പേറ്റന്റ് പ്രശ്‌നം : ഗാലക്‌സി എസ് 3 യില്‍ നിന്ന് ഗൂഗിള്‍ ലോക്കല്‍ സെര്‍ച്ച് ഒഴിവാക്കി
ആപ്പിളുമായുള്ള പേറ്റന്റ് തര്‍ക്കത്തിന്റെ ഭാഗമായി തങ്ങളുടെ സൂപ്പര്‍ഫോണായ ഗാലക്‌സി എസ് 3 യില്‍ 'ഗൂഗിള്‍ ലോക്കല്‍ സെര്‍ച്ച്' സാംസങ് ഒഴിവാക്കി. പുതിയൊരു സോഫ്ട്‌വേര്‍ അപ്‌ഡേറ്റ് വഴിയാണ് സാംസങ് ഇത് ചെയ്തരിക്കുന്നത്.
അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ, കോണ്‍ടാക്ടുകളോ, ആപ്ലിക്കേഷനുകളോ (apps), ഫോണിലുള്ള മറ്റ് ഉള്ളടക്കങ്ങളോ സെര്‍ച്ച് ചെയ്യാന്‍ കഴിയാതെ വരും. ഫോണിലുള്ള വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാനായി ഗൂഗിള്‍ വികസിപ്പിച്ച സോഫ്ട്‌വേര്‍ (ഗൂഗിള്‍ ലോക്കല്‍ സെര്‍ച്ച്) പ്രവര്‍ത്തനരഹിതമാകും.
ആന്‍ഡ്രോയിഡ് സെന്‍ട്രല്‍ (Android Central) ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. സാംസങ് ഇതെപ്പറ്റി ഉപഭോക്താക്കളെ അറിയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഐഫോണിലെ സിരി (Siri) സര്‍വീസിനായി വികസിപ്പിച്ച
സെര്‍ച്ച് സങ്കേതത്തിന്റെ പേറ്റന്റ്, ഗാലക്‌സി എസ് 3 യിലെ ലോക്കല്‍ സെര്‍ച്ച് ലംഘിക്കുന്നതായി ആപ്പിള്‍ പറയുന്നു.
പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ സാസംങിന്റെ മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ
ഗാലക്‌സി നെക്‌സസിന് യു.എസില്‍ തത്ക്കാലത്തേക്ക് വില്‍പ്പന നിരോധം ഏര്‍പ്പെടുത്താന്‍ ആപ്പിളിന് കഴിഞ്ഞിരുന്നു.
സാംസങിന്റെ ഗാലക്‌സി ടാബ് 10.1 ഐപാഡിന്റെ ഡിസൈന്‍ മോഷ്ടിച്ചെന്നാരോപിച്ച് ആപ്പിള്‍ നല്‍കിയ കേസില്‍,
ഗാലക്‌സി ടാബിന്റെ വില്‍പ്പന അമേരിക്കയില്‍ തത്ക്കാലത്തേക്ക് വിലക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സാംസങിന്റെ പുതിയ നടപടി.
യഥാര്‍ഥത്തില്‍ പുതിയ അപ്‌ഡേറ്റ് വഴി ഗാലക്‌സി എസ് 3 യെ മെച്ചപ്പെടുത്തുകയല്ല സാംസങ് ചെയ്തിരിക്കുന്നത്. അതിന്റെ നിലവിലുള്ള ഒരു കഴിവ് ഇല്ലാതാക്കുകയാണ്.
ആപ്പിളുമായുള്ള പേറ്റന്റ് തര്‍ക്കത്തില്‍ ഒരു മുന്‍കരുതലെന്ന നിലയ്ക്കാണ് സാംസങിന്റെ ഈ നടപടിയെന്ന്, പേറ്റന്റ് നിയമരംഗത്തെ വിദഗ്ധര്‍ കരുതുന്നു. ഇതെപ്പറ്റി സാംസങിന്റെ പ്രതികരണം അറിവായിട്ടില്ല.
ഗാലക്‌സി എസ് 3 ഫോണിന്റെ വില്‍പ്പന ഒരു കോടി കവിഞ്ഞുവെന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. സാംസങുമായുള്ള പേറ്റന്റ് തര്‍ക്കത്തില്‍, ആപ്പിളിന്റെ യഥാര്‍ഥ ഉന്നം ഗാലക്‌സി എസ് 3 ആണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.