ഗാലക്‌സി എസ് 3 യുടെ വില്‍പ്പന ജൂലായില്‍ 10 ദശലക്ഷം കവിയും -സാംസങ്

Posted on: 25 Jun 2012




ആപ്പിള്‍ ഐഫോണിന്റെ മുഖ്യപ്രതിയോഗിയെന്ന നിലയ്ക്ക് കഴിഞ്ഞ മാസം ഒടുവില്‍ വിപണിയിലെത്തിയ ഗാലക്‌സി എസ് 3 സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന അടുത്ത മാസം 10 ദശലക്ഷം കവിയുമെന്ന് സാംസങ് വെളിപ്പെടുത്തി. സാംസങ് ഇറക്കിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും വേഗത്തില്‍ വിറ്റുപോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കുകയാണ് ഗാലക്‌സി എസ് 3.

ആഗോളതലത്തില്‍ ഗാലക്‌സി എസ് 3 വില്‍പ്പനയ്‌ക്കെത്തിയത് മെയ് 29 നാണ്. ഫോണിന്റെ ആവശ്യം ഏറിയപ്പോള്‍, അതിനനുസരിച്ച് ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയാത്തത് ഗാലക്‌സി എസ് 3 യുടെ വില്‍പ്പനയ്ക്ക് തുടക്കത്തില്‍ കല്ലുകടിയുണ്ടാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗാലക്‌സി എസ് 3 അമേരിക്കന്‍ വിപണിയിലെത്തിയത്. സ്പ്രിന്റ് നെക്സ്റ്റല്‍, ടി-മൊബൈല്‍, എടി ആന്‍ഡ് ടി തുടങ്ങിയ മൊബൈല്‍ ദാതാക്കള്‍ വഴിയാണ് വില്‍പ്പന. എന്നാല്‍, ഗാലക്‌സി എസ് 3 യുടെ 32 ജിബി മോഡല്‍ നല്‍കാന്‍ ഇതില്‍ ചില കമ്പനികള്‍ക്ക് കഴിഞ്ഞിട്ടില്ല. ലോകമെങ്ങും ഫോണിന് ആവശ്യക്കാര്‍ കൂടിയതാണ് കാരണം.

ആപ്പിളിന്റെ ഐഫോണിനോട് മത്സരിക്കാന്‍ രണ്ടുവര്‍ഷം മുമ്പാണ് ഗാലക്‌സി മോഡല്‍ സാംസങ് ആദ്യമായി രംഗത്തെത്തിച്ചത്. ആ സമയത്ത് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങിന്റെ വിഹിതം വെറും പത്തുശതമാനത്തില്‍ താഴെയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇക്കാര്യത്തില്‍ സാംസങ് ആപ്പിളിനെ കടത്തിവെട്ടിയിരിക്കുന്നു.

കഴിഞ്ഞ ജനവരി - മാര്‍ച്ച് കാലയളവില്‍ സാംസങ് വിറ്റത് 44.5 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ്-മണിക്കൂറില്‍ 21,000 ഫോണുകള്‍ എന്ന കണക്കിലായിരുന്നു വില്‍പ്പന. സാംസങിന്റെ വിപണിവിഹിതം 30.6 ശതമാനമായി. അതേ കാലയളവില്‍ ആപ്പിള്‍ വിറ്റത് 35.1 ദശലക്ഷം ഐഫോണുകളാണ്. ആപ്പിളിന്റെ വിപണിവിഹിതം 24.1 ശതമാനം.

ഐഫോണ്‍ ഡേറ്റ ഗാലക്‌സി ഫോണിലെത്തിക്കാന്‍ വിദ്യ

ആഗ്രഹമുണ്ടെങ്കില്‍ പോലും ഐഫോണ്‍ ഉപേക്ഷിച്ച് ഗാലക്‌സി ഫോണിലേക്ക് മാറാന്‍ പലര്‍ക്കും കഴിയാറില്ല. ഐട്യൂണ്‍സില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഡേറ്റ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള ഗാലക്‌സി ഫോണുകളിലേക്ക് മാറ്റാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് കാരണം.

ഇതിനൊരു പരിഹാരം സാംസങ് അവതരിപ്പിച്ചതായി 'ടെലഗ്രാഫ്' പത്രം റിപ്പോര്‍ട്ട് ചെയ്തു. 'ഈസി ഫോണ്‍ സിന്‍ക്' എന്ന സൗജന്യ ആപ്ലിക്കേഷന്‍ (Easy Phone Sync app) വഴിയാണ്, ഐഫോണിലെ ഐട്യൂണ്‍സ് ഉള്ളടക്കം ഗാലക്‌സി ഫോണിലേക്ക് മാറ്റാനാവുക.

ഐട്യൂണ്‍സ് മ്യൂസിക്, വീഡിയോകള്‍, പോഡ്കാസ്റ്റുകള്‍, ഫോട്ടോകള്‍, ടെക്‌സ്റ്റ് മെസേജുകള്‍ തുടങ്ങിയ ഉള്ളടക്കങ്ങളെല്ലാം ഐഫോണില്‍ നിന്ന് ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റിലേക്ക് ഈ ആപ്ലിക്കേഷനുപയോഗിച്ച് മാറ്റാം.

ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സാംസങിന്റെ ഗാലക്‌സി ഫോണിലേക്ക് മാറാന്‍ പുതിയ സങ്കേതം സൗകര്യമൊരുക്കുന്നു. ഐട്യൂണ്‍സ് ഉള്ളടക്കം ഗാലക്‌സി ഫോണില്‍ ആസ്വദിക്കാന്‍ പുതിയ ആപ്ലിക്കേഷന്‍ സഹായിക്കുമെന്ന് സാംസങിന്റെ വക്താവ് പറഞ്ഞു.

പുതിയ ഗാലക്‌സി എസ് 3 വിപണിയില്‍ സൂപ്പര്‍ഹിറ്റായി മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ്, ഗാലക്‌സി ഫോണുകള്‍ക്ക് കൂടുതല്‍ സഹായകമാകുന്ന ഈ നീക്കം സാംസങ് നടത്തിയിരിക്കുന്നത്.
TAGS:
samsung  |  galaxy s iii  |  smartphone  |  android phones  |  mobile market  |  easy phone sync  |  mobile apps 


Stories in this Section