ഗാലക്‌സി ലോകത്തുനിന്ന് ഗ്രാന്‍ഡ് എത്തുന്നു

Posted on: 04 Jan 2013


-പി.എസ്.രാകേഷ്‌




കൊറിയന്‍ കമ്പനിയായ സാംസങിന്റെ ജാതകം തിരുത്തിക്കുറിച്ച സംഭവമായിരുന്നു ഗാലക്‌സി സീരീസിലുളള സ്മാര്‍ട്‌ഫോണുകളുടെ പിറവി. 2009 ജൂണിലാണ് ഗാലക്‌സി എന്ന പേരില്‍ സാംസങ് സ്മാര്‍ട്‌ഫോണുകളിറക്കിത്തുടങ്ങിയത്. ഗാലക്‌സി സ്‌പൈക്ക, പോര്‍ട്ടല്‍ എന്നിവയായിരുന്നു ആദ്യമിറക്കിയ മോഡലുകള്‍.

2010 ജൂണില്‍ ഗാലക്‌സി എസ് വിപണിയിലെത്തി. ഈ ഫോണ്‍ ജനപ്രീതി നേടിയത് വളരെപ്പെട്ടെന്നായിരുന്നു. തുടര്‍ന്ന് ഗാലക്‌സി സീരിസിലിറക്കിയ സ്മാര്‍ട്‌ഫോണുകളെല്ലാം ചൂടപ്പം പോലെ വിറ്റുതീരാന്‍ തുടങ്ങി. ഗാലക്‌സി സീരീസില്‍ ഇതിനകം 45 മോഡലുകള്‍ സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. മിക്കതും സൂപ്പര്‍ഹിറ്റായതോടെ സ്മാര്‍ട്‌ഫോണ്‍ രംഗത്ത് ഒന്നാം സ്ഥാനത്തെത്താന്‍ സാംസങിന് എളുപ്പത്തില്‍ സാധിച്ചു.

2012 ന്റെ ആദ്യപാദത്തില്‍ മാത്രം നാലരക്കോടി സാംസങ് ഫോണുകളാണ് ലോകമെമ്പാടുമായി വിറ്റഴിഞ്ഞത്. സ്മാര്‍ട്‌ഫോണ്‍ രംഗത്ത് 23.8 ശതമാനമാണ് സാംസങിന്റെ വില്പനവിഹിതം. രണ്ടാം സ്ഥാനത്തുള്ള ആപ്പിളിന്റേത് 14.6 ശതമാനം മാത്രം.

സാംസങ് ഗാലക്‌സി നിരയിലെ ഏറ്റവും പുതിയ അവതാരം ഗ്രാന്‍ഡിന്റെ വരവും കാത്തിരിക്കുകയാണ് ടെക്‌ലോകമിപ്പോള്‍. ജനവരി 17 ന് ഗ്രാന്‍ഡ് ഇന്ത്യയില്‍ വില്പനയ്‌ക്കെത്തുമെന്ന് വാര്‍ത്തകളുണ്ട്. ആ ദിവസം ഗ്രാന്‍ഡ് വരുമെന്നോ ഇല്ലയെന്നോ സാംസങ് കമ്പനി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഗ്രാന്‍ഡ് 17 ന് തന്നെ ഇന്ത്യയിലെത്തുമെന്നാണ് ഗാഡ്ജറ്റ് പണ്ഡിതര്‍ പ്രവചിക്കുന്നത്.


ഡിസംബര്‍ 18 ന് തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഗാലക്‌സി ഗ്രാന്‍ഡിന്റെ പിറവി സാംസങ് ഔദ്യോഗികമായി അറിയിച്ചത്. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവത്തിക്കുന്ന ഗ്രാന്‍ഡില്‍ അഞ്ച് ഇഞ്ച് വിസ്താരമുള്ള സ്‌ക്രീനാണുണ്ടാകുക. സ്‌ക്രീന്‍ റിസൊല്യൂഷന്‍ 800 X 480 പിക്‌സല്‍സ്.

എട്ട് മെഗാപിക്‌സലിന്റെ പ്രധാനക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ രണ്ടാം ക്യാമറയും ഫോണിലുണ്ടാകും. എട്ട് ജി.ബി. ഇന്റേണല്‍ മെമ്മറി, 1.2 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍. സിംഗിള്‍ സിം, ഡ്യുവല്‍ സിം വെര്‍ഷനുകളിലെത്തുന്ന ഗ്രാന്‍ഡിന്റെ ഡ്യുവല്‍ സിം വെര്‍ഷനാണ് ആദ്യം അവതരിപ്പിക്കുകയെന്നും സാംസങ് വ്യക്തമാക്കിയിട്ടുണ്ട്.

ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഗാലക്‌സി ഫോണായിരിക്കും ഗ്രാന്‍ഡ്. ഗാലക്‌സി എസ് 3, നോട്ട് എന്നീ മോഡലുകള്‍ക്ക് ജെല്ലിബീന്‍ വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുളള ഓപ്ഷന്‍ കമ്പനി നല്‍കിയിരുന്നു.

ഗ്രാന്‍ഡിന് അഞ്ചിഞ്ച് വലിപ്പമുളള സ്‌ക്രീനാണെന്നതും സാംസങ് ആരാധകരുടെ ആവേശം വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍ നന്നായി വിറ്റുപോകുന്ന മോഡലായ ഗാലക്‌സി എസ് 3 യുടെ സ്‌ക്രീന്‍വലിപ്പം 4.8 ഇഞ്ചാണ്. സാംസങിന്റെ ഭീമന്‍ മോഡലായ നോട്ടിന്റെ സ്‌ക്രീനാകട്ടെ 5.29 ഇഞ്ചും. നോട്ടിനും ഗാലക്‌സി എസ് 3 യ്ക്കും ഇടയിലാകും ഗാലക്‌സി ഗ്രാന്‍ഡിന്റെ സ്‌ക്രീന്‍ വലിപ്പമെന്നര്‍ഥം.
TAGS:
samsung  |  galaxy grand  |  smartphones  |  android phones  |  indian market 


Stories in this Section