സാംസങിന്റെ ഗാലക്‌സി ടാബുകള്‍ ആപ്പിളിന്റെ ഐപാഡിനെ അപേക്ഷിച്ച് അത്ര 'നന്നല്ലെ'ന്നും, അതിനാല്‍ ഇക്കാര്യത്തില്‍ ആപ്പിളിന്റെ പേറ്റന്റുകള്‍ സാംസങ് ലംഘിച്ചു എന്നതില്‍ കഴമ്പില്ലെന്നും ഒരു ബ്രിട്ടീഷ് ജഡ്ജി വിധിച്ചു.
ബ്രിട്ടീഷ് ഹൈക്കോടതി ജഡ്ജി കോളിന്‍ ബിര്‍സ് ആണ് വിചിത്രമായ ഈ വിധി പ്രസ്താവിച്ചത്. ഫലത്തില്‍ പേറ്റന്റ് യുദ്ധത്തില്‍ ആപ്പിളിനെതിരെ സാംസങ് വിജയിച്ചു.
പേറ്റന്റ് ലംഘനത്തിന്റെ പേരില്‍, ആപ്പിളിന്റെ പരാതി പരിഗണിച്ച് സാംസങിന്റെ
ഗാലക്‌സി ടാബ് 10.1 ന്റെ അമേരിക്കയിലെ വില്‍പ്പന അടുത്തയിടെ ഒരു കോടതി തടഞ്ഞിരുന്നു. സാംസങിന്റെ ഗാലക്‌സി നെക്‌സസ് സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പനയും അതേ കോടതി തടഞ്ഞെങ്കിലും, അപ്പീല്‍ കോടതി
ഫോണിന്റെ വില്‍പ്പന വിലക്ക് കഴിഞ്ഞ ദിവസം നീക്കുകയുണ്ടായി.
അമേരിക്കയെ അപേക്ഷിച്ച് വ്യത്യസ്തമായ അനുഭവമാണ് സാംസങിന് ബ്രിട്ടീഷ് കോടതിയില്‍ നിന്നുണ്ടായത്. മുന്‍വശത്ത് നോക്കുമ്പോള്‍ ഗാലക്‌സി ടാബ്‌ലറ്റുകളും ആപ്പിള്‍ ഐപാഡും ഓരേ കുടുംബത്തില്‍ പെടുന്ന ഉപകരണങ്ങളാണെന്ന് ബ്രിട്ടീഷ് ജഡ്ജി വിലയിരുത്തി.
എന്നാല്‍, ആപ്പിളിന്റെ രൂപകല്‍പ്പനയ്ക്കുള്ളത്ര ലാളിത്യം ഗാലക്‌സി ടാബുകള്‍ക്കില്ല. അവ ഐപാഡിന്റെ അത്രയും നന്നല്ല ('They are not as cool')-ജഡ്ജി ബിര്‍സ് ചൂണ്ടിക്കാട്ടി. അതിനാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ അവ വ്യത്യസ്തമാണെന്ന് വിധിന്യായത്തില്‍ പറഞ്ഞു.
മൊബൈല്‍ വിപണിയിലെ മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി, ആപ്പിളും സാംസങും തമ്മില്‍ കുറഞ്ഞത് പത്തു രാജ്യങ്ങളിലെങ്കിലും പേറ്റന്റിന്റെ പേരില്‍ നിയമയുദ്ധം നടക്കുകയാണ്.
ബ്രിട്ടീഷ് കോടതിയുടെ വിധിയെ സാംസങ് സ്വാഗതം ചെയ്തു. വിധിയെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കി. എന്നാല്‍, ഡിസൈനിന്റെ കാര്യത്തില്‍ തങ്ങളുടെ നിലപാട് ആപ്പിള്‍ ആവര്‍ത്തിച്ചു.
'ഹാര്‍ഡ്‌വേറിന്റെ ആകൃതി മുതല്‍ യൂസര്‍ ഇന്റര്‍ഫേസ് പോലും, എന്തിന് പാക്കിങില്‍ വരെ, സാംസങിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ഐഫോണിനെയും ഐപാഡിനെയും പോലിരിക്കുന്നത് യാദൃശ്ചികമല്ല'-ആപ്പിള്‍ വക്താവ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.
'ഇങ്ങനെ കണ്ണടച്ചുള്ള കോപ്പിയടി തെറ്റാണ്. മുമ്പ് പലതവണ ഇക്കാര്യം ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ആശയങ്ങള്‍ മറ്റ് കമ്പനികള്‍ ചോര്‍ത്തുമ്പോള്‍, ആപ്പിളിന് അതിന്റെ ബൗദ്ധികസ്വത്ത് സംരക്ഷിക്കേണ്ടതുണ്ട്'-വക്താവ് പറഞ്ഞു.