കര്‍ഷകര്‍ക്ക് തുണയാകാന്‍ ഉരുളുന്ന റോബോട്ട്

Posted on: 25 Jun 2013




വിശാലമായ കൃഷിയിടങ്ങളില്‍ സഞ്ചരിച്ച് വിളകളുടെ സ്ഥിതിയും മണ്ണിന്റെ അവസ്ഥയുമൊക്കെ മനസിലാക്കി, ഉടമസ്ഥര്‍ക്ക് ആ വിവരം എത്തിച്ചുകൊടുക്കുന്ന റോബോട്ട് ഉണ്ടെങ്കില്‍ എന്ത് ഉപകാരമാകുമായിരുന്നു അല്ലേ. സ്‌പെയിനിലെ ഒരുസംഘം ഗവേഷകര്‍ ഇത്തരമൊരു റോബോട്ടിന് രൂപംനല്‍കിയിരിക്കുകയാണ്.

പുതിയ റോബോട്ടിന്റെ ഏറ്റവും വലിയ സവിശേഷത അതിന് കാലോ, കൈയോ, ചക്രങ്ങളോ ഒന്നുമില്ല എന്നതാണ്. പകരം ഗോളാകൃതിയിലുള്ള റോബോട്ടാണിത്! കൃഷിയിടങ്ങളിലെ അതിന്റെ സഞ്ചാരം ഉരുളുകയെന്നതാണ്.

മാഡ്രിഡ് ടെക്‌നിക്കല്‍ സര്‍വകലാശാല (യുപിഎം) യിലെ ഗവേഷകരുടെ ആശയമാണ് 'റോസ്ഫിയര്‍' ( Rosphere ) എന്ന ഉരുളുന്ന റോബോട്ട്. ചെറിയ പെന്‍ഡുലങ്ങളടങ്ങിയ ഒരു സംവിധാനത്തിന്റെ ഗുരുത്വകേന്ദ്രത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് റോസ്ഫിയര്‍ സഞ്ചരിക്കുക.

മുന്നോട്ടാണ് റോസ്ഫിയര്‍ പ്രധാനമായും സഞ്ചരിക്കുന്നത് എങ്കിലും, വശങ്ങളിലേക്ക് തിരിയാനും ദിശമാറ്റാനുമൊക്കെ അതിന് സാധിക്കും. റോസ്ഫിയറിന്റേത് 'മെക്കാട്രോണിക് ചലനം' ( mechatronic motion ) എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

വളരെ വലിയ കൃഷിയിടങ്ങളില്‍ ചെടികള്‍ക്ക് പ്രശ്‌നവുമുണ്ടാക്കാതെ സ്വയംസഞ്ചരിച്ച് വിളകളുടെ അവസ്ഥയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്നതാണ് ഈ റോബോട്ടിന്റെ ഒരു ഉപയോഗമായി ഗവേഷകര്‍ കാണുന്നത്. മാത്രമല്ല, മണ്ണിന്റെ അവസ്ഥ അറിയാനും റോബോട്ടിന്റെ സഹായം തേടാനാകും.

റോസ്ഫിയറിന്റെ ആദ്യരൂപമാണ് ഗവേഷകര്‍ ഇപ്പോള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. റോബോട്ടിന്റെ ചലനങ്ങളും പ്രവര്‍ത്തനവും ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ഇനി ഗവേഷകര്‍ നടത്തുക.

TAGS:
rosphere  |  rolling robot  |  farming technology  |  robotics  |  innovation 


Stories in this Section