സാംസങിന്റെ ആദ്യ ' ക്യാമറാഫോണ്‍ ' 16 മെഗാപിക്‌സല്‍ ക്യാമറയോടെ എത്തുന്നതായി റിപ്പോര്‍ട്ട്.
'ഗാലക്‌സി എസ് 4 സൂം' ( Galaxy S4 Zoom ) എന്ന പേരിലെത്തുന്ന ഈ ഫോണ്‍, എസ്.എം - സി1010 എന് കോഡുനാമത്തില്‍ തയ്യാറായി വരുന്നതായി സാംമൊബൈല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനു മുമ്പ് ഒരു ഗാഡ്ജറ്റില്‍ സാംസങ് 16 മെഗാപിക്‌സല്‍ ക്യാമറ ഉപയോഗിച്ചിരുന്നു. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ക്യാമറയിലായിരുന്നു അത്. സ്മാര്‍ട്ട്‌ഫോണില്‍ ഇത്രയും ശക്തമായ ക്യാമറ സാംസങ് ഉപയോഗിക്കുന്നത് ആദ്യമായാണ്.
സാംമൊബൈലിന്റെ റിപ്പോര്‍ട്ട് പ്രകാരം, സാംസങിന്റെ സൂപ്പര്‍ഫോണായ ഗാലക്‌സ് എസ് 4 ന്റെ അത്ര സ്‌ക്രീന്‍ വലിപ്പം എസ് 4 സൂമിനില്ല. എസ് 4 സൂമിലേത് 4.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയാണ്.
പുതിയ ഫോണിന്റെ പ്രൊസസര്‍ സംബന്ധിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഡ്യുവല്‍ കോര്‍, അല്ലെങ്കില്‍ ക്വാഡ് കോര്‍ ആകാം പ്രൊസസര്‍ എന്ന് മാത്രമേ റിപ്പോര്‍ട്ട് പറയുന്നുള്ളൂ. ബാറ്ററി സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടില്ല. ആന്‍ഡ്രോയ്ഡ് ജല്ലിബീന്‍ പ്ലാറ്റ്‌ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.
റിപ്പോര്‍ട്ട് അനുസരിച്ച്, 8 ജിബി ഇന്റേണല്‍ മെമ്മറി ഉള്ളതാകണം എസ് 4 സൂം. മൈക്രോ എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ അത് 64 ജിബി വരെ വര്‍ധിപ്പിക്കാം. മാത്രമല്ല, ബ്ലൂടൂത്ത്, വൈഫൈ, എ-ജിപിഎസ് എന്നിവയും ഫോണിലുണ്ട്. ഒപ്പം, സാംസങിന്റെ സ്വന്തം ടച്ച് വിസ് നേച്ചര്‍ യു.എക്‌സ് ഇന്റര്‍ഫേസും ഉണ്ടാകും.
അടുത്ത ജൂണിലോ ജൂലായിലോ ഗാലക്‌സി എസ് 4 സൂം സാംസങ് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗാലക്‌സി എസ് 4 മിനി ഉള്‍പ്പടെ, ഗാലക്‌സി എസ് 4 ന്റെ ഉപവിഭാഗങ്ങളില്‍പെട്ട ഒരുപിടി ഫോണുകള്‍ സാംസങ് താമസിയാതെ വിപണിയിലെത്തിക്കുമെന്നാണ് സൂചന. അതില്‍ ഒന്നായിരിക്കണം സാംസങിന്റെ ഈ ക്യാമറഫോണ്‍.