എത്തും എന്ന് പ്രതീക്ഷിക്കാം.