സാംസങും ആപ്പിളും തമ്മില്‍ തുടരുന്ന പേറ്റന്റ് യുദ്ധത്തില്‍ പുതിയ വഴിത്തിരിവ്. ഐപാഡിന്റെ രൂപകല്‍പ്പന സാംസങ് കോപ്പിയടിച്ചിട്ടില്ലെന്ന് ആപ്പിള്‍ പരസ്യം ചെയ്യണം. ബ്രിട്ടീഷ് ജഡ്ജിയുടേതാണ് ഈ നീര്‍ദേശം.
സാംസങിന്റെ ഗാലക്‌സി ടാബുകള്‍ ആപ്പിളിന്റെ ഐപാഡിനെ അപേക്ഷിച്ച് അത്ര
'നന്നല്ലെ'ന്നും, അതിനാല്‍ ഇക്കാര്യത്തില്‍ ആപ്പിളിന്റെ പേറ്റന്റുകള്‍ സാംസങ് ലംഘിച്ചു എന്നതില്‍ കഴമ്പില്ലെന്നും കഴിഞ്ഞയാഴ്ച വിധി പുറപ്പെടുവിച്ച ബ്രിട്ടീഷ് ഹൈക്കോടതി ജഡ്ജി കോളിന്‍ ബിര്‍സ് ആണ്, ആപ്പിളിന് ഈ നിര്‍ദേശം നല്‍കിയത്.
'സാംസങ് ഐപാഡ് കോപ്പിയടിച്ചിട്ടില്ലെ'ന്ന് സ്വന്തം വെബ്‌സൈറ്റിലും ബ്രിട്ടീഷ് പത്രങ്ങളിലും ആപ്പിള്‍ പരസ്യം നല്‍കാനാണ് ജഡ്ജി ബിര്‍സ് നിര്‍ദേശിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ആപ്പിളിന്റെ ഐപാഡ് കോപ്പിയടിച്ചുവെന്ന തോന്നല്‍ പൊതുജനങ്ങളില്‍ നിന്ന് അകറ്റാനാണ് പരസ്യം നല്‍കാന്‍ നിര്‍ദേശിക്കുന്നതെന്നും ജഡ്ജി പറഞ്ഞു.
ആപ്പിളിന്റെ വെബ്‌സൈറ്റില്‍ കുറഞ്ഞത് ആറുമാസമെങ്കിലും ഈ പരസ്യം നിലനിര്‍ത്തണമെന്നും കോടതി നിര്‍ദേശത്തിലുള്ളതായി
ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഐപാഡിന്റെ ഡിസൈന്‍ തങ്ങള്‍ മോഷ്ടിച്ചുവെന്ന് തുടര്‍ന്ന് വാദിക്കുന്നതില്‍ നിന്ന് ആപ്പളിനെ തടയണമെന്ന സാംസങിന്റെ ആവശ്യം കോടതി തള്ളി. ആപ്പിളിന് അങ്ങനെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ജഡ്ജി ബിര്‍സിന്റെ നിര്‍ദേശത്തോട് പ്രതികരിക്കാന്‍ ആപ്പിള്‍ തയ്യാറായില്ലെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പറയുന്നു.