ഗൂഗിള്‍ അനുഭവത്തിന് നെക്‌സസ് എസ്‌

Posted on: 07 Dec 2010


-പി.എസ്.രാകേഷ്‌





ഗൂഗിളിന്റെ സ്വന്തം മൊബൈല്‍ ഫോണ്‍ 'നെക്‌സസ് വണ്‍' പുറത്തിറങ്ങിയെന്ന വാര്‍ത്ത ലോകമറിഞ്ഞത് ഈ വര്‍ഷം ആദ്യമാണ്. 2010 ജനവരി ജനവരി അഞ്ചിന് രാത്രി കാലിഫോര്‍ണിയയിലെ ഗൂഗിള്‍ ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഫോണ്‍ അവതരിപ്പിക്കപ്പെട്ടത്. ഇപ്പോഴിതാ 2010 തീരാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, പുതിയ ഫോണുമായി ഗൂഗിള്‍ വീണ്ടും വാര്‍ത്ത സൃഷ്ടി ക്കുന്നു. ഡിസംബര്‍ ആറിന് പ്രസിദ്ധീകരിക്കപ്പെട്ട കമ്പനി ബ്ലോഗിലൂടെയാണ് പുതിയ ഗൂഗിള്‍ ഫോണായ നെക്‌സസ് എസിന്റെ (Nexus S) വരവ് ലോകം സ്ഥിരീകരിച്ചത്. ഗൂഗിളിന് വേണ്ടി സാംസങ് നിര്‍മിക്കുന്ന ഈ ഫോണിനെക്കുറിച്ച് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു.

'ശുദ്ധമായ ഗൂഗിള്‍ അനുഭവം' - നെക്‌സസ് എസിനെ കമ്പനി വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. മൊബൈല്‍ രംഗത്ത് ഒരു വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്ന് ഗൂഗിളും ഒരുപാട് പഠിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. എച്ച്.ടി.സി.യുമായി ചേര്‍ന്ന് അവതരിപ്പിച്ച നെക്‌സസ് ഒന്നിന് ഏറെ ആരാധകരെയൊന്നും നേടാനായിരുന്നില്ല. സ്മാര്‍ട്‌ഫോണ്‍ സെഗ്‌മെന്റിനെ അടിമുടി മാറ്റിമറിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന നെക്‌സസ് ഒന്ന് കാര്യമായ ചലനം സൃഷ്ടിച്ചില്ല. അതുകൊണ്ടാകാം ഇക്കുറി വലിയ അവകാശവാദങ്ങള്‍ക്കൊന്നും മുതിരാതെ ഒരു സോഫ്റ്റ് ലോഞ്ചിലൂടെ നെക്‌സസ് എസിനെ അവതരിപ്പിച്ചത്. എന്നാല്‍, അടുത്ത അഞ്ചുവര്‍ഷത്തെ സാങ്കേതികവിദ്യാവികാസം മുന്നില്‍ കണ്ടാണ് ഗൂഗിള്‍ പുതിയ ഫോണ്‍ പണിശാലയില്‍ നിന്ന് പുറത്തുവിട്ടതെന്ന് വ്യക്തമാണ്.

ആന്‍ഡ്രോയിഡ് 2.3 പതിപ്പ്


ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ 2.3 പതിപ്പാണ് നെക്‌സസ് എസിന് കരുത്തു പകരുന്നത്. ജിഞ്ചര്‍ബ്രെഡ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ മൊബൈല്‍ പ്ലാറ്റ്‌ഫോം ആദ്യമായി ഉപയോഗിക്കുന്ന ഫോണ്‍ എന്ന ബഹുമതിയും നെക്‌സസ് എസിന് സ്വന്തമാകുകയാണ്. പരിഷ്‌കരിച്ച യൂസര്‍ ഇന്റര്‍ഫേസ്, വോയ്പ് ടെലഫോണി, നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍, കോപ്പി-പേസ്റ്റ്, വീഡിയോ കോളിങ്, വീഡിയോ പ്ലേബാക്ക് എന്നിവയാണ് ജിഞ്ചര്‍ബ്രെഡ് വാഗ്ദാനം ചെയ്യുന്ന പ്രധാനപ്പെട്ട സേവനങ്ങള്‍.

