സ്മാര്‍ട്ട് ഫോണുകളും ത്രിഡിയാകുന്നു

Posted on: 09 May 2010


-ജോസഫ് ആന്റണി





ത്രിഡിയിലാണ് ഭാവിയെന്ന് സിനിമരംഗം മനസിലാക്കിക്കഴിഞ്ഞു. ടെലിവിഷനും ത്രിഡിയിലേക്ക് ചുവടു മാറുകയാണ്. സ്‌കൈ കമ്പനി യൂറോപ്പിലെ ആദ്യ ത്രിഡി ടിവി ചാനല്‍ രംഗത്തെത്തിച്ചു കഴിഞ്ഞു. ഇ.എസ്.പി.എന്‍. ചാനലിന്റെ ത്രിഡി ടെലിവിഷന്‍ സര്‍വീസ് അടുത്ത മാസം തുടങ്ങിയേക്കും. ത്രിഡി പുസ്തകങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഒരുസംഘം ദക്ഷിണകൊറിയന്‍ ഗവേഷകര്‍. കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍, മൊബൈല്‍ ഫോണുകള്‍ മാത്രമെന്തിന് മാറിനില്‍ക്കണം? അതിന്റെ ആവശ്യമില്ല. ഭാവിയില്‍ സ്മാര്‍ട്ട് ഫോണുകളായേക്കും ത്രിഡി രംഗത്തെ കീഴടക്കുക.

സാംസങ് കമ്പനിയുടെ ഫോണ്‍ മോഡലായ ബി 710 (B710) ന്റെ കാര്യം പരിഗണിക്കുക. കാഴ്ചയില്‍ സാധാരണ സ്മാര്‍ട്ട് ഫോണായ ഇത്, നേരെ പിടിക്കുന്നതിന് പകരം കുറുകെ പിടിച്ചാല്‍ അപ്രതീക്ഷിതമായ ഒന്ന് സംഭവിക്കും. ദൃശ്യങ്ങള്‍ ദ്വിമാനത്തില്‍ നിന്ന് ത്രിമാനരൂപത്തിലേക്ക് മാറും! 'ഡൈനാമിക് ഡിജിറ്റല്‍ ഡെപ്ത്' എന്ന കമ്പനി രൂപപ്പെടുത്തിയ സോഫ്ട്‌വേറാണ് ബി 710 ഫോണിനെ ഇത്തരത്തില്‍ ദൃശ്യവിസ്മയമാക്കി മാറ്റുന്നത്. മാത്രമല്ല, ത്രിഡി സങ്കേതത്തിലെ ഏറ്റവും വലിയ ദുര്‍ഘടം ഇല്ലാതാക്കാനും ഈ സോഫ്ട്‌വേര്‍ സഹായിക്കുന്നു: ത്രിഡി ദൃശ്യങ്ങള്‍ അനുഭവേദ്യമാകാന്‍ കണ്ണട വേണ്ട! സംസങ് തന്നെ മാര്‍ച്ചില്‍ ദക്ഷിണകൊറിയയില്‍ പുറത്തിറക്കിയ ഡബ്ല്യു 960 (W960) എന്ന മോഡല്‍ ത്രിഡികണ്ണട കൂടാതെ ത്രിമാനരൂപത്തില്‍ വീഡിയോദൃശ്യങ്ങള്‍ കാണാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ഫോണാണ്.



ഒരേ ദൃശ്യം തന്നെ നമ്മുടെ രണ്ടു നേത്രങ്ങളും ലേശം വ്യത്യസ്തമായാണ് കാണുന്നത്. രണ്ടു നേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന വ്യത്യസ്തദൃശ്യങ്ങള്‍ തലച്ചോറിലെത്തും. ആ ദൃശ്യങ്ങള്‍ മസ്തിഷ്‌ക്കം സംയോജിപ്പിക്കുമ്പോഴാണ് ത്രിമാനരൂപത്തില്‍ നമ്മള്‍ വസ്തുക്കളെ കാണുന്നത്. ത്രിഡി സിനിമകളുടെ കാര്യത്തില്‍ കണ്ണട വെച്ചാണ് വ്യത്യസ്ത ദൃശ്യങ്ങള്‍ സാധ്യമാക്കുന്നതും, അത് തലച്ചോറില്‍ വെച്ച് സംയോജിപ്പിച്ച് ത്രിഡി അനുഭവം സൃഷ്ടിക്കുന്നതും.

എന്നാല്‍, ഇതില്‍ നിന്നു വ്യത്യസ്തമാണ് കണ്ണടയില്ലാതെ ത്രിഡി അനുഭവം സൃഷ്ടിക്കാനുള്ള ശ്രമത്തിലേത്. ദ്വിമാനദൃശ്യത്തെ നേരിയ വ്യത്യാസമുള്ള രണ്ട് ദൃശ്യങ്ങളാക്കി പരിവര്‍ത്തനം ചെയ്യുകയാണ് ഡിജിറ്റല്‍ ഡെപ്തിന്റെ സോഫ്ട്‌വേര്‍ ചെയ്യുക. ആ ദൃശ്യങ്ങളെ കാണുന്നയാളുടെ തലച്ചോര്‍ കൂട്ടി യോജിപ്പിക്കുമ്പോള്‍ ത്രിമാന അനുഭവം ലഭിക്കുന്നു. ദ്വിമാന രൂപത്തിലുള്ള ഗെയിമുകള്‍ ത്രിമാനരൂപത്തിലാക്കന്‍ പാകത്തില്‍ തങ്ങളുടെ സോഫ്ട്‌വേര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പരിഷ്‌ക്കരിക്കാനാകുമെന്നാണ് ഡിജിറ്റല്‍ ഡെപ്തിന്റെ കണക്കുകൂട്ടലെന്ന്, 'ടെക്‌നോളജി റിവ്യു' റിപ്പോര്‍ട്ടു ചെയ്യുന്നു.


