ഗാലക്‌സി ടാബ് എന്ന പേരില്‍ സാംസങിന്റെ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ രംഗത്തെത്തിയിട്ട് ഏറെക്കാലമായിട്ടില്ല. 2010 സപ്തംബര്‍ രണ്ടിനാണ് കമ്പനിയുടെ ആദ്യ ടാബ്‌ലറ്റ് അവതരിപ്പിക്കപ്പെട്ടത്. കൃത്യമായി പറഞ്ഞാല്‍ ആപ്പിളിന്റെ ഐപാഡ് ഇറങ്ങിയതിന്റെ അഞ്ചാംമാസമായിരുന്നു ഗാലക്‌സി ടാബിന്റെ വരവ്. ഐപാഡിന് അഞ്ചുമാസത്തിന്റെ സീനിയോറിറ്റി ഉണ്ടെങ്കില്‍ പോലും ഫിനിഷിങിലും ഗുണമേന്‍മയിലും തൊട്ടുപുറകില്‍തന്നെ ഗാലക്‌സി ടാബ് എന്നുമുണ്ടായിരുന്നു.
പക്ഷേ, അമേരിക്കയടക്കമുള്ള വിപണികളില്‍ ഐപാഡ് വന്‍മുന്നേറ്റം നടത്തിയപ്പോള്‍ ഗാലക്‌സി ടാബിന് കാര്യമായ വില്‍പന അവിടെ ഉണ്ടായില്ല. ഏഷ്യന്‍രാജ്യങ്ങളില്‍ മാത്രമൊതുങ്ങി ഈ കൊറിയന്‍ ടാബ്‌ലറ്റിന്റെ സ്വീകാര്യത. യാഥാര്‍ഥ്യം ഇതാണെങ്കിലും തങ്ങളുടെ ടാബ്‌ലറ്റ് ചൂടപ്പംപോലെ വില്‍ക്കപ്പെടുന്നതായി സാംസങ് അധികൃതര്‍ എക്കാലവും അവകാശപ്പെടാറുണ്ട്.
ഗാലക്‌സി ടാബ് ഇറങ്ങിയ ആദ്യ ആഴ്ചയില്‍ തന്നെ ആറുലക്ഷം യൂണിറ്റുകള്‍ വിറ്റു എന്നായിരുന്നു കമ്പനിയുടെ വീരസ്യം പറച്ചില്‍. രണ്ടുമാസം പിന്നിട്ടതോടെ മൊത്തം വില്‍പന പത്തുലക്ഷം കഴിഞ്ഞു എന്നു കമ്പനി വന്‍പ്രചാരണക്യാമ്പയിന്‍ നടത്തി. അത് വെറും വ്യാപാരതന്ത്രമാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ലെനോവ കമ്പനിയിലെ ഒരു മുതിര്‍ന്ന എക്‌സിക്യൂട്ടീവ് അന്ന് രംഗത്തുവന്നിരുന്നു.
പറഞ്ഞതത്രയും പഴങ്കഥകള്‍. മാസംതോറും അപ്‌ഡേറ്റഡ് വെര്‍ഷനുകള്‍ ഇറക്കിക്കൊണ്ട് ഗാലക്‌സി ടാബ് പതിയെ സ്വീകാര്യത നേടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ആന്‍ഡ്രോയിഡ് ഒഎസിന്റെ പിന്തുണ തന്നെയാണ് ഗാലക്‌സി ടാബിന്റെ ഏറ്റവും വലിയ കരുത്ത്. ആന്‍ഡ്രോയിഡിന്റെ പുതിയ വെര്‍ഷനുകള്‍ ഇറങ്ങുന്ന മുറയ്ക്ക് ഗാലക്‌സി ടാബിനും പുതിയ രൂപാന്തരങ്ങളുണ്ടായി. ഗാലക്‌സി സീരീസില്‍ എത്ര ടാബ്‌ലറ്റുകളിറക്കി എന്ന കാര്യം സാംസങിനുതന്നെ ഓര്‍മ കാണില്ലെന്ന അവസ്ഥയായിട്ടുണ്ടിപ്പോള്‍.