മൊബൈല്‍ ഫോണിനെ ക്രെഡിറ്റ് കാര്‍ഡാക്കി മാറ്റാന്‍ സഹായിക്കുന്ന സൗകര്യമാണ് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിേക്കഷന്‍(എന്‍.എഫ്.സി.) സങ്കേതം. ട്രെയിന്‍ ടിക്കറ്റെടുക്കാനും പെട്രോളടിക്കാനുമൊക്കെ മൊബൈല്‍ ഫോണ്‍ മതിയാകുമെന്നര്‍ഥം. സിനിമാപോസ്റ്ററുകള്‍ക്ക് മുന്നില്‍ കാട്ടിയാല്‍ ആ സിനിമയുടെ ട്രെയ്‌ലര്‍ മൊബൈലില്‍ കാണാന്‍ കഴിയും. എന്‍.എഫ്.സി. സങ്കേതമാണ് ഇവിടെയും സഹായകമാകുന്നത്. ഇപ്പോള്‍ ജപ്പാനിലുള്ള ചില മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളില്‍ മാത്രമേ ഈ സൗകര്യം നിലവിലുള്ളൂ. എന്നാല്‍ അടുത്തതായി ഏറെ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന സാങ്കേതികമാണ് എന്‍.എഫ്.സി എന്നതില്‍ സംശയം വേണ്ട. ഐഫോണിലും നോക്കിയയുടെ ഹൈഎന്‍ഡ് മോഡലുകളിലും എന്‍.എഫ്്.സി. സംവിധാനം ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുകൂടി കണ്ടറിഞ്ഞാണ് ഗൂഗിള്‍ ഒരു മുഴം മൂമ്പേ എറിഞ്ഞത്.


വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ എന്ന വോയ്പ്, ഇന്റര്‍നെറ്റിലൂടെ ഫോണ്‍േകാളുകള്‍ നടത്താന്‍ സഹായിക്കുന്ന വിദ്യയാണ്. വൈഫൈ ആക്ടിവേറ്റ് ആയ സ്ഥലങ്ങളില്‍ രണ്ട് നെക്‌സസ് എസ് ഫോണുകള്‍ തമ്മില്‍ നേരിട്ടു ബന്ധപ്പെടാന്‍ ഈ സൗകര്യം സഹായിക്കും. നിശ്ചിത വര്‍ഷത്തെ സര്‍വീസ് പ്രൊവൈഡര്‍ കോണ്‍ട്രാക്റ്റുമായാണല്ലോ വിദേശരാജ്യങ്ങളില്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തുന്നത്. തങ്ങളുടെ വയറ്റത്തടിക്കുന്ന വോയ്പ് സൗകര്യം എല്ലാ മൊബൈല്‍ കമ്പനികളും അനുവദിക്കുമോ എന്നറിയില്ല. ആറു ലാപ്‌ടോപ്പുകളിലേക്കോ ടാബ്ലറ്റുകളിലേക്കോ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാവുന്ന വൈഫൈ ഹോട്ട്‌സ്‌പോട്ട് ആയും നെക്‌സസ് എസ് പ്രവര്‍ത്തിക്കും. ഓരോ വെബ്‌സൈറ്റില്‍ നിന്നും നമുക്കിഷ്ടപ്പെട്ട ഭാഗങ്ങള്‍ കോപ്പിചെയ്ത് ഫയലിലാക്കി സൂക്ഷിക്കാനുള്ള സൗകര്യം നെക്‌സസ് എസിലുണ്ട്. ഇതും ജിഞ്ചര്‍ബ്രെഡ് ഒ.എസിന്റെ സംഭാവനയാണ്.

