അമേരിക്കയില്‍ ഗാലക്‌സി വില്‍പ്പന തടയാനുള്ള ആപ്പിളിന്റെ നീക്കം പാളി

Posted on: 04 Dec 2011




ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങിന്റെ ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളും അമേരിക്കയില്‍ വില്‍ക്കുന്നത് തടയാനുള്ള ആപ്പിളിന്റെ ആദ്യശ്രമം പാളി. സാംസങ് ഉപകരണങ്ങളുടെ വില്‍പ്പന ഉടന്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവിടാന്‍ ഒരു യു.എസ്. ജഡ്ജി വിസമ്മതിച്ചു.

കാലിഫോര്‍ണിയയില്‍ സാന്‍ ജോസിലെ ജില്ലാജഡ്ജി ലൂസി കോഹ് ആണ്, ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചത്. വില്‍പ്പന വിലക്ക് എന്തുകൊണ്ട് ഏര്‍പ്പെടുത്തണമെന്ന് ജഡ്ജിയെ ബോധ്യപ്പെടുത്താന്‍ ആപ്പിളിന്റെ അഭിഭാഷകര്‍ക്ക് സാധിച്ചില്ലെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

മാതൃകാവകശാത്തിന്റെ (പേറ്റന്റിന്റെ) പേരില്‍ ആപ്പിളും സാംസങും തമ്മില്‍ പത്തുരാജ്യങ്ങളിലായി ഇരുപതിലേറെ കേസുകളാണ് നടക്കുന്നത്. സാംസങിന്റെ ഏറ്റവും പുതിയ ഗാലക്‌സി ടാബിന് രാജ്യത്ത് ഏര്‍പ്പെടുത്തിയ വില്‍പ്പന വിലക്ക് നീട്ടിക്കൊണ്ട് ഒരു ഓസ്‌ട്രേലയന്‍ കോടതി ഉത്തരവിട്ട അതേ ദിവസമാണ്, യു.എസ്.കോടതി ആപ്പിളിന്റെ ഈ ആവശ്യം നിരസിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്.

സാംസങിന്റെ ഗാലക്‌സി പരമ്പരയിലെ മൂന്ന് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്കും ഗാലക്‌സി ടാബ് 10.1 ന്റെയും വില്‍പ്പന അമേരിക്കയില്‍ വിലക്കണമെന്നാണ് സാന്‍ ജോസ് കോടതിയില്‍ ആപ്പിള്‍ ആവശ്യപ്പെട്ടത്.

ജഡ്ജ് കോഹിന്റെ തീരുമാനത്തെ സാംസങ് സ്വാഗതം ചെയ്തു. ആപ്പിളിന്റെ വാദങ്ങള്‍ കഴമ്പില്ലാത്തതാണെന്ന തങ്ങളുടെ വാദം സ്ഥിരീകരിക്കുന്നതാണ് കോടതിയുടെ നിലപാടെന്ന്, സാംസങ് വക്താവ് ജാസന്‍ കിം അറിയിച്ചു.

ആപ്പിളിന് നിയമനടപടിയുമായി മുന്നോട്ടു പോകുന്നതിന് തടസ്സമില്ല. എന്നാല്‍, അമേരിക്കയില്‍ ഗാലക്‌സി വില്‍പ്പന ഉടന്‍ തടയാന്‍ ഉത്തരവ് നേടാന്‍ കഴിയാത്തത് സാംസങിന് ഗുണം ചെയ്യും. ക്രിസ്മസ് കാലത്ത് അമേരിക്കയില്‍ അത്തരമൊരു വിലക്ക് വന്നിരുന്നുവെങ്കില്‍ ആപ്പിളിന് അത് നല്ല അവസരമാകുമായിരുന്നു.

അമേരിക്കയില്‍ കഴിഞ്ഞ ഏപ്രിലില്‍ സാംസങ് ആപ്പിളിനെതിരെ കോടതിയെ സമീപിപ്പിച്ചിരുന്നു. തങ്ങളുടെ ഗാലക്‌സി പരമ്പരയിലുള്ള സ്മാര്‍ട്ട്‌ഫോണുകളെയും ടാബ്‌ലറ്റുകളെയും ആപ്പിളിന്റെ ഐഫോണും ഐപാഡും വകതിരിവില്ലാതെ അനുകരിക്കുന്നു എന്നതായിരുന്നു സാംസങിന്റെ വാദം.
TAGS:
samsung  |  galaxy smartphones  |  apple  |  smartphone  |  tablet computers  |  patent issue 


Stories in this Section