'റഫ് യൂസിന് പറ്റിയ മോഡലുണ്ടോ?' മൊബൈല്‍ഫോണ്‍ കടയുടമകള്‍ക്ക് പരിചിതമാണീ ചോദ്യം. ദിവസം ഒരാളെങ്കിലും ഇതും ചോദിച്ച് കയറി വരാറുണ്ടെന്ന് പല കടയുടമകളും സമ്മതിക്കുന്നു. തിരക്കേറിയ ജീവിതത്തിന്റെ പരുക്കും പോറലുകളുമൊക്കെ താങ്ങാന്‍ പറ്റുന്ന മൊബൈല്‍ ഫോണ്‍ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറിവരുന്നുണ്ടെന്നര്‍ഥം. പലതവണ താഴെ വീണാലും വാഷ്‌ബേസിനിലെ വെള്ളത്തില്‍ മുങ്ങിയാലും ഒരുചുക്കും പറ്റാത്ത മൊബൈല്‍ കൊതിക്കാത്തവര്‍ ആരുണ്ട്?
കൈക്കുഞ്ഞിനെപ്പോലെ കരുതലോടെ സൂക്ഷിക്കേണ്ട സ്മാര്‍ട്‌ഫോണുകളിലും പരുക്കന്‍ മോഡലുകള്‍ കിട്ടാനുണ്ടോ? ഇയൊരു ചോദ്യത്തിനുള്ള മറുപടിയാണ് സാംസങിന്റെ ഗാലക്‌സി എക്‌സ് കവര്‍ 2. ഡസ്റ്റ് പ്രൂഫ്, സാന്‍ഡ് പ്രൂഫ്, വാട്ടര്‍ പ്രൂഫ്... മണ്ണിനും പൊടിക്കും വെള്ളത്തിനുമൊന്നും ഈ ഫോണിനെ ഒന്നും ചെയ്യാനാകില്ല. മൂന്ന് അടി താഴ്ചയുളള വെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിയിട്ടാല്‍ പോലും ഫോണിനകത്തേക്ക് ഒരു തുള്ളി വെള്ളം കയറില്ലെന്ന് സാംസങ് കട്ടായം പറയുന്നു. വെളളത്തിനടിയില്‍ നിന്ന് ഫോട്ടോ എടുക്കാനായി പ്രത്യേകമായൊരു കാമറാബട്ടനും എക്‌സ്‌കവര്‍ ടുവിലുണ്ട്.
വെറുമൊരു പരുക്കന്‍ ഫോണ്‍ മാത്രമല്ല സാംസങ് ഗാലക്‌സി എക്‌സകവര്‍ 2 (Samsung Galaxy Xcover 2). ഇപ്പോഴിറങ്ങുന്ന ഏതൊരു സ്മാര്‍ട്‌ഫോണിനോടും കിടപിടിക്കാന്‍ സാധിക്കുന്ന ഫീച്ചേഴ്‌സും സ്‌പെസിഫിക്കേഷനുമുള്ള കിടിലന്‍ സ്മാര്‍ട്‌ഫോണ്‍ തന്നെയാണിത്. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്., 480 X 800 പിക്‌സല്‍സ് റിസൊല്യൂഷനോടു കൂടിയ നാലിഞ്ച് ടി.എഫ്.ടി. എല്‍.സി.ഡി. ഡിസ്‌പ്ലേ, സാംസങിന്റെ സ്വന്തം യൂസര്‍ ഇന്റര്‍ഫേസായ ടച്ച്‌വിസ് എന്നിവ എക്‌സ്‌കവര്‍ ടുവിലുണ്ട്.
ഒരു ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, നാല് ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണിതിലെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍. കണക്ടിവിറ്റിക്കായി വൈഫൈ ഡയറക്ട്, ബ്ലൂടൂത്ത് 4.0, ഗ്ലോനാസ് അഥവാ ഗ്ലോബല്‍ നാവിഗേഷന്‍ സിസ്റ്റം എന്നീ ആധുനിക സംവിധാനങ്ങളും ഫോണിലുണ്ട്. 32 ജി.ബി. വരെയുളള എസ്.ഡി. മെമ്മറി കാര്‍ഡ് ഇതില്‍ പ്രവര്‍ത്തിപ്പിക്കാനാകും.
പടമെടുപ്പ് ഭ്രാന്തന്‍മാര്‍ക്കായി അഞ്ച് മെഗാപിക്‌സല്‍ പ്രധാന ക്യാമറയും വി.ജി.എ. ഫ്രണ്ട് ക്യാമറയും സാംസങ് ഈ ഫോണില്‍ ഒരുക്കിയിട്ടുണ്ട്. 148.5 ഗ്രാം ഭാരമുളള ഫോണില്‍ 1700 എം.എ.എച്ച് ലി-അയണ്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.
ചാറ്റ് ഓണ്‍ മെസഞ്ചര്‍, എസ്-ക്ലൗഡ്, എസ്-വോയ്‌സ്, ബെസ്റ്റ് ഷോട്ട്, സ്മാര്‍ട്ട് സ്‌റ്റേ തുടങ്ങിയ പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകളുമായാണ് ഗാലക്‌സി എക്‌സ്‌കവര്‍ ടുവിന്റെ വരവ്. ഉപയോക്താക്കളുടെ ശാരീരിക ഫിറ്റ്‌നസ് ഉറപ്പാക്കുന്നതിന് സഹായിക്കുന്ന കാര്‍ഡിയോ ട്രെയിനര്‍ വര്‍ക്കൗട്ട് പ്രോ എന്ന ആപ്പും ഫോണിലുണ്ട്.
ഈ മാസം അവസാനം സ്‌പെയിനില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എക്‌സ്‌കവര്‍ ടു ഔദ്യോഗികമായി അവതരിപ്പിക്കപ്പെടുമെന്നാണ് അറിയുന്നത്. മാര്‍ച്ച് പകുതിയോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഈ ഫോണ്‍ വില്‍പനയ്‌ക്കെത്തും. 15,000 രൂപയ്ക്കടുത്താകും വിലയെന്ന് ടെക് ബ്ലോഗര്‍മാര്‍ ഊഹിച്ചു പറയുന്നു.