ഐപാഡിനെ വെല്ലും സാംസങ് ടാബ് 10.1

Posted on: 18 May 2011


-പി.എസ്.രാകേഷ്‌





ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന എത്രയെങ്കിലും ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ബ്രാന്‍ഡുകള്‍ ഇന്ന് വിപണിയിലുണ്ട്. എന്നാല്‍ അവയ്‌ക്കൊന്നും ആപ്പിളിന്റെ ഐപാഡിനോട് ഏറ്റുമുട്ടാനുള്ള കരുത്തുണ്ടായിരുന്നില്ല. ഐപാഡിന് അല്പമെങ്കിലും വെല്ലുവിളി സൃഷ്ടിച്ചത് സാംസങിന്റെ ഗാലക്‌സി 7 എന്ന മോഡലായിരുന്നു. എന്നാല്‍ ഐപാഡ് 2 ഇറങ്ങിയതോടെ ആപ്പിള്‍ വീണ്ടും ബഹുദൂരം മുന്നിലെത്തി. ഇപ്പോഴിതാ ഗാലക്‌സി 10.1 എന്ന പുത്തന്‍മോഡല്‍ ടാബ്‌ലറ്റ് വിപണിയിലെത്തിച്ചുകൊണ്ട് ആപ്പിളിനെ പേടിപ്പിക്കുകയാണ് സാംസങ്. ആന്‍ഡ്രോയിഡ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡ്... കണ്ടവര്‍ കണ്ടവര്‍ ഗാലക്‌സി ടാബ് 10.1 നെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. ഐപാഡിന്റെ സംവിധാനങ്ങളും ആന്‍ഡ്രോയിഡിന്റെ കരുത്തും ഒരുമിച്ച് വേണമെന്നുള്ളവര്‍ക്ക് ഈ ടാബ്ലറ്റ് വാങ്ങാതെ നിവൃത്തിയില്ലെന്നര്‍ഥം. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ 3.0 ഹണികോമ്പ് വെര്‍ഷനാണ് ഈ ടാബ്‌ലറ്റിലുള്ളതെന്ന കാര്യവും എടുത്തു പറയേണ്ടതുതന്നെ.

കാഴ്ചയിലും അളവുകളിലും ഐപാഡിനോട് അദ്ഭുതകരമായ സാദൃശ്യം പുലര്‍ത്തുന്നുണ്ട് ടാബ് 10.1. എന്നാല്‍ ഭാരം ഐപാഡിനേക്കാള്‍ കുറവാണു താനും. 562 ഗ്രാമാണ് ഇവന്റെ ഭാരം. ഐപാഡിന് 592 ഗ്രാം ഭാരമുണ്ട്. ഇതാരു വലിയ വ്യത്യാസമല്ലെങ്കിലും ഐപാഡിനേക്കാള്‍ ഭാരം കുറവാണ് തങ്ങളുടെ ടാബ്ലറ്റിനെന്ന് സാംസങിന് മേനി പറയാന്‍ ഇതു ധാരാളം.

മള്‍ട്ടിടച്ച് ടി.എഫ.ടി. ഉള്ള 10.1 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഈ ടാബ്‌ലറ്റിലുള്ളത്. സ്‌ക്രീനിനുചുറ്റും കറുപ്പും അലൂമിനിയം നിറത്തിലുമുള്ള രണ്ടു ചുറ്റുകളുണ്ട്. മൂന്‍വശത്ത് തന്നെ രണ്ട് മെഗാപിക്‌സല്‍ ക്യാമറയും കാണാം. പുറകുവശത്ത് എല്‍.ഇ.ഡി. ഫ്ലാഷോടു കൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. സ്‌ക്രീനിന്റെ മുകളിലെ മൂലയിലായി പവര്‍/സ്ലീപ്പ് ബട്ടനുകള്‍, വോള്യം അഡ്ജസ്റ്റര്‍, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയുണ്ട്. സ്‌ക്രീനിന്റെ താഴെഭാഗത്തായി സ്പീക്കറും മൈക്രോഫോണ്‍ പിന്‍ഹോളും. 1200 ഗുണം 800 പിക്‌സല്‍ റിസൊല്യൂഷനുള്ള സ്‌ക്രീനില്‍ ഏതുവശത്തുനിന്നുനോക്കിയാലും തെളിമയാര്‍ന്ന ദൃശ്യങ്ങള്‍ കാണാനാകും.

