സാംസങിന്റെ ഗാലക്‌സി ടാബ് 10.1 ന്റെ വില്‍പ്പന അമേരിക്കയില്‍ നിരോധിക്കണമെന്ന ആപ്പിളിന്റെ ആവശ്യം യു.എസ്.ജഡ്ജി അംഗീകരിച്ചു. ആഗോളതലത്തില്‍ നടക്കുന്ന പേറ്റന്റ് യുദ്ധത്തില്‍ ആപ്പിളിന് മേല്‍കൈ നല്‍കുന്ന നടപടിയാണിതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആപ്പിളിന്റെ ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ഐപാഡിന് വിപണിയിലുള്ള മുഖ്യപ്രതിയോഗിയെന്ന് വിലയിരുത്തപ്പെടുന്ന ഉപകരണമാണ് സാംസങിന്റെ ഗാലക്‌സി ടാബ്‌ലറ്റ്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ് ഗാലക്‌സി ടാബുകള്‍ പ്രവര്‍ത്തിക്കുന്നത്. ഗൂഗിളും മൈക്രോസോഫ്റ്റും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്ന സമയമാണിത്.
പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ സാംസങിന്റെ ടാബ്‌ലറ്റുകളും ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളും വിലക്കണമെന്ന ആപ്പിളിന്റെ ആവശ്യം, കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍
യു.എസ്. ജില്ലാ ജഡ്ജി ലൂസി കോഹ് മുമ്പ് തള്ളിക്കളഞ്ഞിരുന്നു. ആപ്പിളിന്റെ ആവശ്യം പുനപ്പരിശോധിക്കാന്‍ ഒരു ഫെഡറല്‍ അപ്പീല്‍ കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
'മത്സരിക്കാന്‍ സാംസങിന് അവകാശമുണ്ടെങ്കിലും, പേറ്റന്റ് ലംഘനം നടത്തിയുണ്ടാക്കിയ ഉത്പന്നങ്ങളുടെ പ്രളയം വിപണിയിലുണ്ടാക്കി, ന്യായരഹിതമായ രീതിയില്‍ മത്സരിക്കാന്‍ അവകാശമില്ല'-ജഡ്ജി കോഹ് നിരീക്ഷിച്ചു. 26 ലക്ഷം ഡോളര്‍ ബോണ്ട് ആപ്പിള്‍ കെട്ടിവെയ്ക്കുന്ന സമയം മുതല്‍ ഗാലക്‌സി ടാബിന്റെ വില്‍പ്പന നിരോധം നിലവില്‍ വരും.
വില്‍പ്പന മരവിപ്പിച്ച നടപടി തെറ്റാണെന്ന് കേസിന്റെ വിചാരണയില്‍ തെളിഞ്ഞാല്‍, സാംസങിന് നഷ്ടപരിഹാരം കൊടുക്കാന്‍ ആപ്പിള്‍ കെട്ടിവെയ്ക്കുന്ന സംഖ്യ ഉപയോഗിക്കും. തങ്ങളുടെ ഐപാഡിന്റെ ഡിസൈന്‍ പേറ്റന്റ് ഗാലക്‌സി ടാബില്‍ സാംസങ് ലംഘിച്ചിരിക്കുന്നുവെന്നാണ് ആപ്പിള്‍ വാദിച്ചത്. സാംസങിന്റെ
ഗാലക്‌സി എസ് 3 സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന തടയാനും ആപ്പിള്‍ ശ്രമം തുടരുകയാണ്.
ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിന്റെ വളര്‍ച്ച തടയാന്‍ 2010 മുതല്‍ അന്താരാഷ്ട്രതലത്തില്‍ പേറ്റന്റ് യുദ്ധം നടത്തുന്ന കമ്പനിയാണ് ആപ്പിള്‍. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും നിര്‍മിക്കുന്ന സാംസങ്, എച്ച്ടിസി തുടങ്ങിയ കമ്പനികള്‍ക്കെതിരെയാണ് ആപ്പിളിന്റെ യുദ്ധം.
പുനര്‍രൂപകല്‍പ്പന ചെയ്ത ഗാലക്‌സി ടാബിനെതിരെ ആപ്പിള്‍ ഉന്നയിച്ച പരാതികള്‍ 2011 ഡിസംബറില്‍ ഒരു ജര്‍മന്‍ കോടതി തള്ളിക്കളഞ്ഞിരുന്നു. സാംസങും ആപ്പിളും തമ്മില്‍ വിവിധ രാജ്യങ്ങളില്‍ ഡസണ്‍കണക്കിന് കേസുകളാണ് പേറ്റന്റിന്റെ പേരില്‍ നടക്കുന്നത്. ഇതുകമ്പനികളും പരസ്പരം പേറ്റന്റ് ലംഘനം ആരോപിച്ച് കേസുകള്‍ നല്‍കിയിരിക്കുന്നു.
ടാബ്‌ലറ്റുകളും സ്മാര്‍ട്ട്‌ഫോണുകളും ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യുന്ന സങ്കേതത്തിന്റെ കാര്യത്തില്‍ തങ്ങളുടെ പേറ്റന്റ് ആപ്പിള്‍ ലംഘിച്ചുവെന്ന സാംസങിന്റെ പരാതി ഒരു
ഡച്ച് കോടതി കഴിഞ്ഞയാഴ്ച്ച അംഗീകരിക്കുകയും, സാംസങിന് നഷ്ടപരിഹാരം നല്‍കാന്‍ ആപ്പിളിനോട് ഉത്തരവിടുകയും ചെയ്തിരുന്നു. ഗൂഗിളിന്റെ മോട്ടറോള മൊബിലിറ്റിക്കെതിരെ ആപ്പില്‍ നല്‍കിയ പരാതി അമേരിക്കയില്‍ ഷിക്കാഗോയിലെ ഫെഡറല്‍ ജഡ്ജി റിച്ചാര്‍ഡ് പോസ്‌നെര്‍ അടുത്തയിടെ തള്ളിക്കളയുകയുണ്ടായി.
പേറ്റന്റ് കെണിയില്‍ കുടുങ്ങി എതിരാളിയുടെ ഉത്പന്നം വിപണിയില്‍നിന്ന് ഒഴിവാക്കാനും, അതുവഴി തങ്ങളുടെ ഉത്പന്നത്തിന്റെ വിപണി മേധാവിത്വം നിലനിര്‍ത്താനുമാണ് ആപ്പിളും സാംസങും ശ്രമിക്കുന്നത്.
കഴിഞ്ഞ ജനവരി -മാര്‍ച്ച് കാലയളവില്‍ 13.6 ദശലക്ഷം ഐപാഡുകള്‍ വിറ്റുകൊണ്ട്, ടാബ്‌ലറ്റ് വിപണിയിലെ ആധിപത്യം ആപ്പിള്‍ തുടരുകയാണ്. ആഗോള ടാബ്‌ലറ്റ് വിപണിയില്‍ 63 ശതമാനമാണ് ആപ്പിളിന്റെ വിഹിതമെന്ന് 'ഡിസ്‌പ്ലെ സെര്‍ച്ച്' കമ്പനിയുടെ പഠനം പറയുന്നു. അതേസമയം, സാംസങിന്റെ ഗാലക്‌സി ടാബ് ഇതേകാലയളവില്‍ വിറ്റത് 1.6 ദശലക്ഷം മാത്രം. സാംസങിന്റെ വിപണിവിഹിതം 7.5 ശതമാനമേയുള്ളൂ.