ആപ്പിളുമായുള്ള ബലാബലത്തിനിടെ സാംസങ് ഗാലക്‌സി ടാബ് 10.1 ഇന്ത്യയിലെത്തുന്നു

Posted on: 11 Aug 2011


സ്വന്തം ലേഖകന്‍





പേറ്റന്റ് പ്രശ്‌നത്തിന്റെ പേരില്‍ ആപ്പിളുമായി കൊമ്പുകോര്‍ക്കുന്നതിനിടെ, സാംസങിന്റെ ഗാലക്‌സ് ടാബ് 10.1 (സാംസങ് ഗാലക്‌സി 750) ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്നു. ആപ്പിളിന്റെ ഐപാഡിന് വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന ഗാലിക്‌സ് ടാബ് 10.1 ഈ മാസം അവസാനത്തോടെ വിപണിയിലെത്തും.

ടാബ്‌ലറ്റുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിച്ച ആന്‍ഡ്രോയിഡ് 3.1 (ഹണികോമ്പ്) ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഗാലക്‌സി ടാബിന്റെ വലിപ്പം 10.1 ഇഞ്ചാണ്. 36200 രൂപയാകും ഇന്ത്യയില്‍ വിലയെന്ന് സാംസങ് അധികൃതര്‍ അറിയിക്കുന്നു.

നെതര്‍ലന്‍ഡ്‌സ് ഒഴികെ യൂറോപ്പിലാകെ ഈ ടാബ്‌ലറ്റ് വില്‍ക്കുന്നത് താത്ക്കാലികമായി കോടതി വഴി തടയാന്‍ ആപ്പിളിന് സാധിച്ച സമയത്താണ്, സാംസങ് ടാബ്‌ലറ്റ് ഇന്ത്യയില്‍ എത്തുന്നത്. സാംസങ് തങ്ങളുടെ പേറ്റന്റ് അതിലംഘിച്ചുവെന്ന ആപ്പിളിന്റെ പരാതിയെ തുടര്‍ന്ന്, ഒരു ജര്‍മന്‍ കോടതിയാണ് കഴിഞ്ഞ ദിവസം ഗാലക്‌സി ടാബിന്റെ യൂറോപ്പിലെ വില്‍പ്പന തടഞ്ഞത്.



ഓസ്‌ട്രേലിയായിലും ഇതേപോലൊരു കോടതിയുത്തവ് നേടാന്‍ ആപ്പിളിന് കഴിഞ്ഞു. സാംസങിന്റെ ടാബ്‌ലറ്റ് അമേരിക്കയില്‍ വില്‍ക്കുന്നത് തടയാനും സമാനമായൊരു നീക്കത്തിലാണ് ആപ്പിള്‍. അതേസമയം, ദക്ഷിണകൊറിയ, ജപ്പാന്‍, അമേരിക്ക, ജര്‍മനി എന്നിവിടങ്ങളില്‍ ആപ്പിളിനെതിരെ സാംസങ് നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

ഐപാഡ്, ഐഫോണ്‍ എന്നിവയുടെ സവിശേഷതകള്‍ സാംസങ് വിവേചനമില്ലാതെ കോപ്പിയടിച്ചുവെന്നാണ് ആപ്പിളിന്റെ ആരോപണം. എന്നാല്‍, സാംസങിന്റെ വാദം കേള്‍ക്കാതെയാണ് ജര്‍മന്‍ കോടതി ഈ നടപടി സ്വീകരിച്ചതെന്നും, ബൗദ്ധീകസ്വത്തവകാശം സംരക്ഷിക്കാന്‍ കമ്പനി അടിയന്തര നടപടി കൈക്കൊള്ളുമെന്നും സാംസങ് വക്താവ് കിം ടിറ്റുസ് പ്രസ്താവനയില്‍ അറിയിച്ചു.


ഗാലക്‌സി ടാബ് - രണ്ട് മോഡലുകള്‍


ഗാലക്‌സി ടാബിന്റെ മറ്റൊരു മോഡല്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കുന്നതായി സാംസങ് പ്രഖ്യാപിച്ചു. ഗാലക്‌സി 8.9 (ഗാലക്‌സി 730) എന്ന 8.9 ഇഞ്ച് മോഡലാണത്. ഗാലക്‌സി 10.1 ന്റേതിന് സമാനമായ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആ ടാബ്‌ലറ്റിന്റെ വില 33990 രൂപ ആയിരിക്കും. സപ്തംബര്‍ പകുതിയോടെ ഗാലക്‌സി 8.9 ഇന്ത്യന്‍ വിപണിയിലെത്തും.

ആപ്പിളിന്റെ ഐപാഡ് 2 നെക്കാളും 0.2 ഇഞ്ച് കനം കുറവുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറാണ് ഗാലക്‌സി 10.1. ലോകത്തെ ഏറ്റവും കനംകുറഞ്ഞ ടാബ്‌ലറ്റുകളാണ് തങ്ങളുടേതെന്ന് സാംസങ് അവകാശപ്പെടുന്നു.

ഇരു ടാബ്‌ലറ്റുകളുടെയും ഇന്റേണല്‍ സ്റ്റോറേജ് 16 ജിബിയാണ്. 1 ജിബി റാം, 1 ജിഎച്ച്ഇസഡ് പ്രോസസര്‍ എന്നിവയുമുണ്ട്. ഗാലക്‌സി 750 മോഡലിലേത് 7000 എംഎഎച്ച് ബാറ്ററിയാണെങ്കില്‍, ഗാലക്‌സി 730 ലേത് 6100 എംഎഎച്ച് ബാറ്ററിയാണ്.

ഇരു മോഡലിലും 'റീഡര്‍ ഹബ്ബ്' സൗകര്യവുമുണ്ട്. 22 ലക്ഷം പുസ്തകങ്ങളും, 49 ഭാഷകളിലായി 2000 പത്രങ്ങളും, 22 ഭാഷകളിലായി 2300 മാഗസിനുകളും ലഭ്യമാക്കാന്‍ റീഡര്‍ ഹബ്ബിന് കഴിയും. മാത്രമല്ല, സാംസങ് ടാബുകളിലെ 'മൊബൈല്‍ ടിവി' ആപ്ലിക്കേഷന്റെ സഹായത്തോടെ 55 ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ ആസ്വദിക്കാനും അവസരമുണ്ട്.





TAGS:


Stories in this Section