വായനപ്രേമികള്‍ക്കായി 22 ലക്ഷം പുസ്തകങ്ങള്‍, 49 ഭാഷകളിലെ രണ്ടായിരം ദിനപത്രങ്ങള്‍, 22 ഭാഷകളിലെ 2300 മാസികകള്‍ എന്നിവയടങ്ങിയ റീഡേഴ്‌സ് ഹബ്, സംഗീതം ഇഷ്ടപ്പെടുന്നവര്‍ക്കായി പതിമൂന്ന് ലക്ഷം പാട്ടുകള്‍ ഉള്‍ക്കൊള്ളുന്ന മ്യൂസിക് ഹബ് എന്നിവ ടാബ് 10.1 ന്റെ പ്രത്യേകതയാണ്. ഇന്‍സ്റ്റന്റ് മെസേജിങ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ആക്‌സസ്്, അഗ്രഗേറ്റ് ഈമെയില്‍ എന്നിവയുള്‍പ്പെടുന്ന സിംഗിള്‍ ഇന്റര്‍ഫേസും ആളുകളെ ആകര്‍ഷിക്കും.

യൂ.എസ്.ബി., എച്ച്.ഡി.എം.ഐ. പോര്‍ട്ടുകളോ എസ്.ഡി. കാര്‍ഡ്, സിം കാര്‍ഡ് സ്‌ലോട്ടുകളോ ഈ ടാബ്‌ലറ്റില്‍ കാണാനില്ല. 32 ജിബിഇ ഇന്റേണല്‍മെമ്മറി ഉള്ളതിനാലാകാം എസ്.ഡി. കാര്‍ഡ് സ്‌ലോട്ട് ഒഴിവാക്കിയത്. കണക്ടിവിറ്റിക്കായി ത്രിജി, എഡ്ജ്, വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങള്‍ ടാബിലുണ്ട്. അസിസ്റ്റഡ് ജി.പി.എസ്. സെന്‍സര്‍, പ്രോക്‌സിമിറ്റി, ലൈറ്റ് സെന്‍സറുകള്‍, ആക്‌സിലറോമീറ്റര്‍ എന്നിവയും ഇതിലുണ്ട്. മിന്നല്‍വേഗത്തിലുള്ള ഡാറ്റ ട്രാന്‍സ്ഫറിങ് ടാബ് 10.1 ഉറപ്പുനല്‍കുന്നുണ്ടെന്ന് സാംസങ് അവകാശപ്പെടുന്നു.

ഒരു ജിബിറ റാം, ഡ്യുവല്‍ കോര്‍ എന്‍വിഡിയ ടെഗ്രാ-2 പ്രൊസസര്‍ എന്നിവയാണ് ടാബ് 10.1 ന് ഹാര്‍ഡ്‌വെയര്‍ കരുത്തുപകരുന്നത്. ഗാലക്‌സി ടാബ് 10.1 ന്റെ ഏറ്റവും വലിയ സവിശേഷത ഹണികോമ്പ് ഓഎസ് തന്നെ. എണ്ണിയാെലാടുങ്ങാത്ത കസ്റ്റമൈസേഷന്‍ ഓപ്ഷനുകളാണ് ഹണികോമ്പ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഈ ടാബിന്റെ ബാറ്ററി ആയുസിനെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സാംസങിന്റെ ഈ പുതിയ ടാബ്‌ലറ്റ് ഇന്ത്യയിലുമെത്തുമെന്നാണ് സൂചന. ഏതാണ്ട് 35000 രൂപയാകും വിലയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ ഐപാഡ് 2 ലഭിക്കുന്നതും ഈ വിലയ്ക്കുതന്നെ.



Stories in this Section