ബാഴ്‌സലോണയില്‍ 2012 ഫിബ്രവരി അവസാനം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലെ താരങ്ങളിലൊന്ന് സാംസങിന്റെ ഗാലക്‌സി ബീം പ്രൊജക്ടര്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയിരുന്നു. ആദ്യ 'ആന്‍ഡ്രോയിഡ് പ്രൊജക്ടര്‍ ഫോണ്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗാലക്‌സി ബീം ഇന്ത്യന്‍ വിപണിയിലും എത്തിയിരിക്കുന്നു-വില 30,000 രൂപ.
ഒരേസമയം സ്മാര്‍ട്ട്‌ഫോണും പ്രൊജക്ടറുമായി പ്രവര്‍ത്തിക്കുന്ന ഉപകരണം എന്നത് പുതിയ ആശയമല്ലെങ്കിലും, ഒരു മുഖ്യധാരാ ഫോണില്‍ അത് ആദ്യമായി യാഥാര്‍ഥ്യമായത്
ഗാലക്‌സി ബീമിലാണ്.
ആന്‍ഡ്രോയിഡ് 2.3 (ജിഞ്ചര്‍ബ്രഡ്) വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ബീമിലുള്ളത് 15 ലൂമെന്‍ (15
lumen) ഡിജിറ്റല്‍ ലൈറ്റ് പ്രൊജ്ക്ടര്‍ (DLP) ആണ്. രണ്ടുമീറ്റര്‍ അകലെ 50 ഇഞ്ച് വലിപ്പത്തിലും 360പി വ്യക്തതയിലുമുള്ള ദൃശ്യങ്ങള്‍ പ്രൊജക്ട് ചെയ്യാന്‍ ഗാലക്‌സി ബീമിനാകും. ഫോണിനെ ആന്‍ഡ്രോയിഡ് 4.0 (ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്) വേര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുമെന്ന് സാംസങ് പറയുന്നു.
ഗാലക്‌സി ബീമിന്റെ നാലിഞ്ച് മള്‍ട്ടിടച്ച് കപ്പാസിറ്റീവ് എല്‍സിഡി സ്‌ക്രീനിന് 800 ഗുണം 480 റിസല്യൂഷനാണുള്ളത്. 1GHz ഡ്യുവല്‍-കോര്‍ പ്രൊസസറുള്ള ഈ ഫോണിന് 768 എംബി റാം ഉണ്ട്. 145 ഗ്രാം ഭാരമുള്ള ഫോണിന്റെ കനം 12.5 മില്ലിമീറ്റര്‍.
അഞ്ച് മെഗാപിക്‌സല്‍ ക്യാമറയുള്ള ഗാലക്‌സി ബീം ഉപയോഗിച്ച് 720പി വീഡിയോ പിടിക്കാം. വീഡിയോ ചാറ്റിങിനായി 1.3 എംപി ഫ്രണ്ട്ക്യാമറയുമുണ്ട്. 8 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണില്‍ 32 ജിബി മൈക്രോഎസ്ഡി സ്ലോട്ടുമുണ്ട്.
പ്രോജക്ടര്‍ ഉപയോഗിക്കുമ്പോള്‍ ഗാലക്‌സി ബീമില്‍ മൂന്നു മണിക്കൂര്‍ ബാറ്ററി ആയുസ്സ് ലഭിക്കുമെന്ന് സാംസങ് അവകാശപ്പെടുന്നു. 2ജി ടോക്ക്‌ടൈം 20 മണിക്കൂറും. യഥാര്‍ഥത്തില്‍ ഗാലക്‌സി ബീമിന്റെ റീട്ടെയ്ല്‍ പാക്കേജില്‍ ഒരു ബാറ്ററി കൂടിയുണ്ട്. രണ്ടു ബാറ്ററിയുടേയും കൂടി ബാക്കപ്പാണ് പ്രൊജക്ടര്‍ ഉപയോഗിക്കുമ്പോള്‍ മൂന്നു മണിക്കൂര്‍ എന്നത്. ഒരു ബാറ്ററിക്ക് ഒന്നര മണിക്കൂര്‍ വീഡിയോ പ്രൊജക്ട് ചെയ്യാനുള്ള ബാക്കപ്പേ ലഭിക്കൂ എന്നുസാരം.
ഗൂഗിള്‍ പ്ലേ (Google Play) വഴി അസംഖ്യം ആപ്ലിക്കേഷനുകളും ഗാലക്‌സി ബീമിന് ലഭ്യമാണ്.
പ്രൊജക്ടര്‍ ഫോണ്‍ രംഗത്ത് ഇതുവരെ സാന്നിധ്യമുണ്ടാക്കിയത് ചെലവുകുറഞ്ഞ ഫോണുകള്‍ വിപണിയിലെത്തിക്കുന്ന ഇന്‍ഡക്‌സ്, സ്‌പൈസ്, മൈക്രോമാക്‌സ് എന്നിങ്ങനെയുള്ള കമ്പനികളാണ്. ആ രംഗത്തേക്കാണ് സാംസങിനെപ്പോലൊരു ആഗോളഭീമിന്‍ ഇപ്പോള്‍ ചുവടുവെച്ചിരിക്കുന്നത്.