ഗാലക്‌സി പരമ്പരയിലെ ഏറ്റവും വിലകുറഞ്ഞ അംഗത്തെ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗാലക്‌സി സ്റ്റാര്‍ ( Samsung Galaxy Star ) എന്ന് പേരിട്ടിരിക്കുന്ന ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന്റെ വില വെറും 5240 രൂപ മാത്രം.
'വിലയുദ്ധ'ത്തില്‍ പിന്നിലാകാതിരിക്കാനാണ് സാംസങിന്റെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. നോക്കിയയുടെ ആഷ ഫോണുകള്‍ക്കും, മൈക്രോമാക്‌സിന്റെയും കാര്‍ബണിന്റെയും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇന്ത്യയില്‍ പ്രിയം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സാംസങിന്റെ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണിന്റെ വരവ്.
ഇതുവരെ സാംസങിന്റെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായി രംഗത്തുണ്ടായിരുന്നത് ഗാലക്‌സി വൈ ( Samsung Galaxy Y ) ആണ്. 5890 രൂപയാണ് അതിന്റെ വില.
ഫീച്ചറുകള്‍, പ്രകടനം, രൂപകല്‍പ്പന എന്നീ കാര്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഉന്നത മൂല്യം നല്‍കുന്ന ഉപകരണമാണ് ഗാലക്‌സി സ്റ്റാര്‍ എന്ന്, സാംസങ് മൊബൈല്‍ ഇന്ത്യന്‍ മേധാവി വിനീറ്റ് തനേജ പ്രസ്താവനയില്‍ പറഞ്ഞു.
ഡ്യുവല്‍ സിം ഫോണാണ് ഗാലക്‌സി സ്റ്റാര്‍. A5 1GHz പ്രൊസസര്‍ കരുത്തുപകരുന്ന ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 4.1 (ജെല്ലി ബീന്‍) പ്ലാറ്റ്‌ഫോമിലാണ്. 512 എംബി റാം, 4ജിബി ഇന്റേണല്‍ സ്റ്റേറേജ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. സ്റ്റോറേജ് 32 ജിബി വരെ വര്‍ധിപ്പിക്കാം. മൂന്നിഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഉള്ള ഗാലക്‌സി സ്റ്റാറില്‍ രണ്ട് മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്.
ഈ സ്മാര്‍ട്ട്‌ഫോണോടുകൂടി 5,240 രൂപയ്ക്കും 41,500 രൂപയ്ക്കും മധ്യേ വിലയുള്ള സാംസങിന്റെ 15 സ്മാര്‍ട്ട്‌ഫോണുകള്‍ ഗാലക്‌സി പരമ്പരയില്‍ ഇന്ത്യന്‍ വിപണിയിലുണ്ട്.
സൈബര്‍മീഡിയ റിസര്‍ച്ച് ( CyberMedia Research ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2012 ല്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞത് 22.1 കോടി മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളാണ്. അതില്‍ ഏഴ് ശതമാനമേ വരൂ എങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗം വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ് തന്നെയാണ് മുന്നില്‍. 43 ശതമാനമാണ് സാംസങിന്റെ വിപണി വിഹിതം. തൊട്ടുപിന്നില്‍ 13.3 ശതമാനവുമായി നോക്കിയയും, 8.2 ശതമാനവുമായി സോണിയുമുണ്ട് - സൈബര്‍മീഡിയ പറയുന്നു.