
ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ്, ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ റെക്കോര്‍ഡ് ലാഭം നേടിയതായി റിപ്പോര്‍ട്ട്.
കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ നാലാംപാദത്തില്‍ കമ്പനി 830 കോടി ഡോളര്‍ (ഏതാണ്ട് 45000 കോടി രൂപ) പ്രവര്‍ത്തന ലാഭം നേടിയതായി കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 90 ശതമാനം കൂടുതലാണിത്.
സാംസങിനെ സംബന്ധിച്ചിടത്തോളം ലാഭം രേഖപ്പെടുത്തുന്ന തുടര്‍ച്ചയായ അഞ്ചാംപാദമാണിത്. വരുംമാസങ്ങളിലും സാംസങിന് ലാഭത്തില്‍ വന്‍വര്‍ധനയുണ്ടാകുമെന്ന് സാമ്പത്തിക നിരീക്ഷകര്‍ കരുതുന്നു.
ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളുടെ വന്‍വിജയമാണ്, നോക്കിയയെ കടത്തിവെട്ടി ലോകത്തെ ഏറ്റവും വലിയ ഫോണ്‍നിര്‍മാതാവെന്ന പദവി സാംസങിന് നേടിക്കൊടുത്തത്.
സമീപമാസങ്ങളില്‍ ലാഭത്തില്‍ ഇത്ര വര്‍ധനയുണ്ടാകാന്‍ സാംസങിന് തുണച്ചത്, ഗാലക്‌സി എസ് 3 സ്മാര്‍ട്ട്‌ഫോണ്‍ സൂപ്പര്‍ഹിറ്റായതാണ്.
എന്നാല്‍, വിപണിയില്‍ ഗാലക്‌സി എസ് 3 വന്‍മത്സരമാണ് നേരിടുന്നത്. ആപ്പിളിന്റെ ഐഫോണ്‍ 5 മാത്രമല്ല, എച്ച്ടിസി, നോക്കിയ തുടങ്ങിയ കമ്പനികള്‍ രംഗത്തെത്തിക്കുന്ന വിന്‍ഡോസ് ഫോണ്‍ 8 സ്മാര്‍ട്ട്‌ഫോണുകളും എസ് 3 ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്.