യു.എസില്‍ എറിക്‌സനെ നിരോധിക്കണമെന്ന് സാംസങ്

Posted on: 27 Dec 2012



പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ എറിക്‌സണ്‍ കമ്പനിയുടെ ഉപകരണങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും വിലക്കണമെന്നാവശ്യപ്പെട്ട്, യു.എസ്. ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന് (ഐ.ടി.സി) സാംസങ് പരാതി നല്‍കി. തങ്ങളുടെ ഏഴ് പേറ്റന്റുകള്‍ എറിക്‌സണ്‍ ലംഘിക്കുന്നതായി സാംസങ് ആരോപിച്ചു.

ചില സാംസങ് ഉപകരണങ്ങളുടെ വില്‍പ്പന യു.എസില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നവംബറില്‍ ഐ.ടി.സിയെ എറിക്‌സണ്‍ സമീപിച്ചിരുന്നു. തങ്ങളുടെ ചില പേറ്റന്റുകള്‍ സാംസങ് ലംഘിക്കുന്നുവെന്നാണ് എറിക്‌സന്റെ ആരോപണം. എറിക്‌സന്റെ നീക്കത്തെ ചെറുക്കാനുള്ളതാണ് സാംസങിന്റെ പരാതിയെന്ന് വിലയിരുത്തപ്പെടുന്നു.

സ്വീഡിഷ് കമ്പനിയായ എറിക്‌സന് പേറ്റന്റുള്ള ചില സങ്കേതങ്ങള്‍ ലൈസന്‍സോടു കൂടി സാംസങ് അതിന്റെ ഉപകരണങ്ങളില്‍ ഉപയോഗിച്ചിരുന്നു. ലൈസന്‍സ് പുതുക്കുന്നതില്‍ ഇരുകമ്പനികളും പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണം. രണ്ടുമാസം ചര്‍ച്ച ചെയ്തിട്ടും ലൈസന്‍സിന്റെ കാര്യത്തില്‍ ധാരണയിലെത്താന്‍ ഇരുകൂട്ടര്‍ക്കും സാധിച്ചില്ല.

പേറ്റന്റുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കണമെന്ന് സാംസങ് ആവശ്യപ്പെട്ടതായും, എന്നാല്‍ എറിക്‌സണ്‍ വളരെ ഉയര്‍ന്ന ലൈസന്‍സ് നിരക്കാണ് ആവശ്യപ്പെടുന്നതെന്ന് സാംങും പരസ്പരം കുറ്റപ്പെടുത്തുന്നു.

ടെലികമ്മ്യൂണിക്കേഷന്‍സ് രംഗത്ത് ആദ്യകാലത്ത് ഒട്ടേറെ മുന്നേറ്റങ്ങള്‍ക്ക് കാരണമായ കമ്പനിയാണ് എറിക്‌സണ്‍. ആയിരക്കണക്കിന് പേറ്റന്റുകള്‍ എറിക്‌സന്റെ പക്കലുള്ളത്, ഇന്ന് ആഗോള കമ്മ്യൂണിക്കേഷന്‍ രംഗത്ത് ഉപയോഗിത്തിലുണ്ട്.

സാംസങിനെപ്പോലുള്ള കമ്പനികളുടെ പല ഉത്പന്നങ്ങളുടെയും കാര്യത്തില്‍ എറിക്‌സന്റെ പേറ്റന്റുകള്‍ നിര്‍ണായകമാണ്. അത്തരം പേറ്റന്റുകളുള്ള കമ്പനികള്‍ മറ്റുള്ളവയുമായി ലൈസന്‍സ് കരാറിലേര്‍പ്പെടുകയാണ് പതിവ്. പേറ്റന്റുള്ള സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ പേറ്റന്റ് ഉടമയ്ക്ക് അവര്‍ റോയല്‍റ്റി നല്‍കും.

ഏതാണ്ട് നൂറിലോറെ ലൈസന്‍സ് കരാറുകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മാത്രം 93.8 കോടി ഡോളര്‍ ആണ് എറിക്‌സന് വരുമാനം ലഭിച്ചത്.

പേറ്റന്റിന്റെ പേരില്‍ വിവിധ കമ്പനികള്‍ തമ്മില്‍ പോര് മുറുകുന്നതിനിടെയാണ്, ലൈസന്‍സ് കരാറിന്റെ പേരില്‍ എറിക്‌സണും സാംസങും തെറ്റിയിരിക്കുന്നത്.

കാണുക -

TAGS:
samsung  |  ericsson  |  mobile market  |  patent issue 


Stories in this Section