1690 രൂപായ്ക്ക് സാംസങിന്റെ 'ഗുരു'

Posted on: 11 May 2010


-പി.എസ്.രാകേഷ്‌





എന്‍ട്രിലെവല്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വിലകുറഞ്ഞ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ പ്രളയമാണ് ഇപ്പോള്‍ വിപണിയില്‍. ഇന്ത്യന്‍ കമ്പനികളായ കാര്‍ബണും മാക്‌സൂമൊക്കെയാണ് ഈ പുതുട്രെന്‍ഡിനു തുടക്കമിട്ടത്. ഇപ്പോഴിതാ വന്‍കിട കമ്പനികള്‍ വരെ ആ വഴിക്കു ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.

അയ്യായിരത്തില്‍ താഴെ വിലയുള്ള അഞ്ച് മോഡലുകള്‍ പുറത്തിറക്കിക്കൊണ്ട് നോക്കിയ വാര്‍ത്ത സൃഷ്ടിച്ചു. തൊട്ടുപുറകെ ആയിരം രൂപയില്‍ താഴെ വിലയുള്ള ഹാന്‍ഡ് സെറ്റ് അവതരിപ്പിച്ചുകൊണ്ട് വോഡഫോണ്‍ ഏവരെയും ഞെട്ടിച്ചു. ഇപ്പോഴിതാ സാംസങിന്റെ ഊഴമാണ്. കമ്പനിയുടെ ജനപ്രിയ ശ്രേണിയില്‍ പെട്ട ഗുരു സീരീസിലെ ഏറ്റവും പുതിയ മോഡല്‍- ഗുരു 1175-ന് 1690 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. സാംസങ് ഇതുവരെ നിര്‍മിച്ചവയില്‍ ഏറ്റവും വില കുറഞ്ഞ ഫോണായിരിക്കും ഗുരു 1175.

വില തുച്ഛമാണെങ്കിലും ഗുണം മെച്ചമാകണമെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധി പുലര്‍ത്തിക്കൊണ്ടാണ് സാംസങ് പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് നിസ്സംശയം പറയാം. സൗന്ദര്യത്തിന്റെ കാര്യത്തിലും സൗകര്യത്തിന്റെ കാര്യത്തിലൂം വന്‍വിലയുള്ള ഫോണുകളോട് കിടപിടിക്കുന്ന തരത്തിലാണ് ഗുരു 1175 ന്റെ രൂപകല്പന. എങ്കിലും സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ സാധാരണക്കാരുടെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്.

ബൈക്ക് മോഡ്, 38 മണിക്കൂര്‍ തുടര്‍ച്ചയായി കത്താന്‍ ശേഷിയുള്ള ടോര്‍ച്ച് എന്നിവ ഉദാഹരണങ്ങള്‍. ബൈക്ക് യാത്രയ്ക്കിടയില്‍ പ്രധാനപ്പെട്ട കോളുകള്‍ മാത്രം ഹെഡ്‌ഫോണിലൂടെ സ്വീകരിക്കാനുള്ള സൗകര്യമാണ് ബൈക്ക് മോഡ്. അത്യാവശ്യമുള്ള നമ്പറുകള്‍ മാത്രം തിരഞ്ഞെടുത്ത് അവ ബൈക്ക്‌മോഡിലാക്കിയാല്‍ വണ്ടി ഓടിച്ചുകൊണ്ടിരിക്കെ ആ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ നേരിട്ട് നമ്മുടെ ഹെഡ്‌ഫോണിലെത്തും. കോള്‍ സ്വീകരിക്കാനുള്ള ബട്ടന്‍ പോലും അമര്‍ത്തേണ്ടെന്നര്‍ഥം. മറ്റുള്ള നമ്പറുകളില്‍ നിന്നു വിളിക്കുന്നവര്‍ക്കാകട്ടെ നമ്മുടെ ഫോണ്‍ ബിസിയാണെന്ന സന്ദേശമാണ് ലഭിക്കുക.

ഒരു എം.ബി. മെമ്മറി, ആയിരം ഫോണ്‍നമ്പറുകള്‍ സൂക്ഷിക്കാവുന്ന ഫോണ്‍ബുക്ക്, അഞ്ഞൂറ് എസ്.എം.എസുകള്‍ സൂക്ഷിക്കാവുന്ന ഇന്‍ബോക്‌സ്, 24 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ ശക്തിയുള്ള എഫ്.എം. റേഡിയോ എന്നിവയും ഗുരു 1175 യുടെ പ്രത്യേകതകളാണ്. ഇന്ത്യന്‍ വിശേഷ ദിനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക കലണ്ടറും ഒമ്പത് ഇന്ത്യന്‍ഭാഷകളിലുള്ള മെനുസൗകര്യവും ഗുരുവിനെ ശരിക്കും ഇന്ത്യക്കാരനാക്കുന്നു.

തുടര്‍ച്ചയായ 12 മണിക്കൂര്‍ സംസാരസമയവും 650 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സൗകര്യവുമാണ് ഗുരു 1175 വിന് സാംസങ് അവകാശപ്പെടുന്ന ബാറ്ററി ആയുസ്. ഫോണ്‍കോളുകള്‍ക്കായി മാത്രമുള്ള ഒരു അടിസ്ഥാന മൊബൈല്‍ഫോണ്‍ ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഈ ശുപാര്‍ശ സ്വീകരിക്കുക-നിങ്ങള്‍ക്ക് യോജ്യമായത് ഗുരു 1175 തന്നെ.

TAGS:


Stories in this Section