ഇന്ത്യയില്‍ താരമാകാന്‍ സാംസങ് ഗാലക്‌സി എസ്‌

Posted on: 01 Jun 2010


-പി.എസ്.രാകേഷ്‌




ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിന് ദിവസവും ലോകത്ത് ആരാധകര്‍ ഏറുകയാണ്. ഓരോദിവസവും ലോകത്ത് ഒരുലക്ഷം പുതിയ ആന്‍ഡ്രോയ്ഡ് ഗാഡ്ജറ്റുകള്‍ രംഗത്തെത്തുന്നുവെന്നാണ് കണക്ക്. കമ്പ്യൂട്ടറുകള്‍ക്ക് വിന്‍ഡോസ് എന്നതുപോലെ മൊബൈല്‍ഫോണുകള്‍ക്ക് ആന്‍ഡ്രോയ്്ഡ് സാര്‍വത്രികമാകുന്ന കാലം അതിവിദൂരമല്ലെന്നര്‍ഥം.

ഇന്ത്യയില്‍ ആദ്യമായെത്തിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ മോട്ടറോള മൈല്‍സ്‌റ്റോണായിരുന്നു. ഇപ്പോഴിതാ ഒരുകൂട്ടം കമ്പനികള്‍ ഇന്ത്യന്‍ തീരത്ത് ആന്‍ഡ്രോയ്ഡ് അടുപ്പിക്കാനുള്ള ശ്രമത്തിലാണ്. ലോകത്തിലെ രണ്ടാമത്തെ വമ്പന്‍ മൊബൈല്‍ കമ്പനിയായ സാംസങാണ് ഇപ്പോള്‍ ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് തരംഗം സൃഷ്ടിക്കുന്നത്. സാംസങിന്റെ ഗാലക്‌സി സീരിയസിലാണ് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌മോം ഉപയോഗിക്കുന്നത്. ഈ പരമ്പരയിലെ ഏറ്റവും പുതിയതും സൂപ്പര്‍താരവുമായ ഗാലക്‌സി എസ് ഐ 9000 ഈ മാസം ഇന്ത്യന്‍ വിപണിയിലെത്തും.

എക്‌ളെയര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ആന്‍ഡ്രോയ്ഡിന്റെ 2.1 വകഭേദമാണ് ഗാലക്‌സി എസിലുണ്ടാവുക. എന്നാലിത് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ 2.2 വകഭേദത്തിലേക്ക് (ഫ്രോയോ എന്നു ചെല്ലപ്പേര്) അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷന്‍ സാംസങ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

ആന്‍ഡ്രോയ്ഡ് ഒ.എസില്‍ മാത്രം തീരുന്നതല്ല സാംസങ് ഗാലക്‌സിയുടെ പെരുമ. ഒരു ജിഗാഹെര്‍ട്‌സ് ഹമ്മിങ്‌ബേര്‍ഡ് പ്രോസസര്‍, നാലിഞ്ച് എമോലെഡ് (AMOLED) ടച്ച്‌സ്‌ക്രീന്‍, അഞ്ച് മെഗാപിക്‌സല്‍ കാമറ, 18 ജി.ബി. സ്‌റ്റോറേജ് ഓപ്ഷന്‍, ടച്ച്‌വിസ് 3.0, മള്‍ട്ടി-ടച്ച് ഇന്‍പുട്ട് , ആക്‌സിലെറോമീറ്റര്‍ സെന്‍സര്‍ എന്നിവയെല്ലാം ഈ പുതുഫോണിന് സ്വന്തം. 'ആക്ടീവ് മെട്രിക്‌സ് ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ്' എന്നതാണ് എമോലെഡിന്റെ പൂര്‍ണരൂപം. പുതുതലമുറ ടെലിവിഷനുകളിലും മൊബൈല്‍ഫോണുകളിലും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണിത്. സ്‌ക്രീനിലെ ഡിസ്‌പ്ലേയ്ക്കായി ബാക്ക്‌ലൈറ്റ് ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ഊര്‍ജ്ജം ഏറെ ലാഭിക്കാനാകും.

ഇതിനൊപ്പം സ്റ്റീരിയോ ബ്ലൂടുത്ത്, ത്രിജി, വൈ-ഫൈ എന്നിവ കൂടിയാകുമ്പോള്‍ കണക്ടിവിറ്റിയുടെ കാര്യത്തിലും സാംസങ് ഗാലക്‌സി മുന്നില്‍ തന്നെ നില്‍ക്കും. ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ സ്‌റ്റോറായ മാര്‍ക്കറ്റ്, ഗൂഗിള്‍ മൊബൈല്‍ സര്‍വീസസ് എന്നിവയിലേക്കുള്ള എളുപ്പത്തിലുളള പ്രവേശവും സാംസങ് ഗാലക്‌സി ഉറപ്പുതരുന്നു. ഗൂഗിള്‍ സെര്‍ച്ച്, ജിമെയില്‍, ജിേടാക്ക്, ഗൂഗിള്‍ മാപ്‌സ് എന്നിവയുള്‍പ്പെടുന്നതാണ് ഗൂഗിള്‍ മൊബൈല്‍ സര്‍വീസസ്. ഫേസ്ബുക്കിലും ട്വിറ്ററിലും ഓര്‍ക്കുട്ടിലുമൊക്കെയുള്ള അക്കൗണ്ടുകള്‍ ഒരിടത്തുതന്നെ തുറക്കാവുന്ന 'സോഷ്യല്‍ ഹബ്ബും' ഫോണിലുണ്ട്.

ഇന്ത്യക്കാര്‍ക്ക് എത്ര രുപയ്ക്കാകും ഗാലക്‌സി എസ് വില്‍ക്കുകയെന്ന കാര്യം സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏതാണ് 28,000 രൂപയെങ്കിലും ഈ മോഡലിന് വിലവരുമെന്ന് മൊബൈല്‍ പണ്ഡിതര്‍ പ്രവചിക്കുന്നുണ്ട്. ഗാലക്‌സിക്കൊപ്പം 'വേവ്' എന്ന മോഡലും കൂടി ഇന്ത്യക്കാര്‍ക്ക് വേണ്ടി അവതരിപ്പിക്കാന്‍ സാംസങ് ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാലക്‌സി എസില്‍ നിന്ന് വ്യത്യസ്തമായി സാംസങിന്റെ ബാഡാ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന വേവിന് പക്ഷേ വില ഗാലക്‌സിയേക്കാള്‍ കുറവായിരിക്കും.




Stories in this Section