ഈ നിരയിലേക്കുള്ള ഏറ്റവും പുതിയ അതിഥിയാണ് ഗാലക്‌സി ടാബ് രണ്ട് 310. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഐസ്‌ക്രീം സാന്‍വിച്ച് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ (ആന്‍ഡ്രോയിഡ് 4.0) പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ ടാബ്‌ലറ്റിന്റെ പ്രത്യേകത. ഈ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന അധികം ടാബ്‌ലറ്റുകളൊന്നും ഇറങ്ങിയിട്ടില്ല.
ഒഎസില്‍ മാത്രം ഒതുങ്ങുന്നതല്ല ഗാലക്‌സി ടാബ് രണ്ട് 310 വിന്റെ പ്രത്യേകത. ഒരു ജിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, മൂന്ന് മെഗാപിക്‌സല്‍ ക്യാമറ, വീഡിയോ കോളിങിനായി വിജിഎ ഫ്രണ്ട് ക്യാമറ, എന്നിവയും ഇതിലുണ്ട്. ഏഴിഞ്ച് വിസ്താരമുള്ള സ്‌ക്രീനോടുകൂടിയ ഈ ടാബിന് 345 ഗ്രാം ഭാരമേയുള്ളൂ. ഏറ്റവും ഒടുവിലിറങ്ങിയ ഐപാഡിന് 660 ഗ്രാം തൂക്കമുണ്ടെന്നോര്‍ക്കുക.
ഐസ്‌ക്രീം സാന്‍വിച്ച് സമ്മാനിക്കുന്ന സേവനങ്ങള്‍ പറഞ്ഞുതീര്‍ക്കാനാവില്ല. ഗൂഗിള്‍ പ്ലേ എന്ന ഓണ്‍ലൈന്‍ വിനോദസ്‌റ്റോറുമായുള്ള ബന്ധം. ഇരുപതുലക്ഷം ഇ-പുസ്തകങ്ങളും 25 ഭാഷകളിലായ 3,500 മാസികകളും 51 ഭാഷകളിലായി രണ്ടായിരം ദിനപത്രങ്ങളും വായിക്കാവുന്ന സാംസങ് റീഡേഴ്‌സ് ഹബ്, ഏറ്റവും പുതിയ ഓണ്‍ലൈന്‍ വിനോദങ്ങളടങ്ങുന്ന സാംസങ് ഗെയിം ഹബ് എന്നിവയും ഈ ടാബ്‌ലറ്റിലുണ്ട്. മറ്റു ടാബ്‌ലറ്റുകളില്‍ നിന്നും ഗാഡ്ജറ്റുകളില്‍ നിന്നും ഉള്ളടക്കം പങ്കുവെക്കാന്‍ സഹായിക്കുന്ന ക്ലൗഡ് സേവനമായ ഓള്‍ഷെയര്‍ പ്ലേയും ഇതിലുണ്ട്.
ഐപാഡില്‍നിന്ന് വ്യത്യസ്തമായി ഇതില്‍ ഫോണ്‍വിളിക്കാനുള്ള സൗകര്യവുമുണ്ട്. ജിഎസ്എം സിംകാര്‍ഡ് ഇടാനുള്ള സൗകര്യവുമുണ്ട്. വൈഫൈ മാത്രമുള്ള മോഡലും ത്രീജി സൗകര്യമുള്ള മോഡലും ഉണ്ടാകും. 8ജിബി/16ജിബി/32ജിബി -കളില്‍ ഗാലക്‌സി രണ്ട് 310 ലഭ്യമാകും.
അടുത്തമാസം ആദ്യവാരം സാംസങ് ടാബ് രണ്ട് 310 ഏഷ്യന്‍വിപണിയിലെത്തുമെന്നാണ് സാംസങ് നല്‍കുന്ന സൂചന. ഇതിനെന്തു വില വരുമെന്ന കാര്യം വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായിട്ടില്ല. ഗാലക്‌സി ടാബിന്റെ മുമ്പിറങ്ങിയ മോഡലുകള്‍ക്ക് 26,000 മുതല്‍ 30,000 രൂപ വരെയായിരുന്നു വില. ഗാലക്‌സി ടാബ് രണ്ട് 310 ന്റെ വിലയും ഈ റേഞ്ചില്‍ തന്നെയാകുമെന്ന് പ്രതീക്ഷിക്കാം.