ത്രിജി നേടാന്‍ മോണ്ടെ വാങ്ങാം

Posted on: 06 Apr 2010


-പി.എസ്.രകേഷ്‌




ലൈവ് ടെലിവിഷനും വീഡിയോ കോളിങും സമ്മാനിക്കുന്ന ത്രിജി സൗകര്യം കുറഞ്ഞ നിരക്കില്‍ ബി.എസ്.എന്‍.എല്‍. അവതരിപ്പിച്ചതോടെ ജനം ത്രിജി ഫോണിനായി പരക്കം പായുകയാണ്. ക്യാമറയുണ്ടോ, എഫ്.എം. ഉണ്ടോ എന്നൊക്കെയായിരുന്നു മുമ്പ് മൊബൈല്‍ഫോണ്‍ വാങ്ങാന്‍ എത്തുന്നവര്‍ ആദ്യമന്വേഷിക്കാറ്. ഇപ്പോഴത് ത്രിജി സപ്പോര്‍ട്ട് ചെയ്യുമോ എന്നായിട്ടുണ്ട്. വൈ-ഫൈ, ജി.പി.ആര്‍.എസ്., എഡ്ജ് സൗകര്യങ്ങളുള്ള പല ഫോണുകളിലൂം ത്രിജി ഇല്ലെന്നതാണ് രസകരമായ വസ്തുത. ത്രിജിയുടെ മുന്തിയ വെര്‍ഷനായ 4ജിക്ക് പുറകെ പായുന്ന മൊബൈല്‍ഫോണ്‍ കമ്പനികളാകട്ടെ തങ്ങളുടെ മോഡലുകളില്‍ ത്രിജി സൗകര്യമുണ്ടോ ഇല്ലയോ എന്ന കാര്യം പരസ്യങ്ങളില്‍ പോലും പറയുന്നുമില്ല. ഒരു പഴഞ്ചന്‍ സാേങ്കതികവിദ്യയായിട്ടാണ് കമ്പനികള്‍ ത്രിജിയെ കാണുന്നതെന്നര്‍ഥം.

കമ്പനികള്‍ക്ക് പുതുമയില്ലെങ്കിലും നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് ത്രിജി ഏറെ താത്പര്യമുണര്‍ത്തുന്ന സംഗതി തന്നെയാണ്. അതു കണ്ടറിഞ്ഞുകൊണ്ട് പുതിയൊരു മോഡല്‍ ഫോണുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സാംസങ്. 'എസ് 5620 മോണ്ടെ' (Samsung Monte S5620) എന്നു പേരിട്ടിരിക്കുന്ന മോഡലിന്റെ പ്രധാന ആകര്‍ഷണം ത്രിജി കണക്ടിവിറ്റി തന്നെ. ഇന്ത്യയില്‍ കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വില കുറവുള്ള, അതേസമയം ഫീച്ചറുകള്‍ ഒട്ടും കുറവില്ലാത്ത ത്രിജി ഫോണിതെന്ന് കമ്പനി അവകാശപ്പെടുന്നു. 8,850 രൂപയാണ് വില.

ത്രിജി മാത്രമല്ല, വൈ-ഫൈ, ജി.പി.എസ്., സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് ഇന്റഗ്രേഷന്‍ തുടങ്ങി പുത്തന്‍കൂറ്റുകാരായ മൊബൈലുകളിലെ സൗകര്യങ്ങളെല്ലാം മോണ്ടെയിലും ലഭ്യമാണ്. എല്‍.സി.ഡി. മോണിറ്ററുകളില്‍ കാണുന്ന ടി.എഫ്.ടി. ടച്ച്‌സ്‌ക്രീനും മോണ്ടെയ്ക്കുണ്ട്്. 3.15 മെഗാപിക്‌സലുളള കാമറയും വീഡിയോ കോളിങിനായി മറ്റൊരു കാമറയും ഫോണിലുണ്ട്. ഓട്ടോഫോക്കസും ഫ്ലഷുമൊന്നുമില്ല എന്നത് ചിത്രങ്ങളുടെ മിഴിവിനെ ബാധിക്കുമെങ്കിലും അത്യാവശ്യം കൊള്ളാവുന്ന ചിത്രങ്ങളെടുക്കാന്‍ മോണ്ടെ ധാരാളം മതിയാകും. മൂന്ന് ഇഞ്ച് ടച്ച്‌സ്‌ക്രീനിന്റെ റെസല്യൂഷനും മികച്ച നിലവാരം പുലര്‍ത്തുന്നതാണ്.

എം.പി. ത്രി പ്ലെയര്‍, വീഡിയോ പ്ലെയര്‍, എഫ്.എം. റേഡിയോ, ഇന്‍ബിള്‍ട്ട് സ്​പീക്കേഴ്‌സ്, 3.5 എം.എം. ഓഡിയോ ജാക്ക്... സംഗീതപ്രേമികള്‍ക്ക് വേണ്ടതെല്ലാം ഉള്ളിലൊരുക്കിയാണ് മോണ്ടെയുടെ വരവ്. 200 എം.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഫോണില്‍ 16 ജി.ബി. വരെയുള്ള കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യും. ജി.എസ്.എം. സിം മാത്രമല്ല സി.ഡി.എം.എ. സിമ്മും ഇതില്‍ പ്രവര്‍ത്തിപ്പിക്കാനാകും.

സൗഹൃദക്കൂട്ടായ്മാ സൈറ്റുകളിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശം ഉറപ്പുവരുത്തുന്ന ടച്ച്‌വിസ് 2.0 പ്ലസ് എന്ന ഇന്‍ര്‍ഫേസും ഫോണിലുണ്ട്. ഒമ്പത് മണിക്കൂര്‍ 42 മിനുട്ട് നിര്‍ത്താതെയുള്ള സംസാരസമയവും 769 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവുമാണ് സാംസങ് ഈ ഫോണിന് അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

സാംസങ് ഫോണുകളിലെ ഹാര്‍ഡ്‌വെയര്‍ മികവിനെക്കുറിച്ച് എതിരാളികള്‍ക്കുപോലും കുറ്റം പറയാനുണ്ടാവില്ല എന്നത് മൊബൈല്‍ പണ്ഡിതര്‍ മൂമ്പേ സമ്മതിച്ച കാര്യമാണ്. അതുകൊണ്ടു തന്നെ 8,850 രൂപയ്ക്ക് ഫുള്‍ ട്ച്ച് സ്‌ക്രീനും ത്രിജിയും നല്‍കുന്ന സാംസങ് മോണ്ടെ ഇന്ത്യന്‍വിപണിയില്‍ ചലനം സൃഷ്ടിക്കുമെന്നുറപ്പ്.

TAGS:


Stories in this Section