ബാഴ്‌സലോണയിലെ മിന്നുംതാരം ഇന്ത്യയിലുമെത്തി. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ കഴിഞ്ഞ ഫിബ്രവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയത് സാംസങിന്റെ ഗാലക്‌സി എസ് 2 എന്ന സ്മാര്‍ട്‌ഫോണായിരുന്നു. ഇപ്പോഴിതാ ആ ഫോണ്‍ ഇന്ത്യയിലുമെത്തി. ന്യൂഡല്‍ഹിയില്‍ സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യാ ഫോറത്തില്‍ ഏപ്രില്‍ 13 നാണ് ഗാലക്‌സി എസ് 2 ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും പുതിയ ഉല്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനുമായാണ് സൗത്ത് വെസ്റ്റ് ഏഷ്യാഫോറം എന്ന വേദി സാംസങ് ഒരുക്കിയത്.
ഗാലക്‌സി എസ് എന്ന സ്മാര്‍ട്‌ഫോണിന്റെ അപ്‌ഡേറ്റഡ് പതിപ്പാണ് ഗാലക്‌സി എസ് 2. ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് പതിപ്പാണ് ഇതിന്റെ പ്ലാറ്റ്‌ഫോം. പോറലുകള്‍ വീഴാത്ത ഗൊറില്ല ഗ്ലാസ്, സൂപ്പര്‍ അമൊലെഡ് പ്ലസ് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനോടു കൂടിയ 4.3 ഇഞ്ച് ഡിസ്‌പ്ലേ, 1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം എന്നിങ്ങനെയുള്ള പ്രത്യേകതകളാണ് ഫോണിലുള്ളത്. നിലവിലുള്ള സൂപ്പര്‍ അമൊലെഡ് ഡിസ്‌പ്ലേയേക്കാള്‍ ഒരു ചുവടു മുന്നിലാണ് 4.3 ഇഞ്ച് സൂപ്പര്‍ അമൊലെഡ് ഡിസ്‌പ്ലേ. മെലിഞ്ഞ ഡിസൈന്‍, കുറഞ്ഞ ബാറ്ററി ഉപയോഗം, ഏതുവശത്തുനിന്നുനോക്കിയാലും വ്യക്തതയേറിയ സ്‌ക്രീന്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. 8.49 മില്ലിമീറ്ററാണ് ഫോണിന്റെ കനം.
എല്‍.ഇ.ഡി. ഫ്ലാഷോടു കൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറയും വീഡിയോ കോളിങിനായി രണ്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഗാലക്‌സി എസ് രണ്ടിനൊപ്പമുണ്ട്. 1080 പി വീഡിയോ കാംകോഡര്‍, കണക്ടിവിറ്റിക്കായി ബ്ലൂടൂത്ത്, ത്രീജി, വൈഫൈ, ഡി.എല്‍.എന്‍.എ., എച്ച്.ഡി.എം.ഐ. ഔട്ട്, എച്ച്.എസ്.പി.എ. നെറ്റ്‌വര്‍ക്ക് എന്നിവയും ഫോണിന്റെ സവിശേഷതകളില്‍ പെടുന്നു.
16 ജി.ബി. ഇന്റേണല്‍ മെമ്മറിയും 32 ജി.ബി. വരെയുള്ള ഡാറ്റ കാര്‍ഡ് സൗകര്യവുമായാണ് ഗാലക്‌സി എസ് രണ്ടിന്റെ വരവ്. ജിഞ്ചര്‍ബ്രെഡ് പതിപ്പില്‍ ആപ്ലിക്കേഷനുകള്‍ ഡാറ്റകാര്‍ഡുകളില്‍ സുക്ഷിച്ചു പ്രവര്‍ത്തിപ്പിക്കാനാകും എന്നതിനാല്‍ മെമ്മറി ശേഷി കൂടുന്നത് ഏറെ ഗുണം ചെയ്യും.
ഇന്റര്‍നെറ്റ് ഉപയോഗം കാര്യക്ഷമമാക്കുന്നതിനായി സോഷ്യല്‍ ഹബ്, പാട്ടുകേള്‍ക്കാനായി മ്യൂസിക് ഹബ്, ഗെയിമുകള്‍ക്കായി ഗെയിം ഹബ്, പുസ്തകങ്ങള്‍ വായിക്കാനായി റീഡേഴ്‌സ് ഹബ് തുടങ്ങി കൃത്യമായി വിഭജിച്ച യൂസര്‍ ഇന്റര്‍ഫേസാണ് ഫോണിലുള്ളത്. നാല്‍പ്പത്തേഴ് ഭാഷകളിലെ രണ്ടായിരം ദിനപത്രങ്ങളും ഇരുപത് ഭാഷകളിലെ രണ്ടായിരത്തഞ്ഞൂറോളം മാസികകളും വായിക്കാനുള്ള സൗകര്യം റീഡേഴ്‌സ് ഹബില്‍ ഒരുക്കിയിട്ടുണ്ട്.
ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം മൊബൈല്‍ഫോണ്‍ ഉപയോഗിക്കാവുന്ന നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയും സാംസങ് ഗാലക്‌സി എസ് രണ്ടില്‍ സംയോജിപ്പിച്ചിരിക്കുന്നു.
മൊബൈല്‍ ഫോണിനെ ലാപ്‌ടോപ്പ്, ടി.വി., ഓഡിയോസിസ്റ്റം എന്നിവയുമായി വയറില്ലാതെ ബന്ധിപ്പിച്ച് ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നൂതനസൗകര്യവും ഈ േഫാണിലൂടെ അവതരിപ്പിക്കുന്നുണ്ട് സാംസങ്. ഓള്‍ഷെയര്‍ എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനമുപയോഗിച്ച് മൊബൈല്‍ഫോണിലെ ഓഡിയോ, വീഡിയോ ക്ലിപ്പിങുകള്‍ വയര്‍ലെസ്സ് ആയി ടി.വി.യിലോ ലാപ്‌േടാപ്പിലോ പ്രദര്‍ശിപ്പിക്കാം.
സാംസങ് ഗാലക്‌സി എസ് രണ്ടിന്റെ സാങ്കേതികസൗകര്യങ്ങള്‍ പറഞ്ഞാല്‍ തീരില്ലെന്നതാണു സത്യം. പക്ഷേ അതു മുതലാക്കാനെന്നപോലെ കനത്ത വിലയും കമ്പനി ഈ മോഡലിന് ഈടാക്കുന്നു. സാംസങ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 35,000 രൂപയ്ക്കടുത്താകും ഇതിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ടെല്ലുമായി സഹകരിച്ചുകൊണ്ട് ഉടന്‍ ഇന്ത്യയിലെത്തുന്ന ഐഫോണ്‍ 4 േനാട് ഏറ്റുമുട്ടാനാണ് സാംസങ് ധൃതിപിടിച്ച് ഗാലക്‌സി എസ് രണ്ട് ഇവിടെ അവതരിപ്പിച്ചതെന്നും സൂചനകളുണ്ട്. അടുത്തമാസം ആദ്യവാരം മുതല്‍ രാജ്യമെങ്ങും ഈ പുതുമോഡല്‍ സ്മാര്‍ട്‌ഫോണ്‍ ലഭിച്ചുതുടങ്ങും.