ഗാലക്‌സി യങ് - ഗാലക്‌സി വൈയുടെ ചേട്ടന്‍; വില 8010 രൂപ

Posted on: 29 May 2013


-പി.എസ്.രാകേഷ്




ബജറ്റ് സ്മാര്‍ട്‌ഫോണ്‍ രംഗത്ത് വന്‍സ്വീകാര്യത നേടിയ മോഡലായിരുന്നു സാംസങ് ഗാലക്‌സി വൈ. യങ് എന്ന് സൂചിപ്പിക്കുന്നതായിരുന്നു വൈ എന്ന അക്ഷരം. 2011 ആഗസ്തിലായിരുന്നു വൈ വിപണിയിലെത്തിയത്. ഏഴായിരം രൂപ വിലയുണ്ടായിരുന്ന ഈ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇപ്പോഴും നന്നായി വിറ്റുപോകുന്നുണ്ട്. വിലയാണെങ്കില്‍ 5600 രൂപയായി കുറയുകയും ചെയ്തു.

ഇപ്പോഴിതാ ഗാലക്‌സി യങ് എന്ന പേരില്‍ പുതിയൊരു സ്മാര്‍ട്‌ഫോണ്‍ കൂടി കാഴ്ചവെക്കുകയാണ് സാംസങ് കമ്പനി. 2013 ഫിബ്രവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സില്‍ ഈ ഫോണ്‍ ഉടനിറങ്ങുമെന്ന് സാംസങ് സൂചിപ്പിച്ചിരുന്നു. പിന്നീടിതേക്കുറിച്ചൊന്നും കേട്ടില്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പേ യങ് ഇന്ത്യന്‍ വിപണിയില്‍ ലഭിച്ചുതുടങ്ങി. കഴിഞ്ഞദിവസമാണ് ഈ മോഡല്‍ കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചത്.

ഡിസ്‌പ്ലേയിലും സ്‌പെസിഫിക്കേഷനുകളിലുമൊക്കെ ഗാലക്‌സി വൈയുടെ ജ്യേഷ്ഠനാണ് ഗാലക്‌സി യങ്. സ്വാഭാവികമായും വിലയും അല്പം കൂടുതല്‍ തന്നെ.

ഗാലക്‌സി വൈയുടെ സ്‌ക്രീന്‍ മൂന്നിഞ്ചായിരുന്നുവെങ്കില്‍ യങിന്റേത് 3.3 ഇഞ്ചാണ്. 320 X 240 പിക്‌സല്‍സായിരുന്നു വൈയുടെ സ്‌ക്രീന്‍ റിസൊല്യൂഷന്‍. യങിന്റേത് 480 X 320 പിക്‌സല്‍സും. ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍പ്രെഡ്‌വെര്‍ഷനിലാണ് വൈ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ യങിലുള്ളത് ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വെര്‍ഷനാണ്. ഇതൊക്കെയാണ് ഗാലക്‌സി യങിനെ ഗാലക്‌സി വൈയുടെ മുകളില്‍ നിര്‍ത്തുന്ന കാര്യങ്ങള്‍. മാത്രമല്ല ഒരു ഡ്യുവല്‍ സിം മോഡലാണ് ഗാലക്‌സി യങ്.

ഒരു ഗിഗാഹെര്‍ട്‌സ് സിംഗിള്‍കോര്‍ പ്രൊസസറും 768 എം.ബി. റാമുമാണ് ഗാലക്‌സി യങിലുളളത്. മികച്ച ഹാര്‍ഡ്‌വേര്‍ ശേഷിയാണ് ഇതെന്ന് പറയാനാവില്ലെങ്കിലും ഫെയ്‌സ്ബുക്ക് ആപ് പോലുള്ളവ വേഗത്തില്‍ തുറക്കാന്‍ ഇതു ധാരാളം മതി.

നാല് ജിബി ഇന്റേണല്‍ മെമ്മറിയുണ്ട് സാംസങ് ഗാലക്‌സി യങില്‍ ( Samsung Galaxy Young ). സാംസങിന്റെ സ്വന്തം യൂസര്‍ ഇന്റര്‍ഫേസായ ടച്ച്‌വിസ് സ്‌റ്റോര്‍ ചെയ്യാനായി ഈ മെമ്മറിയുടെ നല്ലൊരുഭാഗവും വിനിയോഗിക്കപ്പെടുക. ഫോണൊന്നു കുലുക്കിയാല്‍ വെബ് പേജ് റിഫ്രഷാകാനും കോള്‍ വരുമ്പോള്‍ ഫോണ്‍ മറിച്ചുവെച്ചാല്‍ മ്യൂട്ടാകാനുമൊക്കെ ടച്ച് വിസ് സോഫ്റ്റ്‌വേര്‍ സഹായിക്കുന്നു.

സാംസങിന്റെ മറ്റ് ആപ്ലിക്കേഷനുകളായ ചാറ്റ്ഓണ്‍, എസ് ക്ലൗഡ്, ഗെയിം ഹബ്‌ലൈറ്റ് എന്നിവ ഇതില്‍ ഇന്‍ബില്‍ട്ട് ആയി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

64 ജിബി കാര്‍ഡ് വരെ ഫോണില്‍ ഉപയോഗിക്കാം. പക്ഷേ ആപ്ലിക്കേഷനുകള്‍ മെമ്മറികാര്‍ഡില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല എന്നതൊരു പ്രശ്‌നമാണ്. പാട്ടുകളും ഫോട്ടോകളും സൂക്ഷിക്കാന്‍ മാത്രമേ മെമ്മറി കാര്‍ഡ് ഉപയോഗപ്പെടൂ.

മൂന്ന് മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലുളളത്. ഫ്രണ്ട് ക്യാമറയില്ലാത്തതിനാല്‍ വീഡിയോ കോളിങിനെക്കുറിച്ച്് ആലോചിക്കേണ്ട. 1300 എം.എ.എച്ച് ബാറ്ററിയാണ് ഗാലക്‌സി യങിന് ജീവന്‍ പകരുന്നത്.

8010 രൂപയാണ് ഗാലക്‌സി യങിന്റെ വില. എല്‍.ജി. ഒപ്ടിമസ് എല്‍3, ലാവ ഐറിസ് 455, സോളോ 500 തുടങ്ങിയ മോഡലുകളോടാണ് ഗാലക്‌സി യങിന് ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുന്നത്.


Stories in this Section