കണ്ണടയില്ലാതെ ദൃശ്യങ്ങളെ ത്രിമാനരൂപത്തിലാക്കാന്‍ സഹായിക്കുന്ന സങ്കേതം ചെറിയ പരിധിയിലുള്ള ദൃശ്യകോണുകളിലാണ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുക. അതിനാല്‍ സിനിമ, ടെലിവിഷന്‍ മുതലായ മാധ്യമങ്ങളില്‍ ഇത് കാര്യമായ ഫലം ചെയ്‌തെന്നു വരില്ല. കാരണം വലിയ ദൃശ്യങ്ങള്‍ ഒട്ടേറെപ്പേര്‍ക്ക് കാണേണ്ട സാഹചര്യത്തില്‍ ചെറിയ ദൃശ്യകോണുകള്‍ പ്രായോഗികമായേക്കില്ല എന്നതു തന്നെ. എന്നാല്‍, ഫോണിന്റെ കാര്യത്തില്‍ ദൃശ്യം ചെറുതാണെന്നു മാത്രമല്ല, മിക്കവാറും ഒരാള്‍ക്ക് മാത്രം അത് കണ്ടാല്‍ മതി എന്ന സൗകര്യവുമുണ്ട്. അതിനാല്‍, ത്രിഡി ശരിക്കും വിജയിക്കുക സ്മാര്‍ട്ട് ഫോണുകളിലാകും എന്നാണ് വിലയിരുത്തല്‍.

സാംസങ് അതിന്റെ ബി 710 മോഡല്‍ ദക്ഷിണകൊറിയയില്‍ പുറത്തിറക്കിയത് 2007-ലാണ്. പക്ഷേ, അത് വിപണിയില്‍ അത്ര സാന്നിധ്യം സൃഷ്ടിച്ചില്ല. ത്രിഡി സങ്കേതം പക്ഷേ, ഇപ്പോള്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു. വിവിധ മാധ്യമങ്ങള്‍ ത്രിഡിയെ പുല്‍കാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഡബ്ല്യു 960 എന്ന ത്രിഡി സ്മാര്‍ട്ട് ഫോണ്‍ മോഡല്‍ സാംസങ് രംഗത്തെത്തിച്ചിരിക്കുന്നത്. ഡൈനാമിക് ഡിജിറ്റല്‍ ഡെപ്ത് രൂപപ്പെടുത്തിയ ത്രിഡി പ്രോഗ്രാമുകളുടെ ലൈസന്‍സുകള്‍ ഈ ഫോണിനായി സാംസങ് സ്വന്തമാക്കുകയും ചെയ്തു.

ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഫിന്നിഷ് കമ്പനി നോക്കിയ ത്രിഡി സ്മാര്‍ട്ട് ഫോണ്‍ രൂപപ്പെടുത്തുന്ന കാര്യം 2009 സപ്തംബര്‍ ആദ്യം വെളിപ്പെടുത്തിയിരുന്നു. കണ്ണടയില്ലാതെ തന്നെ ത്രിഡി അനുഭവം പ്രദാനം ചെയ്യുന്ന ഫോണാണ് തങ്ങള്‍ നിര്‍മിക്കുന്നതെന്നും നോക്കിയ വ്യക്തമാക്കിയിരുന്നു. 2018 -ഓടെ ലോകത്ത് 710 ലക്ഷം ത്രിഡി ഫോണുകള്‍ ഉണ്ടാകുമെന്നാണ്, ഗവേഷണ സ്ഥാപനമായ 'ഡിസ്‌പ്ലേ സെര്‍ച്ച്' വിലയിരുത്തുന്നത്.



പുതിയ തലമുറ ത്രിഡി മൊബൈല്‍ ഫോണുകള്‍ക്ക് ചേര്‍ന്ന തരത്തിലുള്ള എല്‍.സി.ഡി. സ്‌ക്രീന്‍ (LCD Screen) ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഷാര്‍പ്പ് അവതരിപ്പിച്ചത് കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ്. കണ്ണടയില്ലാതെ തന്നെ ത്രിമാനദൃശ്യങ്ങള്‍ കാണാന്‍ അവസരമൊരുക്കുന്ന മൂന്നിഞ്ച്് സ്‌ക്രീനാണത്. ഒരു ത്രിമാന ഫോട്ടോയില്‍ നിന്ന് മറ്റൊന്നിലേക്ക് പോകാന്‍ സഹായിക്കുന്ന ടച്ച്-പാനല്‍ സ്‌ക്രീനും കമ്പനി അവതരിപ്പിച്ചു. മൊബൈല്‍ ഫോണുകളില്‍ മാത്രമല്ല, ഇലക്ട്രോണിക് ഡിക്ഷ്ണറികളിലും ഡിജിറ്റല്‍ ക്യാമറകളിലുമൊക്കെ ഉപയോഗിക്കാന്‍ സഹായിക്കുന്ന സങ്കേതങ്ങളാണ് ഇവ.









Stories in this Section