മികച്ച വേഗം, തെളിഞ്ഞ ഡിസ്‌പ്ലേ


പതിനാറു ജി.ബി. ഇന്റേണല്‍ മെമ്മറി, 512 എം.ബി. റാം, ഒരു ജിഗാഹെര്‍ട്‌സ് ഹമ്മിങ്‌ബേഡ് പ്രൊസസര്‍ എന്നിവയാണ് ഫോണിലുള്ളത്. അപ്ലിക്കേഷനുകള്‍ തുറക്കുന്നതും വെബ്‌പേജുകള്‍ ലോഡാകുന്നതുമെല്ലാം ഞൊടിയിടയില്‍ സംഭവിക്കുമെന്ന കാര്യം ഉറപ്പ്. സ്മാര്‍ട്‌ഫോണുകളുടെ പ്രധാന ധര്‍മമായ മള്‍ട്ടിടാസ്‌ക്കിങും എളുപ്പത്തില്‍ നടക്കും. 800 ഗുണം 480 റെസൊല്യൂഷനുള്ള നാലിഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയയും നെക്‌സസ് എസിലുണ്ട്്.

അകത്തേക്ക് അല്‍പം കുഴിഞ്ഞതരത്തിലുള്ള കോണ്‍ടൂര്‍ ഡിസ്‌പ്ലേ വെയിലത്തും സ്‌ക്രീന്‍ തെളിഞ്ഞുകാണാന്‍ സഹായിക്കുന്നു. ആന്റിഫിംഗര്‍ പ്രിന്റിങ് കോട്ടിങ് ഉള്ളതിനാല്‍ വിരല്‍പാടുകള്‍ സ്‌ക്രീനില്‍ തെളിയുമെന്ന ആശങ്ക വേണ്ട. അഞ്ച് മെഗാപിക്‌സല്‍ ക്യാമറയും വീഡിയോ കോളിങിനായി മുന്‍വശത്ത് വി.ജി.എ. ക്യാമറയും ഫോണിലുണ്ട്.


പുതുതലമുറ സ്മാര്‍ട്‌ഫോണുകളിലെ ഏതാണ്ടെല്ലാ സൗകര്യങ്ങളും നെക്‌സസ് എസില്‍ ഉള്‍പ്പെടുത്താന്‍ ഗൂഗിള്‍ മറന്നിട്ടില്ല. ത്രീ-ആക്‌സിസ് ജൈറോസ്‌കോപ്പ്, ആക്‌സിലറോമീറ്റര്‍, ഡിജിറ്റല്‍ കോമ്പസ്, പ്രോക്‌സിമിറ്റി സെന്‍സര്‍, വൈഫൈ, എ-ജി.പി.എസ്., ബ്ലൂടൂത്ത്, 3.5 എം.എം. ഓഡിയോ ജാക്ക്, വോയ്‌സ് സേര്‍ച്ച്, വീഡിയോ സ്ട്രീമിങ് തുടങ്ങി പുത്തന്‍ സാങ്കേതികവിദ്യകളെല്ലാം ഇതിലുണ്ട്. ഒപ്പം ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ സ്‌റ്റോറായ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്നുള്ള ഡൗണ്‍ലോഡ് സൗകര്യവും.

ആറുമണിക്കൂര്‍ സംസാര സമയവും 428 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് നെക്‌സസ് എസിന് ഗൂഗിള്‍ അവകാശപ്പെടുന്ന ബാറ്ററി ആയുസ്. ഡിസംബര്‍ 16 മുതല്‍ അമേരിക്കയിലും, 20 മുതല്‍ ബ്രിട്ടനിലും ലഭിച്ചു തുടങ്ങുന്ന ഈ ഫോണിന് 549 പൗണ്ടാണ് വില. (ഏതാണ്ട് 38,500 രൂപ).


TAGS:
samsung  |  nexus s  |  android phones  |  google 
Related News:


Stories in this Section